അങ്ങനെ ആ കൊറോണ കാലത്ത്..

ഇസു

പതിവു പോലെ രാവിലെ 9മണിക്ക് ഉറങ്ങി എണീറ്റു.. ഈ സമയം തെരഞ്ഞെടുക്കാൻ കാരണം ഇത്തിരി ലാഭത്തിനു വേണ്ടിയാണ്.. ഇതാകുമ്പോ ഒന്നുകിൽ ബ്രേക്ഫാസ്റ് അല്ലെങ്കിൽ ചായയിൽ മുക്കി ഒന്ന് രണ്ട് ബിസ്ക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് മതി.

പത്ര വായന ശീലമില്ലാത്തത് കൊണ്ട് തന്നെ പത്രം വെക്കുന്ന ടേബിൾ തിരിഞ്ഞു പോലും നോക്കാതെ വീണ്ടും റൂമിലേക്ക്.. തന്റെ കട്ടിലിൽ കിടന്ന് ഫോണും നോക്കി ഉരുണ്ട് മറിഞ്ഞ് സമയം നോക്കിയപ്പോൾ 10പോലും ആയില്ല..

അനുരാഗത്തിന്റെ അനന്ത സീമയിലേക്ക് അലിഞ്ഞു ചേർക്കുന്ന ഗസൽ വെച് പതിവ് പോലെ എന്തെല്ലോ നടക്കാത്ത സ്വപ്നങ്ങളിലേക്ക് ചിന്തയെ പറഞ്ഞു വിട്ടു.. ഒരു കോളേജ് കാരിയെ വളക്കണം അതാണ് ഏറ്റവും മുന്തിയ സ്വപ്നം.. അങ്ങനെ ഒരുത്തിയെ കിട്ടിയാൽ മിണ്ടിയും പറഞ്ഞും സമയം പോകുന്നതറിയില്ല..

ഫേസ്ബുക്കിൽ കയറി ഇതുവരെയും റിക്വസ്റ്റ് കൊടുത്തിട്ടില്ലാത്ത പെൺ നാമങ്ങൾ ഒക്കെ തിരഞ്ഞു പിടിച്ചു റിക്വസ്റ്റ് അയച്ചു.. ഇങ്ങോട്ട് വന്ന ആൺ അപേക്ഷകൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ തള്ളി കളഞ്ഞ് പെൺ നാമങ്ങളെ ഉമ്മ വെച് സ്വീകരിച്ചു മധുരമുള്ള സ്വപ്നങ്ങളിലേക്ക് അലിഞ്ഞു ചേർന്ന്.. ഇവയിലേതെങ്കിലും എന്റെ സ്വന്തം മാത്രമായിരിക്കുമെന്ന് ദിവാ സ്വപ്നം കണ്ടു.. ഇൻബോക്സിൽ കയറി താനയച്ച തേനൂറുന്ന മെസ്സേജുകൾക്ക് തരുണീ മണികൾ ആരെങ്കിലുമൊക്കെ മറുപടി തന്നിട്ടുണ്ടോ എന്ന് നോക്കി പതിവ് പോലെ അവരെ ജാഡ തെണ്ടികൾ എന്ന് വിളിച്ച് സ്വയം ആശ്വാസം കൊണ്ടു.. ഇന്നലെ പോസ്റ്റിയ i miss you എന്ന പോസ്റ്റിന് കൂടുതലും കിട്ടിയ നിനക്കു അങ്ങനെ തന്നെ വേണമെടാ കാട്ടു കോഴി എന്ന മറുപടിയും നോക്കി ഞാൻ സ്വയമൊന്ന് ആലോചിച്ചു അത്രക്കും കോഴിയാണോ ഞാൻ.. ഏയ്‌ അങ്ങനെയൊന്നുമുണ്ടാകില്ല.. സമയ സൂചി അപ്പോഴേക്കും 11കഴിഞ്ഞിരുന്നു.. ഞാൻ മയക്കത്തിലേക്കും വീണു..

ഠപ്പേ! ചന്തി പുറത്തു അടി ചൂടുള്ള അടി വീണപ്പോൾ ആണ് നേരം 2മണി ആയെന്നും വേണമെങ്കിൽ പോയി ചോർ കഴിക്കേടാ എന്ന പതിവ്‌ പല്ലവിയും കേട്ടത്..

അങ്ങനെ ചോറും കഴിച് വീണ്ടും പ്രിയപ്പെട്ട കട്ടിലിലേക്ക്.. ഈ കുരിപ്പ് എന്നെയും കൊണ്ടേ പോകൂ എന്ന കട്ടിലിന്റെ ശാപ വാക്ക് കേൾക്കാത്ത പോലെ ഞാൻ അമർന്നങ് കിടന്നു.. fb തുറന്ന് തരുണീ മണികളുടെ ഫോട്ടോയിൽ നോക്കി കാണാൻ ഒരു മെനയും ഇല്ലെങ്കിലും കിടു എന്ന കമെന്റും കൊടുത്തു അവളുടെ ഒരു ലൈക്കോ താങ്ക്‌സോ കിട്ടിയാൽ അതിൽ പിടിച്ചു തൂങ്ങി ഒന്ന് രണ്ട് ദിവസം കഴിച്ചു കൂട്ടാം എന്നും ചിന്തിച്ചു വേറെ എതെല്ലൊ പെണ്ണിന്റെ പോസ്റ്റും നോക്കി ഞാൻ fb യിൽ വീണ്ടും അലഞ്ഞു.. അപ്പോഴേക്കും വീണ്ടും ഉറങ്ങി..

വീണ്ടും ഉറങ്ങി എണീക്കുമ്പോഴേക്ക് സമയം 6മണി.. പിന്നീടുള്ള ചിന്ത കുളിക്കണോ വേണ്ടയോ എന്നായിരുന്നു.. ഇനിയിപ്പോ കുളിച്ചില്ലെങ്കിൽ ആരറിയാനാ കുളിക്കണ്ട നാളെ ഒരു ഒന്നൊന്നര കുളി പാസ്സാക്കാം എന്ന തീരുമാനവും എടുത്ത് ചായ കുടിക്കാൻ തുടങ്ങി.. ഇനിയുള്ള സമയം ടിക്കറ്റോക് വീഡിയോ കാണാനുള്ളതാണ്.അതാണ് ഇപ്പോ ശീലം.. കണ്ട ചവറും വെറുപ്പിക്കലും ഒലിപ്പിക്കലും കിടിലോൽക്കിഡിലൻ ഐറ്റങ്ങളും ചേർന്ന ടിക്കറ്റോക്കിന്റെ ലോകം പലപ്പോഴും ഈയുള്ളവനെയും കൊതിപ്പിച്ചതാണ്.. ലൈകും ഫോള്ളോവെറും ആരുമില്ലാത്ത tiktok അക്കൗണ്ടിൽ കയറി നിരാശയോടെ 2ഡയലോഗും വിട്ട് സ്മുളിലേക്ക്.. ആരോ ഈണമിട്ട് പാടിയ പാട്ടിന്റെ കൂടെ ഡ്യൂറ്റ് ചേർന്ന് കുളമാക്കി വെച് ഓഫ് ചെയ്ത് സമയം നോക്കുമ്പോൾ 8ൽ എത്തിയിരിക്കുന്നു ..

രാത്രി ഭക്ഷണവും കഴിച് ഉറങ്ങാൻ കിടന്നപ്പോ ആണ് വയറിനൊരു അസ്വസ്ഥത.. ഇന്ന് കക്കൂസിൽ പോയില്ലല്ലോ എന്ന് ചിന്തിക്കുമ്പോഴേക്ക് അസ്വസ്ഥത അതിന്റെ അതിർ വരമ്പും ലംഘിക്കാൻ ആയിരുന്നു.. ഓടി പോയി കക്കൂസിൽ ഇരുന്ന് പരിപാടിയും തീർത്ത് ഈയുള്ളവൻ ഇങ്ങനൊരു ചിന്തയും പാസ്സാക്കി തിരിച്ചു വന്നു .. “തൂറാൻ മുട്ടുമ്പോൾ തൂറാൻ പറ്റുന്ന സുഗം നല്കാൻ ഒരു ടെക്നോളജിക്കും കഴിഞ്ഞിട്ടില്ല ” ഉറങ്ങുന്നു..

ശുഭം !!


FacebookWhatsApp