കുഞ്ഞായിശു

ഇസു


      കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് മാമയുടെ പൊരയിൽ പോകുന്നത്..മാമിയോട് സലാം പറഞ്ഞു ആയിശുവിനെ അന്വേഷിച്ചു.മുറ്റത്തു നിൽക്കുന്ന ആയിശുന്റെ
പിറകിൽ പോയി.

ട്ടൊ !!

കണ്ണും മിഴിച്ചു ഓളൊന്ന് തിരിഞ്ഞു നോക്കി  മുഖം വീർപ്പിച്ചു..
ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി പേര് മാറ്റി വിളിച്ചു..

പാത്തുവേ… കുഞ്ഞി
പാത്തൂ….  ഓർമണ്ട കുഞ്ഞിക്കാനെ..

ഹ്മ്മ്  ഇല്ല.. ഓർമല്ല..
ഏത് കുഞ്ഞിക്ക..അന്റെ കുഞ്ഞിക്ക മയ്യത്തായിട്ട് കൊറച്ചൂസായി.. ഇതേതാ ഈ സെയ്താൻ..

ഏതാ ആ പാത്തു.. ഞാൻ കണ്ണ് കുത്തിപ്പൊട്ടിക്കും. ഏതേലും പാത്തൂനെ വായിനോക്കി എന്നറിഞ്ഞാൽ.. ഓളട്ത്തേക്ക് തന്നെ പോയിക്കോ…ഹ്മ്മ്..

റബ്ബേ.. ഈ പെണ്ണ് ഇതെന്തൊക്കയാ ഈ പിച്ചും പേയും പറയ്ന്നെ..
കൊറേ ദെവസം കെയ്ഞ്ഞ് ഇന്നെ കാണാൻ വന്നിട്ട് ഇങ്ങനെയാ പറയാ.. ഇന്റെ മിറ്റത്തുള്ള കമുങ്ങിൻ തടി പോലെ നിക്കണ നമ്മൾ മയ്യത്തായെന്നോ.. ചൊങ്കുള്ള ഈ ചെക്കനെ നോക്കി സെയ്‌ത്താനെന്നോ..
ആട്ക്ക് ഇന്റെ ബാപ്പ അതായത് മ്മളെ മാമൻ വരട്ടെ.. ഞാൻ പറഞ്ഞോളാം. ഇന്റെ അരയിലൊരു ഉറുക്ക് മന്ത്രിച്ചുകെട്ടാൻ..

ഹ്മ്മ്.. കൊറേ ദെവസായെന്ന് ബോധമുണ്ടല്ലോ.. അതന്നെ സമാധാനം..
ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്.. ആ പോക്ക് അങ്ങട് ഏടെങ്കിലും പൊയ്ക്കൂടേ.. വരേ മാണ്ടായിരുന്നു..
വലിയ ചൊങ്കുള്ള ചെക്കൻ.. ഹ്മ്മ്.. ഈ ദുനിയാവിൽ വേറെ ആണുങ്ങൾ ഒന്നും ഇല്ലാലോ..

ഹ ഹ ഹ…ഈ കുഞ്ഞായുശൂന്റെ ഒരു കാര്യം..  ഈ മുഖം ഇങ്ങനെ വീർപ്പിച്ചു നിന്നാൽ അവസാനം പൊട്ടി നിലത്ത് വീഴും കേട്ടോ..
മുറ്റത്തു നിന്ന് പൂച്ച വന്നു അതും എടുത്തോണ്ട് പോയാൽ പിന്നെ ഞാൻ നല്ല തുടുത്ത മുഖമുള്ള ആരേലും നോക്കിയിട്ട് പോകും.. പറഞ്ഞില്ല എന്ന് ബേണ്ട..

ഹ്മ്മ് .. ബെടക്കൂസ്‌..ഇയ്യ് സെയ്ത്താൻ തന്നെ.. ഇബ്‌ലീസ്.. വേറെ ആളെ നോക്കി പോയാൽ ഞാൻ കൊല്ലും  ആ പെണ്ണിനെ ..

ഞാൻ  അന്ന് പറഞ്ഞില്ലേ പെണ്ണെ ദൂരെ ഒരിടം വരെ പോകാനുണ്ടായിരുന്നു.. അതാണ് ഇത്ര ദെവസം ഇല്ലാതിരുന്നത് …    .
ഇന്റെ ബാപ്പ അന്റെ മാമൻ ആണെങ്കിലും ഇന്നേ കെട്ടിച്ചു തരാന്ന് പറഞ്ഞിട്ടൊന്നുല്ലല്ലോ.. മാമന്റെ മരമില്ലിലെ പണിക്കാരനാണ് ഞാൻ.. സ്വന്തമായി ഒരു ജോലിയൊക്കെ വേണ്ടേ.. അതിന് വേണ്ടി പുറത്തേക്ക് പോണം.. അതിന് വേണ്ടി കൊറച്ചു പേപ്പറും കാര്യങ്ങളൊക്കെ ശരിയാക്കാൻ ഉണ്ടായിരുന്നു.. അയിന്റെ ആവശ്യത്തിന് പോയതാ..
ജോലിയൊക്കെ ആയി കഴിഞ്ഞു കൊറേ പൈസയൊക്കെ എടുത്ത് അഞ്ചാറു വർഷം കഴിഞ്ഞു തിരിച്ചു വന്നിട്ട് നിന്നെ കെട്ടിച്ചു താരോന്ന് ചോയിക്കും..
തരൂലാന്ന് പറഞ്ഞാൽ നമ്മക്ക് ഒളിച്ചോടാം.. അതാണ്‌ അന്റെ പ്ലാൻ..

ഹാ നല്ല പ്ലാൻ.. ആ പ്ലാൻ കെട്ടി പിടിച്ചു നിന്നോ.. ഇപ്പോ തന്നെ എനിക്ക് കല്യാണ പ്രായം ആയി..
കുഞ്ഞിക്കയും വലുതായില്ലെ..

കുഞ്ഞിക്ക തിരിച്ചു വരുമ്പോഴേക്കും ഞാൻ എന്റെ മൂന്നാലു മക്കളോടൊപ്പം ഏടെങ്കിലും   കഴിയുന്നുണ്ടാകും…

കുഞ്ഞിക്ക  വേഗം ബാപ്പനോട് ചോദിക്ക് . എന്നിട്ട് അന്നെ നിക്കാഹ് കയ്ച്ചിട്ട് പോയിക്കോ… .

ന്റെ ആയിശൂ .. കുഞ്ഞായിശു..
ഇന്റെ ബാപ്പനോട് അന്റെ ഉമ്മ ഈ കാര്യം പറഞ്ഞിരുന്നു. പക്ഷേ ഇന്റെ ബാപ്പ പറയുന്നത് ഓന്ക്ക് നല്ല പണിയൊന്നും ഇല്ലാലോ എന്ന്..
പിന്നെ നമ്മൾ തമ്മിൽ മുഹബ്ബത്ത് ഉണ്ടെന്ന് ആർക്കും അറിയില്ല കേട്ടോ. അതൊക്കെ സമയാകുമ്പോ പറയാന്നു  ഞാൻ ആദ്യം കരുതിയെ..

പക്ഷേ ഇനി നമുക്ക് ഒന്നാവാൻ വിധി ഉണ്ടാകുമെന്ന് തോന്നുന്നില്ല..   പെട്ടെന്ന് പുറത്ത് പോയിക്കോ എന്നാ നിന്റെ ബാപ്പ പറയുന്നത്.. എന്നെ നാട് കടത്തിയിട്ട് മൂപ്പർക്ക് വേറെ ആളെ കൊണ്ട് നിന്നെ കെട്ടിക്കാലോ.

കുഞ്ഞായിശു എന്റെ അടുത്തിരിക്കോ..

അയ്യടാ.. അയിനൊന്നും ഞമ്മളെ കിട്ടൂല.. നികാഹ് കയ്യാണ്ട് അടുത്തിരിന്നൂടാ..

ആയിശുനെ കുറച്ചു കൂടി ചൊടിപ്പിക്കാമെന്നു കരുതി”എന്നാ അന്റെ
കൈയ് പിടിക്കോ..ആയിശുമ്മോ ” എന്ന് കൂടി പറഞ്ഞു..

പോയേ   ഇയ്യ് ഇബ്‌ലീസ് തന്നെ.. ഇത്രയും നാൾ ഇല്ലാത്ത പൂതി എന്താ ഇപ്പോ.. കുഞ്ഞിക്കാക്ക് അന്നെ അറിയൂലെ.
ഞമ്മൾ സുബർഗത്തിലെ ഹൂറിയാണെന്ന ഉമ്മ പറയാറുള്ളത്.. നികാഹ് കയ്യാണ്ട് ഒരുത്തനെയും അടുത്തിരിത്തൂല ഞമ്മളെ തൊടേം ചെയ്യൂല…

അന്നെ കെട്ടാത്ത ആൾക്ക് ഞാൻ എന്തിനാ കൈ തരുന്നേ..  വേഗം പോയിക്കോ.. ഈടെ ഇനി വരുവേം മാണ്ട.. അൻക് ഇനി കാണുവേം മാണ്ട..

നീ പിണങ്ങല്ലേ പെണ്ണേ..
നിന്നെ ഞാൻ സ്വർഗത്തിൽ വെച്ച് കെട്ടിക്കോളാം..

ഇങ്ങൾ  അന്നെ കുന്തം കെട്ടും.. ആട ഏതേലും ഹൂറി ഉണ്ടാകും ഇങ്ങക്ക്.

എന്റെ കുഞ്ഞായിശു . ഖൽബെ
പണ്ട് ഒരു ഉസ്താദ് പറയുന്നത് കേട്ടിന്.. ദുനിയാവിൽ ജീവിച്ചു സ്വർഗത്തിൽ എത്തിപ്പെടാൻ ഭാഗ്യം ലഭിച്ചവർക്ക് ഹൂറികളെക്കാൾ ചൊർക്ക് ണ്ടാകും എന്ന്..
നിന്നെ പോലൊരു പെണ്ണ് സ്വർഗത്തിൽ എത്താതിരിക്കോ..
അപ്പോൾ ഞാൻ നിന്നെ തന്നെ പൊക്കിക്കോളും സ്വർഗത്തിൽ വെച്ച്..

   മുണ്ടാണ്ട് പോയിക്കോ.. സ്വർഗത്തിൽ അന്ക്ക് വേറെ ചെക്കന്മാരെ കിട്ടും..ഇങ്ങനെ പറഞ്ഞു പറ്റിക്കുന്ന ആളെ ബേണ്ട..
ഈടെ തന്നെ അന്നെ കെട്ടണം.. ഇല്ലേൽ ഞാൻ ഇങ്ങളെ പൊരയിൽ ഇനി വരൂല.. ആരോടും മിണ്ടൂല.. അറയിൽ ഇരുന്ന് കൊറേ ഓതി ദുആ ചെയ്യും.
പടച്ചോനേ കുഞ്ഞിക്കാക്ക് ഗൾഫിൽ പണിയൊന്നും കൊടുക്കല്ലേ.. വേഗം നാട്ടിലേക്ക് തിരിച്ചയക്കണേന്ന്..
അതേയ് ഞാനും പടച്ചോനും ഭയങ്കര ബന്ധമാണ്.. ഞാൻ പറഞ്ഞാൽ പടച്ചോൻ എന്തായാലും കേൾക്കും..
ഇങ്ങക്ക് പണി കിട്ടൂല

നോക്കിക്കോ.. ഞാൻ ഇപ്പോ തന്നെ ഒരു നേർച്ച കെയ്ക്കും..ഹ്മ്മ്. ഹ്മ്മ്… കുഞ്ഞായിശു ദേഷ്യപ്പെട്ടു..

പെണ്ണെ നീ ഞാൻ പറയുന്നത് കേൾക്കോ.. നില വിളിക്കാൻ പാടില്ല.

നിന്നെ ഞാൻ ചെറുപ്പം തൊട്ടേ കാണുന്നതല്ലേ.. നീ എങ്ങനെയാണെന്ന് എനിക്കറിയാം.. നിന്നെ പോലൊരു പെണ്ണിനെ ആർക്കും ഇഷ്ടാകും. സ്വന്തമാക്കാനും മോഹമുണ്ടാകും..നിന്റെ അടുത്തിരിക്കാനോ കൈ പിടിക്കാനൊന്നും എനിക്ക് ആശയില്ല.. പടച്ചോന്റെ തീരുമാനം അല്ലെ നമുക്ക് വലുത്..

ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ പോകും കേട്ടോ..
യാത്ര പറയാനാ വന്നത്..

“കുഞ്ഞിക്കാ.. അപ്പോൾ ഈ അയിശുനെ വേണ്ടേ..”

വേണം ഖൽബെ അങ്ങ് സുബർഗത്തിൽ വെച്ച്..

ഹാ പടച്ചോൻ ഖൈർ ആയത് വിധിക്കും.. സാരമില്ല  എന്നും ദുആയിൽ ഉണ്ടാകും  കുഞ്ഞിക്ക പോയി വാ..

യാത്ര പറഞ്ഞു കുഞ്ഞിക്ക പടിയിറങ്ങി നടന്നപ്പോ കുഞ്ഞയിശു വിളിച്ചു കൂവി..
പിന്നേയ് കുഞ്ഞിക്കാ …ഓയ്..
ഗൾഫിൽ നിന്ന് വരുമ്പോൾ എന്റെ അഞ്ചാറു മക്കൾക്കുള്ള കുപ്പായമൊക്കെ കൊണ്ട് വരണേ.. എന്റെ മാപ്പളക്ക് വലിയ കുപ്പി അത്തറും വേണം..
അതും പറഞ്ഞു കണ്ണീർ തുടച്ചു ചുറ്റും നോക്കി..

   * *  * * * **

പടി കടന്ന് പുറത്തിറങ്ങിയതും ആയിശയുടെ ബാപ്പ അടുത്ത് വന്നു..

എന്തായി മോനെ നീ പറഞ്ഞോ ഓളോട്…

പറഞ്ഞു മാമാ. ഞാൻ ഗൾഫിൽ പോകേണ്. മാമയാണ് കയറ്റി വിട്ടതെന്ന് പറഞ്ഞു..

ഹാ മോനെ.. നന്നായി.. ഓൾക്ക് സംശയം ഒന്നുല്ലല്ലോ..

മോൾ പാവാണ്‌.. എനിക്കറിയാം നിങ്ങൾ തമ്മിൽ ഒരിഷ്ടം ഉണ്ടെന്ന്.. നിനക്ക് തരുന്നതിൽ എനിക്ക് സന്തോഷം മാത്രേ ഉണ്ടാകുള്ളു..
പക്ഷേ
കഴിഞ്ഞ ആഴ്ച ആസ്ത്രിയിൽ നിന്ന് ഡോക്ടർ പറഞ്ഞത് മോൻ കേട്ടതല്ലേ.. നിന്റെ സൂക്കേട് മോൾ അറിയേണ്ട.  മോൾ എന്നെ വെറുത്താലും സാരമില്ല.. കൊറേ കഴിഞ്ഞു അവൾ സത്യം അറിഞ്ഞാൽ ആ വെറുപ്പൊക്കെ മാറും..

സാരൂല മാമാ..ആയിശുന്റെ സന്തോഷം തന്നേന്ന് എനിക്കും വലുത്..ഓൾക്ക് നല്ലൊരു ചെക്കനെ കിട്ടണം.. ഓൾക്ക് മൊയ്‌ല്യാരെ വേണമെന്നാണ് എപ്പോഴും പറയാറുള്ളത്..
സന്തോത്തോടെ ജീവിക്കണം.
ഇപ്പോ കുറച്ചു സങ്കടമൊക്കെ തോന്നും എന്നോട് ഇപ്പോ ദേഷ്യമൊക്കെ ഉണ്ട്.. ഓൾ അതൊക്കെ മറക്കും.. ഓൾ   ഈമാൻ ഉള്ളവളാ..

ഇനി എത്ര കാലം ഞാൻ ഉണ്ടാകുമെന്ന് അറിയില്ലല്ലോ..  ഞാൻ എന്റെ ബാപ്പന്റെ നാട്ടിൽ പോയി ജീവിച്ചോളാം.. അവടെ ഒരു അഗതി മന്ദിരം ഉണ്ട്.. എന്നെ പോലുള്ള കൊറേ ആൾക്കാർ ഉണ്ട് പോലും ..

   എന്നാലും മോനെ,
പെട്ടെന്നൊരു ദിവസം മോന് ഇങ്ങനെ സംഭവിച്ചല്ലോ..  ഒരു സൂചന  ആദ്യമേ കിട്ടിയിരുന്നെങ്കിൽ എത്ര വേണേലും മുടക്കി ചികിൽസിക്കാമാ
യിരുന്നു.

മരുന്നൊക്കെ കൃത്യമായി കഴിക്കണേ  .. എന്ത് ആവശ്യം ഉണ്ടേലും അറിയിക്കണം..

ഹാ മാമാ ഞാൻ ഇറങ്ങട്ടെ. അസ്സലാമുഅലൈകും..

ശുഭം!


FacebookWhatsApp