“വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കുവാൻ കാത്തിരിക്കുമെന്റെ ഹൃദയം.. നിനക്ക് വേണ്ടി നിനക്ക് മാത്രമായി….”(വരികൾക്ക് കടപ്പാട് )
ആഹാ പാട്ടൊക്കെ പാടുന്നുണ്ടല്ലോ.. ആരാടാ ആൾ. അശ്വതിയാണ് ചോദിച്ചത്.. ചോദ്യം കേട്ടെങ്കിലും കേൾക്കാത്ത പോലെ ഹിജാസ് പാട്ട് മൂളി കൊണ്ടിരുന്നു..
.. ടാ കുരിപ്പേ.. നിന്നോടാ ചോദിച്ചത് ആരാടാ നിന്റെ പാട്ടിലെ പെണ്ണെന്ന്.. കയ്യിലുണ്ടായിരുന്ന പുസ്തകം കൊണ്ട് തലക്കൊരു കിഴി കൊടുത്ത് അശ്വതി വീണ്ടും ഹിജാസ്നോട് ചോദിച്ചു..
അതുക്കേട്ട് അവൻ അവളെ കണ്ണിറുക്കി കാട്ടി പുഞ്ചിരിച്ചു.
“അല്ല ഒരുത്തിയെയും ഒരു പരിചയ ഭാവം നടിച്ചു പോലും നോക്കാത്ത നിന്റെ മനസ്സിൽ കയറി കൂടിയ ആ ഹൂറി ആരാണാവോ എന്നറിയാൻ ചോദിച്ചതാ..” പിന്നെ നിന്റെ ഇന്നലത്തെ എഴുത്തും കണ്ടു..
അശ്വതിയും ഹിജാസും കൂടെ പഠിക്കുന്നവരാണ്.. ഡിഗ്രി അവസാന വർഷമാണ് ഇപ്പോൾ…
ഒരു മിണ്ടാ പൂച്ചയും അതിലുപരി പുസ്തക പുഴുവുമായ അശ്വതി അല്പ സ്വൽപ്പം ഗൗരവക്കാരനായ ഹിജാസിനെ എങ്ങനെ മെരുക്കി എടുത്തു എന്ന കാര്യത്തിൽ കൂടെ ഉള്ളവർക്ക് ഇപ്പോഴും അത്ഭുതമാണ്.
ഗ്രാമീണ ഭംഗി നിറഞ്ഞു തുളുമ്പുന്ന ശാലീന സുന്ദരി ആണ് അശ്വതി.. പഠിക്കാൻ മിടുക്കി… ഹിജാസ് ആണെങ്കിൽ കട്ടക്ക് താടിയൊക്കെ വെച്ച് തന്റെ ഉണ്ട കണ്ണിൽ സുറുമ ഇടുന്ന ഒരു ചെത്ത് ചെക്കൻ.. ഒരുമാതിരി പെട്ട പെൺകുട്ടികൾ ഒക്കെ നോട്ടമെറിഞ്ഞ അസ്സൽ ജിന്ന്..അത്കൊണ്ട് തന്നെ കോളേജ്ലെ പെൺകുട്ടികൾക്ക് ഒക്കെ അശ്വതിയോട് ലേശം അസൂയ ആണ്..
നമ്മൾ തമ്മിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒന്നുമില്ല.. ഞങ്ങൾ ഫ്രണ്ട്സ് ആണെന്നാണ് ചൊറിയാൻ വരുന്നവരോടൊക്കെ അവർ പറയുന്ന മറുപടി..
നല്ലൊരു സുഹൃത്ത് നഷ്ടപ്പെടുമെന്ന ഭയം ഉള്ളത് കൊണ്ട് തന്നെ അശ്വതി ഹിജാസിനെ പ്രണയിക്കാൻ ഉള്ള എല്ലാ സാധ്യതകളെയും ആദ്യം തന്നെ കുഴിച്ചു മൂടിയിരുന്നു..
ഗൗരവക്കാരൻ ആയിരുന്നെങ്കിലും ഹിജാസ് ആളൊരു കലാ കാരൻ ആയിരുന്നു.. കല എന്ന് പറഞ്ഞാൽ എഴുത്തും വരയും…
പൊതുവെ വായന ഇഷ്ടപ്പെട്ടിരുന്ന അശ്വതി fb യിൽ ഹിജാസ് എഴുതുന്ന ഓരോ എഴുത്തുകളും നെഞ്ചോടു ചേർത്ത് വെച്ചു.. പിന്നീട് എന്തോ അവനോടു കൂട്ട് കൂടാൻ തോന്നി.. അധികമൊന്നും ആരോടും മിണ്ടാത്ത പ്രകൃതിക്കാരനായ ഹിജാസ്നോട് എന്ത് പറഞ്ഞു അടുക്കുമെന്ന് ആലോചിച്ചിരുന്നപ്പോൾ ആണ് അവന്റെ എഴുത്തിനെ പുകഴ്ത്തി പറഞ്ഞു മിണ്ടി തുടങ്ങാം എന്ന തീരുമാനത്തിൽ അശ്വതി എത്തിയത്..
ഒരു ദിവസം അവൾ അവനോട് എഴുത്തിനെ പറ്റി പറഞ്ഞു.. ടാ നിന്റെ എഴുത്ത് സൂപ്പർ ആണ്.. എങ്ങനെ എഴുതുന്നെടാ ഇതൊക്കെ..
അവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
തന്റെ എഴുത്ത് ഇഷ്ടപെടുന്ന ആരാധികയോട് ഒരു ഇഷ്ടവും തോന്നി..
. ഇത് ഇവിടെ തീർന്നു… അങ്ങനെ അങ്ങനെ സംസാരിച്ചു തുടങ്ങിയാണ് അശ്വതി ഹിജാസ്നെ കമ്പനി ആക്കി എടുത്തത്..
എഴുത്തു ഇഷ്ടപ്പെട്ടു ആര് വന്നാലും അവരോടൊക്കെ ഭയങ്കര ഇഷ്ടമായിരിക്കും എന്ന് ഹിജാസ് ഒരിക്കൽ അശ്വതിയോട് പറഞ്ഞിരുന്നത് കൊണ്ട് തന്നെ.. താൻ അവനുമായി കൂട്ട് കൂടിയത് അവന്റെ എഴുത്തിന്റെ ആരാധിക ആയിട്ടാണ് എന്ന കാര്യം അശ്വതി ആരോടും പറയാൻ നിന്നില്ല..
പ്രണയമില്ല എന്ന് അശ്വതി പറയുമെങ്കിലും അവളുടെ ഉള്ളിൽ ചെറിയൊരു സ്പാർക് ഇല്ലാതെയില്ല..
പക്ഷെ അവന്റെ സ്വഭാവം വ്യക്തമായി അറിയുന്ന അവൾ അവനെ നഷ്ടപെടാതിരിക്കാൻ പ്രണയം മനസ്സിൽ അടക്കി ഒതുക്കി വെച്ചു.. അവൻ ഒരു ആണല്ലേ.. അത്യാവശ്യം കാണാൻ അഴകുള്ള എന്നെ അവന് പ്രണയിക്കാൻ തോന്നില്ലേ എന്നൊക്കെ അവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..മാത്രവുമല്ല അവന്റെ സങ്കല്പം പോലെ ഒരു ഗ്രാമീണ പെൺകൊടി ആണ് ഞാൻ..
തക്കം കിട്ടുമ്പോഴൊക്കെ അവൾ അവനെ തന്നെ നോക്കി നിൽക്കും.. അധികം മിണ്ടാറില്ല എന്നാണ് പൊതുവെ ആൾക്കാർ പറയുന്നതെങ്കിലും തന്റെ മുന്നിൽ അവന് നൂറു നാവാണ് എന്ന് അവൾക്കു തോന്നിയിട്ടുണ്ട്..
ഇവിടെ വേറൊരിടത്ത് ഹിജാസ് ചിന്താ ലോകത്താണ്.. വേറൊന്നുമല്ല അശ്വതിയെ പറ്റിയാണ് ചിന്ത.. ഇവനെന്താ അവളെ പറ്റി ഇത്ര ചിന്തിക്കാൻ എന്നല്ലേ..
വേറൊന്നുമല്ല ഈ ചങ്ങായിന്റെ ഉള്ളിലും ഒരു മുഹബ്ബത്ത് പൂത്തുക്ക്ണ്..
പൊതുവെ പെണ്ണിന്റെ പിറകെ വാലാട്ടി പോകാറില്ല എങ്കിലും കൂട്ട് കൂടി അടുത്ത് വന്ന അശ്വതിയെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
തന്റെ ആരാധികയോടുള്ള ഇഷ്ട്ടം മാത്രമായിരുന്നു അതെങ്കിലും ഗ്രാമീണ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന തന്റെ സ്വപ്നം പോലെ ഒരാളെ കണ്ടപ്പോൾ, പരിചയപ്പെട്ടപ്പോൾ പരിചയം അടുപ്പമായപ്പോൾ, അടുപ്പം വേറെ എന്തോ ആയി മാറുകയായിരുന്നു.. അടുത്തിരുന്നു സംസാരിക്കുമ്പോഴൊക്കെ അവളുടെ കണ്ണുകളിലേക്ക് അവൻ സൂക്ഷിച്ചു നോക്കുമായിരുന്നു.. അവന്റെ നോട്ടത്തിന് എന്തോ ഒരു വശീകരണ ശേഷി ഉണ്ടെന്നും അവൾ അലിഞ്ഞു ഇല്ലാതെയായി എന്ന തോന്നൽ അവളിലും ഉണ്ടാകുമായിരുന്നു..
അവളുടെ കരി മഷി എഴുതിയ കണ്ണിന് മഴവില്ലിന്റെ ഏഴഴകിനെക്കാൾ ഭംഗിയാണെന്നും വജ്രത്തെക്കാൾ തിളക്കമാണെന്നും അവൻ fb യിൽ എഴുതിയിട്ടുണ്ട്.. ആ അവൾ ആരാണെന്ന് വ്യക്തമാക്കിയില്ല എങ്കിലും ആരോടോ എന്തോ ഉണ്ടെന്ന് അശ്വതിക്ക് തോന്നിയിരുന്നു.പക്ഷെ വേറെ ആരുടേയും പേര് കേൾക്കാൻ ഇഷ്ടമില്ലാത്തതിനാൽ അവൾ അവനോടു ചോദിക്കാൻ പോയില്ല..
ഇതിപ്പോ രണ്ടു വരി പാട്ടും കേട്ടപ്പോൾ ആരാണ് എന്നറിയാൻ അവൾക്കൊരു ആകാംക്ഷ.. അത് വേറെ ആറുമാകരുതേ ഞാൻ തന്നെയാവണെ എന്ന് അവൾ പ്രാർത്ഥിക്കുക കൂടി ചെയ്തു..
അപ്പോഴാണ് അവൾ ഇത് ചോദിച്ചത് ആരാടാ ആളെന്ന്..
ടി അച്ചു.. ഞാൻ ഇന്നലെ എഴുതിയത് നിനക്ക് ഓർമ്മയുണ്ടോ..
“നിനക്ക് തരാനായി ഞാനന്ന് ഉരിഞ്ഞു വെച്ച റോസാ പൂക്കൾ ഇന്നും വാടാതെ നിൽക്കുകയാണ്.. കാരണം അതെന്റെ കണ്ണുനീരിന്നാൽ നനഞ്ഞു കൊണ്ടിരിക്കുകയാണ്… “ഇതല്ലെടാ നീ എഴുതിയത്.. വേഗം പറഞ്ഞോ ആരാണ് ആളെന്ന്.. നമുക്ക് സെറ്റാക്കാം..
ഹിജാസ് ഒന്ന് പൊട്ടി ചിരിച്ചു..
എടി ബുദ്ദൂസേ.. ഞാൻ എഴുതുന്നതൊക്കെ നീ വായിക്കാറില്ലേ.. ലോകത്ത് എല്ലാരും കാണുമ്പോൾ നീയും കാണുന്നു.. അതിൽ ഒരു മാറ്റം വരുത്തിക്കൂടെ..മറ്റെല്ലാരും വായിക്കുന്നതിന് മുന്നേ, എന്റെ പേന ചലിക്കുമ്പോൾ തന്നെ നിന്റെ മിഴികൾ ചലിപ്പിച്ചു വായിക്കാൻ നിനക്ക് കൂടെ വന്നൂടെടി പെണ്ണെ..
നിനക്ക് തരാനായിരുന്നു ഞാൻ പൂക്കൾ പറിച്ചത്.. തരാൻ പേടിയായിരുന്നു.. നീ അത് വലിച്ചെറിഞ്ഞാലോ എന്നുള്ള പേടി.. പൂക്കൾ അന്ന് മുതൽ എന്റെ കണ്ണീർ വീണ് നനഞ്ഞു കൊണ്ടിരിക്കുന്നുണ്ട്..
നിന്റെ നോട്ടം ആണ് എന്നെ ആകർഷിച്ചത്..കഥ പറയുന്ന കണ്ണുകൾ..ആ കണ്ണുകൾ പരതുന്നത് എന്നെ മാത്രമായിരിക്കണേ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
ഇന്ന് മുതൽ സുറുമ ഇട്ട ഉണ്ടകണ്ണും കരിമഷി എഴുതിയ മാൻ പേട മിഴിയും മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ കിസ്സ പറഞ്ഞോട്ടെടി…
ഇത് അവളോട് പറഞ്ഞു ഹിജാസ് താളത്തിൽ പാടി..
മിഴികൾ കൊണ്ട് കിസ്സ പറയും സുന്ദരി പെണ്ണാളേ…
ഹൂറി പോലും തോറ്റു പോകും അഴകുള്ള റാണീ…