സർവ്വംസഹയായി മാറോടു ചേർക്കുന്ന
ഭഗവതിയായൊരു ഖഗവതി നീ.
ആദിയുമന്തവും നിൻ മടിത്തട്ടിലായ്
അടിമുടി നിന്നിലായ് അർച്ചനയായ്.
സർവ്വചരാചരങ്ങൾക്കമ്മയായി
പാലമൃതൂട്ടി നീ തേൻ ചുരത്തി.
കളകളമൊഴുകുന്ന പുഴകളാം സഖികളും
കിളികുലജാലവും നിൻ സതീർത്ഥ്യർ.
മാമലക്കാട്ടിലെ തേവരും കൂട്ടരും
മാമ്പൂമണമൂറും തെന്നൽ തലോടലും.
സാഗരം സാക്ഷിയായ് നിന്നെയുഴിയുന്നു
മാതേ നീ കാക്കുന്നു എന്നുമെന്നും.
എത്ര കടപ്പെടും നിൻ സവിധത്തിങ്കൽ
വന്നണഞ്ഞാപ്പാദപൂജ ചെയ്യാൻ.
നന്ദിയേകി പറയാനോ പോര ഞാൻ
ഒരു കോടി ജന്മമെടുത്തെന്നാലും.