ചില ആവശ്യങ്ങൾക്ക് വേണ്ടി ജോലി അവധിയെടുത്ത് പട്ടണത്തിലേക്ക് പോയതാണ് റാഷിദ്…നഗരത്തിലെ കാഴ്ചകൾ കണ്ടു ആസ്വദിച്ചു മതി മറന്നു അങ്ങനെ അങ്ങനെ നടക്കുന്നതിനിടയിൽ ആണ് ടാ പഠിപ്പിസ്റ്റേ എന്ന വിളി അവൻ കേട്ടത്..
പണ്ട് മുതലേ ആ വിളി കുറേ കേട്ടത് കൊണ്ട് അതു എന്നെ തന്നെയായിരിക്കും എന്ന് ഉപബോധ മനസ്സിന് തോന്നിയത് കൊണ്ടാകും റാഷിദ് ഒന്ന് തിരിഞ്ഞു നോക്കി..
അവനു തെറ്റിയില്ല, ആ വിളി അവനെ തന്നെയായിരുന്നു.
ചെറുപ്പത്തിൽ വീട് മാറി പോയിരുന്ന പഴയൊരു അയൽവാസി മുന്നിൽ നിൽക്കുന്നു . കൂടെ കൂട്ടുകാരിയാണെന്ന് തോന്നുന്നു.. കണ്ണ് മാത്രം കാണുന്ന വേഷ വിധാനത്തിൽ ഒരുത്തിയുണ്ട് കൂടെ.. ഇനിയിപ്പോ വല്ല അറബിക് കോളേജിലും പഠിക്കുന്നവൾ ആയിരിക്കുമോ..!?
ഏയ് അറബിക് കോളജിലെ വേഷം ഏതായാലും ഇങ്ങനെ അല്ല എന്നൊക്കെ ആലോചിച്ചു നിന്നു അവൻ.
എന്തുണ്ട്ര സുഖാണോ.. എത്ര കാലായി കണ്ടിട്ട് , എന്നൊക്കെ ചോദിച്ചു മിണ്ടിയും പറഞ്ഞും നിന്നു…
പെണ്ണ് കെട്ടാത്ത ചെക്കൻ അല്ലെ അവൻ .. ആരേലും കണ്ടാൽ എന്തെങ്കിലും വിചാരിക്കൂലേ..എന്ന ചിന്ത അവൾക്കില്ലായിരുന്നെങ്കിലും അവനു ചെറുതായി ആശങ്ക ഉണ്ടായിരുന്നു.
പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാ അറിഞ്ഞത് കൂട്ടുകാരി അറബിക് കോളേജിൽ അല്ല.. തൊട്ടടുത്തുള്ള കോവിഡ് ടെസ്റ്റ് ചെയുന്ന ലാബിലെ സ്റ്റാഫ് ആണെന്ന്..ഇവളെ കണ്ടപ്പോൾ അവിടത്തെ വേഷത്തിൽ പെട്ടെന്ന് കൂടെ ഇറങ്ങിയതാണെന്ന്..
അവനാണെൽ തീരെ സമയമില്ല.. സ്കൂളും കോളേജും വിടുന്ന സമയമാണ്.. ഇപ്പോൾ നോക്കിയാൽ കുറേ തരുണീ മണികളെ നോക്കി ആസ്വദിക്കാം എന്നൊക്കെയാണ് കണക്കു കൂട്ടൽ..
അല്ലെടോ തനിക്കൊക്കെ വേറെ പണിയൊന്നുമില്ലേ.. ഒരുത്തിയെങ്കിലും വെറുതെ വിടെടോ എന്ന് പറയുന്നവരോട്
സൗന്ദര്യാസ്വാദനം ഒരു തെറ്റല്ല അളിയോ എന്നായിരിക്കും അവന്റെ മറുപടി.
സംസാരിച്ചു സമയം അങ്ങനെ പോകുന്നതിൽ അവനു ഉള്ളിൽ കലിപ്പും മുഷിപ്പും വന്നെങ്കിലും ഇടയിൽ അവൾ കൂട്ടുകാരിയോട് പറഞ്ഞത് കേട്ടപ്പോൾ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നി..
“ടി നിനക്കറിയോ ഇവനെ കൊണ്ട് വലിയ ഇടങ്ങേറ് ആയിരുന്നു ചെറുപ്പത്തിൽ..” ഇത് കേട്ടപ്പോൾ ആദ്യം ഉള്ളൊന്ന് കാളി.. ഇനിയിപ്പോ പണ്ട് നാരങ്ങ മിട്ടായി വേണമെങ്കിൽ ഒരു മുത്തം വേണമെന്ന് ഇവളോട് ചോദിച്ചതും ഇവൾ തന്റെ ബാപ്പയോട് പറഞ്ഞു കൊടുത്തു തനിക്കു തല്ല് വാങ്ങിച്ചു തന്ന കഥ പറഞ്ഞു കൊടുത്തേക്കുമോ പടച്ചോനെ.. അന്ന് ഇവൾ ഒന്നും അറിയാത്ത പൊട്ടിപെണ്ണ് ആണെങ്കിലും തനിക്കു ചിലതൊക്കെ അറിയാമായിരുന്നു..!
ഏതെങ്കിലും പെണ്ണ് മുത്തം തന്നാൽ i love u ആണെന്ന് അവനു പറഞ്ഞു കൊടുത്തത് വില്ലാളി വീരനായ അടുത്ത വീട്ടിലെ ഇക്കാക്ക ആണ്..
അവൻ പഴയ കാര്യം ചിന്തിച്ചിരിക്കെ അവൾ കൂട്ടുകാരിക്ക് ആ കഥ പറഞ്ഞു കൊടുത്തു..
ഇവനെ കൊണ്ട് വലിയ ചൊറ ആയിരുന്നെടി.. എപ്പോ ഇവനെ കണ്ടാലും ഉമ്മച്ചി പറയാൻ തുടങ്ങും.. ഓനെ കണ്ടു പഠിക്ക്..
ഇൻക്ക് ഓനെ പോലെ ആയിക്കൂടെ..
ഓനൊരു അടിപൊളി ചെക്കൻ ആണ്.. ഒന്നും പഠിക്കാൻ പറയേണ്ട, എഴുതാൻ പറയേണ്ട..
എല്ലാം ഒറ്റയ്ക്ക് അറിഞ്ഞു ചെയ്തോളും..
ഓനെ പുതിയാപ്ല ആയിട്ട് കിട്ടണമെന്നുണ്ട്…
5പൈസക്ക് കൊള്ളാത്ത നിന്നെ കെട്ടാൻ ഓന്റെ വീട്ടുകാർ സമ്മതിക്കുമോ..”
ഇങ്ങനെ ഓരോന്ന് കേൾക്കേണ്ടി വരുമായിരുന്നു എപ്പോഴും..
അവിടെ വെച്ച് ഇത് കേട്ടപ്പോൾ റാഷിദിന് ആകെ കുളിർ കയറി.
ടാ പോട്ടെടാ.. സമയം ഒരുപാട് ആയെന്ന് പറഞ്ഞു അവർ അവിടെ നിന്ന് പോയി..
ആ നിമിഷം റാഷിദ് വെറുതെ കുട്ടിക്കാലത്തേക്ക് ഓർമയെ ഓടിച്ചു വിട്ടു..
അവനെ വീട്ടിൽ നിന്ന് കാണാതായ ഒരു സംഭവം ആണ് ആദ്യം ഓർമയിൽ വന്നത്..
ഒരു ദിവസം സ്കൂളിൽ പോകാൻ നേരം റാഷിയെ നോക്കിയപ്പോൾ വീട്ടിൽ കാണുന്നില്ല.. യൂണിഫോം ഇട്ട് ഒരുങ്ങി നിന്നതായിരുന്നു അവൻ.. വീട്ടുകാർ ആകെ ബേജാർ ആയി.. ഒച്ച ആയി ബഹളമായി….
സ്കൂൾ വണ്ടി വരാൻ നേരമായി..
വണ്ടി വന്നിട്ട് പൊയ്ക്കോട്ടേ, സ്കൂളിലേക്ക് എങ്ങനേലും കൊണ്ട് വിടാം.. ആദ്യം കുട്ടിയെ കണ്ടെത്തലല്ലേ പ്രാധാന്യം എന്ന് പറഞ്ഞു എല്ലാവരും നാലു ഭാഗത്തേക്കും ഓടി…. ആരെങ്കിലും പിടിച്ചു കൊണ്ട് പോയോ എന്നൊക്കെ ഓർത്തു എല്ലാരും വെപ്രാളപ്പെട്ടു.
അതിനിടയിൽ ആണ് ഒരു മാമൻ മച്ചിൻ മുകളിൽ കയറി നോക്കിയത്..
“ഹമ്പട കേമാ റാഷി കുട്ടാ.. മോൻ ഇവിടെ കയറി ഒളിച്ചിരിക്കുകയായിരുന്നല്ലേ “എന്നും പറഞ്ഞു മാമൻ അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു തൂക്കിയെടുത്തു താഴെ ഇറക്കി..
അവൻ സ്കൂളിൽ പോകാൻ മടി ആയത് കൊണ്ട് അവിടെ കയറി ഒളിച്ചപ്പോൾ ആണ് ആരോ തട്ടികൊണ്ട് പോയി എന്ന് എല്ലാരും വിചാരിച്ചത്… ഹ്മ്മ്..കള്ളൻമാമൻ ചെറുപ്പത്തിൽ സ്കൂളിൽ പോകാൻ മടിച്ചപ്പോൾ കയറി ഒളിച്ചു നിന്നത് അവിടെ ആയിരിക്കും.. അത്കൊണ്ടല്ലേ മാമന് കിറുകൃത്യമായി അവിടെ കയറി നോക്കാൻ തോന്നിയത്.. ഹ്മ്മ്മ് ഹ്മ്മ്മ്. എന്ന് പിറു പിറുത്ത് അവൻ സ്കൂളിലേക്ക് പോയി
കുറച്ചു ദിവസം കഴിഞ്ഞു സംഗതി എല്ലാരും മറന്നെങ്കിലും അവൻ വിട്ടില്ല അവൻ ..
മാമന്റെ കീശയിൽ നിന്ന് ഒരു രൂപയും പൊക്കി പിന്നെ സൈക്കിളിന്റെ കാറ്റും ഊരി വിട്ടു.. മാമനോട് പ്രതികാരം ചെയ്തു അവൻ.
ഈ കഥയോർത്തപ്പോൾ റാഷിദിന് ചിരി വന്നു. അപ്പോഴാണ് ചെറുപ്പത്തിലേ വേറൊരു വൃകൃതി കൂടി അവന്റെ ഓർമയിൽ പാഞ്ഞെത്തിയത്..
ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അവന്റെ ഒരു കൈ വിറക്കുന്നു.. ഭയങ്കരമായ വിറയൽ കണ്ടു പേടിച്ചു ആകെ എന്തെല്ലോ കാണിച്ചു കൂട്ടാൻ തുടങ്ങി അവൻ..
വേഗം ഉമ്മാന്റെ അടുത്ത് ഓടിപോയി കൈ കാണിച്ചു കൊടുത്തു..
“ഉമ്മാ എന്റെ കൈ വിറയ്ക്കുന്നു.. എന്തെങ്കിലും കുഴമ്പ് പുരട്ടി താ..,” കുഴമ്പ് പുരട്ടിയാൽ ഇത് മാറുമെന്ന് പറഞ്ഞു റാഷിദ് നില വിളിച്ചു..
കുറച്ചു നേരം കഴിയട്ടെ .. ഞാൻ അപ്പം ചുടുകയാണ്.. ചുട്ട് തീരുമ്പോഴേക്കും എല്ലാം ശരിയാകുമെന്ന് പറഞ്ഞു ഉമ്മച്ചി സമാധാനിപ്പിച്ചു…. അവനാണെങ്കിൽ ഒരു സമാധാനവും ഇല്ല..
എന്റെ കൈ വിറക്കുമ്പോൾ എനിക്ക് സ്കൂളിൽ പോകാൻ പറ്റില്ലല്ലോ.. ഉമ്മ എന്തിനാ തിരക്കിട്ടു അപ്പം ചുടുന്നത്.. കുഴമ്പ് പുരട്ടി താ ഉമ്മാ എന്നൊക്കെ പറഞ്ഞു റാഷിദ് നിലത്തിരുന്ന് കരയുകയാണ്..
ഉമ്മായുടെ മുഖത്താണെങ്കിൽ ഒന്ന് പോയെടാ ചെറുക്കാ എന്നൊരു ഭാവവും..
ഈ ഉമ്മാക്ക് എന്നോട് തീരെ സ്നേഹമില്ല.. സ്വന്തം മോൻ ഇവിടെ വിറച്ചു വയ്യാതിരിക്കുമ്പോൾ കുഴമ്പ് പുരട്ടി തരാൻ തോന്നുന്നില്ലല്ലോ എന്ന് അവൻ കരഞ്ഞു പറഞ്ഞു..
അതൊക്കെ ഇപ്പോൾ ശരിയാകുമെന്ന് പറഞ്ഞു ചട്ടുകം കൊണ്ട് കൈ തണ്ടക്കൊരു അടി വെച്ച് കൊടുത്തു .
പെട്ടെന്നുള്ള അടിയിൽ അവൻ ആകെ സ്തംഭിച്ചു നിന്നു പോയി.. അതോടെ അവന്റെ വിറയൽ മാറി..
ഉള്ളത് പറഞ്ഞാൽ ചമ്മി നാറി..
തന്റെ വിറയലിന്റെ കാരണം ഒറ്റ നോട്ടത്തിൽ തന്നെ ഉമ്മാക്ക് മനസ്സിലായി…
ക്ലാസ്സിൽ പോകാതിരിക്കാനുള്ള അവന്റെ സൈക്കോളജിക്കൽ മൂവ് അന്നും പൊളിഞ്ഞു വീഴുകയായിരുന്നു..
പഠിക്കാൻ ഒരു വകക്ക് കൊള്ളില്ല എങ്കിലും അയൽവാസികളുടെ മുന്നിൽ നല്ല കുട്ടിയായി അഭിനയിച്ചതിനാണ് പോക്കിരി ആയ അവന് പഠിപ്പിസ്റ്റ് എന്ന പേര് കിട്ടിയത് എന്ന കാര്യം ഇപ്പോഴും ആർക്കും അറിയില്ല..