കള്ളൻ

ഇസു


രാവിലെ തന്നെ കോരി ചൊരിയുന്ന മഴയാണെങ്കിലും അവസാനമായി അവളെ ഒരിക്കൽ കൂടി കാണണമെന്ന് തോന്നിയത് കൊണ്ടാണ് ജോസഫ് ബസിൽ കയറി യാത്ര തുടങ്ങിയത്.. ഇടയ്ക്കെപ്പോഴോ മയങ്ങി പോയി…

“ടാ കള്ളാ ”  എന്ന ചിര പരിചിതമായ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടിയതും ചുറ്റും നോക്കിയതും.
ഇല്ല ആരൂല്ല  എല്ലാം തോന്നലായിരുന്നു..
ആ ഇരിപ്പിൽ ജോസഫ് ഓർത്തെടുക്കുകയായിരുന്നു എടാ കള്ളാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന  ഒരേയൊരു ശബ്ദത്തിന്റെ ഉടമ  അയൽവക്കത്ത് താമസിച്ചിരുന്ന
ആന കുട്ടി എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന ആൻമേരിയുടേതാണ്..

കള്ളൻ എന്ന വാക്കിന് ഇത്രമേൽ മധുരവും   സന്തോഷവും അതിലുപരി ഏതോ ഒരു ഉന്മാദ ലഹരിയും തരാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ആനകുട്ടി ഈ കറ പുരണ്ട ഹൃദയത്തിലെ വെള്ളി പ്രകാശമായി മിന്നി തിളങ്ങിയ കാലം തൊട്ടാണ്  .

ലോകത്തിൽ മൺമറഞ്ഞതും നിലവിൽ ലങ്കിമറിഞ്ഞു കൊണ്ടിരിക്കുന്നതും ഇനി വരാൻ പോകുന്നതുമായ എല്ലാ സകലമാന  കള്ള പരിശകളും ഈയുള്ളവനോട്‌ ക്ഷമിച്ചേക്കുക..
കള്ളൻ എന്ന വാക്ക് അത്രമേൽ മനോഹരവും ആരും കൊതിക്കുന്നതുമായ എന്തോ ഒന്നായി ആൻ മേരിയിലൂടെ  പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു..

ചെറുപ്പത്തിൽ അടുക്കളയിൽ കയറി ബിസ്ക്കറ്റും മറ്റും മോഷ്ടിച്ചിട്ടുണ്ടെന്നല്ലാതെ  വേറെ ഒന്നും ജീവിതത്തിൽ ഇതുവരെയും മോഷ്ടിച്ചിട്ടില്ലല്ലോ,പിന്നെന്തിനാണ് പെണ്ണേ നീയെന്നെ കള്ളൻ എന്ന് വിളിക്കുന്നത്  എന്ന് ചോദിക്കുമ്പോൾ അവൾ പറയും  ദുഷ്ടൻ! കള്ള ചിരിയും കാട്ടി വന്നിട്ട് എന്റെ ഹൃദയം കട്ടെടുത്തോണ്ട് പോയില്ലേ.
അപ്പോൾ നീ കള്ളനല്ലാതെ വേറെ ആരാണ് ..

ഓഹോ     എങ്കിൽ ആ വിളി എന്നെ അത്രമേൽ ആനന്ദിപ്പിക്കുന്നു പ്രിയേ എന്ന് തിരിച്ചും പറയും..

അത് കേൾക്കുമ്പോ ,നീ പോടാ കള്ളാ എന്നും പറഞ്ഞോണ്ട് ഒരു ഓട്ടമാണ്.

ജോലി കിട്ടി അവിടം വിട്ടു പോകുമ്പോൾ അവൾ അവസാനമായി പറഞ്ഞത് ഓർക്കുന്നു  “നീ ഇവിടം വിട്ടു പോകുന്നതൊക്കെ കൊള്ളാം.. എത്രയും പെട്ടന്ന് മടങ്ങി വരണം എന്റെ ഹൃദയം നിന്റെ കൂടെയാണ്. എന്റെ ഹൃദയമിടിപ്പ് തന്നെ നീ മാത്രമാണ്.
ഹൃദയത്തോടൊപ്പം എന്നെയും കൊണ്ട് പോകണം.
ഹൃദയമില്ലാതെ ഒരാൾക്ക് ജീവിക്കാൻ കഴിയില്ല എന്നറിയാലോ നിനക്ക് ”  

മറന്നതായിരുന്നില്ല.. പക്ഷേ പുതിയ സാഹചര്യം പുതിയ ബന്ധങ്ങൾ അങ്ങനെ പലതും കൂട്ട് വന്നപ്പോൾ ആനകുട്ടി ഒരു ഭാരമായി തോന്നി. മനഃപൂർവം അകൽച്ച കാണിച്ചു..
പാവത്തിന് സഹിച്ചു കാണില്ല.

ഹൃദയ സ്തംഭനമായിരുന്നത്രെ.!

ശുഭം!


FacebookWhatsApp