കുടുസ് മുറിയിലെ കട്ടിലിൽ കിടന്ന് തന്റെ ഡയറി തുറന്നു നോക്കുകയായിരുന്നു അബു.
ഓർമ്മകളെ ബാല്യത്തിന്റെ നിറമുള്ള ഓർമകളിലേ ക്ക് പറഞ്ഞയക്കുമ്പോൾ ഓടി വരുന്നൊരു നുണകുഴി കവിലുള്ളൊരു മൊഞ്ചത്തിപെണ്ണുണ്ട്.. കുൽസു..
കുഞ്ഞിക്കാന്റെ ഉമ്മു കുൽസു..
കൂട്ടത്തിൽ ഉയരം കുറഞ്ഞത് കൊണ്ട് തനിക്ക് കിട്ടിയ വിളിപ്പേരാണ് കുഞ്ഞിക്ക..
അടുത്തടുത്തുള്ള കുറെ തറവാട് വീടുകളി ലെ കളികൂട്ടുകാരിൽ ഒരാൾ..
ചിരട്ട വെച്ച് മണ്ണപ്പം ചുട്ടതും ഇല മുറിച്ചു കറി വെച്ച് കളിച്ചു നടന്നതുമായ പൂമ്പാറ്റയെ പോലെ പാറി നടന്ന മനോഹരമായ പ്രായത്തിൽ മുഹബ്ബത്ത് ആണോന്ന് അറിയാത്ത എന്തോ ഒന്ന് ഖൽബിന്റെയുള്ളിയെന്റെയുള്ളിൽ കൊളുത്തി വലിച്ച് തന്ന് ഇടങ്ങേറ് ആക്കിയ ഒരു പഹയത്തി..
.
പ്രായം തന്നെക്കാൾ 1-2 വയസ്സ് മൂപ്പ് വരുമെങ്കിലും ഞങ്ങളൊക്കെ ഒരു ടീം ആയിരുന്നു….
അന്നത്തെ കാലത്തെ പ്രധാന കളി വിനോദങ്ങളായ കൊത്തം കല്ലും അക്ക് കളിയുടെയും പ്രധാന വിജയി കുൽസു തന്നെയാണ്..
ഓൾടെ ഉപ്പ നാസർക്ക ഒരു ദുബൈക്കാരൻ ആണെന്ന് മാത്രമറിയാം.. ദുബൈ എന്ന് പറഞ്ഞാൽ ആകാശത്തിലെ ഒരു ലോകം.. വർഷത്തിലോ മാസത്തിലോ മറ്റോ പെട്ടിയും തൂക്കി പിടിച്ചു വരുന്നൊരു ദുബൈക്കാരന്റെ മോളാണ് കുൽസു..
കൂട്ടുകാർക്കൊക്കെ ഓൾടെ ഉപ്പ വന്നാൽ എഴുതുമ്പോൾ മണം വരുന്ന പേന കൊണ്ട് വരാറുണ്ട്.. ആ പേന എന്നും അത്ഭുതം തന്നെയായിരുന്നു..
നിഷ്കളങ്കമായ സൗഹൃദത്തിനിടയിൽ പറയാനാവാത്ത എന്തോ ഒരു തോന്നൽ മനസ്സിൽ നിറഞ്ഞു വന്നതെപ്പോഴായിരുന്നു എന്ന് ഓർക്കുമ്പോൾ ഓൾടെ കാത് കുത്ത് ദിനമാണ് ഓർമ്മയിൽ വരുന്നത്…
ദുബൈക്കാരന്റെ പുന്നാര മോൾടെ കാത് കുത്ത് വലിയൊരു ആഘോഷം തന്നെയായിരുന്നു..
പേര് കേട്ട വലിയ തറവാട്ടിൽ ചെറിയൊരു പന്തൽ ഒരുങ്ങിയ ദിവസം കുൽസു വന്നു പറഞ്ഞു . എടാ ചെക്കാ നാളെ എന്റെ കാത് കുത്താണ് ,..
പൊരയിൽ നല്ല ആടിന്റെ ബിരിയാണിയൊക്കെ ഉണ്ടാകും..
നാളെ പാടത്തു കളിക്കാനൊന്നും പോണ്ട. നേരത്തെ കാലത്തെ ഈടെ വന്നു നിന്നോണം..
അയിന് നിന്റെ കാതിൽ എന്തോ തുള യുണ്ടല്ലോ..
ഇനി എന്ത് കാത് കുത്താണ് ഇയ്യ് പറയുന്നെ എന്ന് തിരിച്ചു ചോദിച്ചു..
എടാ പൊട്ട കുണാപ്പി അതു ചെറുപ്പത്തിൽ വെറുതെ ഇടുന്ന തൊളയാണ് . പെണ്ണ് ആണെന്ന് മനസ്സിലാക്കാൻ.
ഇപ്പോൾ ഞാൻ ശരിക്കും പെണ്ണായെന്നാ എല്ലാരും പറയുന്നത് . അത്കൊണ്ട് ശരിക്കും കാത് കുത്തുന്നു പോലും . ആ പരിപാടി ആണ് നാളെ ..
അപ്പോൾ കുത്തുമ്പോ ചോര വരൂലേ. കുൽസൂന് വേദനിക്കൂലെ..
ഏയ് ഇത് വേദന ഒന്നും ഉണ്ടാകില്ല. മന്ത്രിച്ചു ഊതി കുത്തുന്നതാണെന്നാ എല്ലാരും പറഞ്ഞത്.
ഏതായാലും നാളെ ഞാൻ വലിയ ആളാകും നീ നോക്കിക്കോ..
മക്കത്ത് നിന്നുള്ള ചോന്ന കല്ല് കൊണ്ടുള്ള കാതിൽ ആണെന്നാ ഉപ്പ പറഞ്ഞത്. നാളെ നീ കണ്ടോക്ക് ഏതായാലും..
*
പിറ്റേ ദിവസം തറവാട്ടിൽ ആൾക്കാർ കൂടി . ആഘോഷമാക്കി കാത് കുത്ത് നടന്നു ..
സകല പ്രതീക്ഷകളെയും കീഴ്മേൽ മറിച്ചു കൊണ്ട് കുൽസൂന്റെ കണ്ണീർ തുള്ളികൾ ധാര ധാരയായി ഒഴുകി..
കാത് കുത്ത് നോക്കി നിന്ന അബൂന്റെ കണ്ണും എങ്ങനെയോ നിറഞൊഴുകി..
ആരും കാണാതെ കണ്ണീർ ഒഴുക്കി അബൂ അന്ന് മടങ്ങി..
കുറച്ചു ദിവസം കഴിഞ്ഞു പതിവുപോലെ കളിയും ചിരിയുമായി അവർ കൂട്ടുകാരായി നടന്നു..
അതിനിടയിൽ അബൂ കുൽസൂനോട് പറഞ്ഞു.. അല്ല കുൽസു, നിനക്കറിയോ കാത് കുത്തിയത് നിന്റെ ആണെങ്കിലും കണ്ണ് നിറഞ്ഞത് എന്റെ ആയിരുന്നു.
അന്ന് നിന്റെ കണ്ണീർ ച്ചാൽ കണ്ടു ബിരിയാണി പോലും മര്യാദക്ക് തിന്നാൻ പറ്റിയില്ല.. ആ ഉസ്താദിന്റെ കൈ തല്ലി ഒടിക്കാൻ തോന്നിയിരുന്നു എനിക്ക്.
ഹ ഹ ഹ.. ആണോടാ ചെക്കാ..
പക്ഷെ നിന്റെ സുന്നത്ത് കല്യാണത്തിന്റെ കാര്യം ഓർക്കുമ്പോ എനിക്ക് എന്റെ കരച്ചിൽ വലിയ കാര്യമാണെന്ന് തോന്നിയിട്ടില്ല..
അന്നെന്തൊക്കെയായിരുന്നു പുകിൽ . നിന്റെ കല്യാണമാണെന്ന് പറഞ്ഞു നാട്ടിൽ മൊത്തത്തിൽ കൂക്കി വിളിച്ചു നടന്ന വീര ശൂര പരാക്രമിയെ എനിക്ക് ഇപ്പോഴും ഓർമയുണ്ടെന്ന് പറഞ്ഞു കുൽസു ഒന്ന് ചിരിച്ചപ്പോ അബൂന്റെ ഓർമ്മ ആ നീറുന്ന വേദനയിലേക്ക് പാഞ്ഞു പോയി.
*
ടീ കുൽസു
നീ അറിയോ നാളെ എന്റെ കല്യാണം ഉണ്ട് പോലും..
ആരാ പറഞ്ഞെ പൊട്ട നിന്റെ കല്യാണം ആണെന്ന്.
ഉമ്മച്ചി പറഞ്ഞല്ലോ..
നാളെ കുടുബക്കാരൊക്കെ വരുന്നുണ്ട്.. ബിരിയാണിയോക്കെ വെക്കുന്നുണ്ട്.. നാളെ എന്റെ സുന്നത് കല്യാണം ആണ് പോലും..
അതെന്താ സാധനം എന്ന് എനിക്കറിയില്ല.. പക്ഷെ കുറച്ചു ദിവസം എല്ലാരും പലഹാരമൊക്കെ കൊണ്ട് വരും പോലും.. എല്ലാരും കളിപ്പാട്ടവും പുതിയ കുപ്പായമൊക്കെ കൊണ്ടേരും പോലും..
നീ ഏതായാലും രാവിലെ പെരയിലേക്ക് വരണെ.. എന്റെ കല്യാണത്തിന് ..
**
അന്ന് രാത്രി അബു കല്യാണവും ഓർത്ത് കിടന്നു നേരം വെളുപ്പിച്ചു..
പിറ്റേന്ന് രാവിലെ കുടുംബക്കാരൊക്ക വന്നു…
അല്ല ഉമ്മച്ചി ഇങ്ങള് കല്യാണം ഉണ്ടെന്ന് പറഞ്ഞു എന്നെ പറ്റിച്ചേക്ക്ന്നോ.. എനിക്ക് പുതിയ കുപ്പായമൊന്നും തരുന്നില്ലല്ലോ..
ആട്ക്ക്ടാ ചെക്കാ..
കുറച്ചു കഴിഞ്ഞു ഉസ്താദൊക്കെ വരും എന്നിട്ട് നേർച്ചയൊക്കെ കഴിച്ച് നിന്നെ അടിപൊളി ചെക്കൻ ആക്കൂലേ.. നീ കുറച്ചു നേരം കൂടി മുറ്റത്തൊക്കെ പോയി കളിച്ചിട്ട് വാ…
ഘടികാരത്തിന്റെ സൂചി ഉറുമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞു..
കല്യാണം കഴിച്ച് ബിരിയാണി തിന്നാനുള്ള പൂതിയിൽ അബു ആകെ ഞെരി പിരി കൊണ്ട്..
കുറച്ചു അകലെ നിന്ന് നോക്കി നിൽക്കുന്ന കുൽസൂനെ നോക്കി അബു പുഞ്ചിരി തൂകി.
കല്യാണം കഴിഞ്ഞാലും കുൽസൂനെ മറക്കൂല എന്ന് മുഖം കൊണ്ട് ഭാവം കാണിച്ചു..
സമയം ആയെന്ന് ആരോ പറഞ്ഞപ്പോ എല്ലാരും കൂടി അബൂനെ പിടിച്ചു മുറിയിൽ കൊണ്ട് പോയി.
ഉടതുണയില്ലാതെ പിടിച്ചു കിടത്തി
പിന്നെ എല്ലാം ചട പടാ ആയിരുന്നു..
എല്ലാരും കൂടി അബൂനെ പിടിച്ചു കട്ടിലിൽ കിടത്തി.
യാ ബദ്രീങ്ങളെ കല്യാണം ആണെന്ന് പറഞ്ഞു എല്ലാരും കൂടി എന്നെ കൊല്ലാനുള്ള പണിയാണോന്ന് പറഞ്ഞു അബു നിലവിളിച്ചു. കള്ള പന്നി ഉസ്താദ്.. അബു അരിശം പൂണ്ടു..
അബൂ ഉസ്താദിന്റെ ഊശാൻ താടി പിടിച്ചു വലിച്ചു..
ഓർമ്മയുണ്ടോടാ ചെക്കാ ആ ദിവസം..”
അങ്ങനെ സംഭവ ബഹുലമായ നിന്റെ ആ സുന്നത്ത് കല്യാണം കഴിഞ്ഞു ഞാൻ ദിവസം കാണാൻ വന്നതും, വാതിൽ പടിയിൽ നിന്ന് ഞാൻ നോക്കുമ്പോൾ നീ അന്ന് നാണത്താൽ എന്തൊക്കെയാ കാണിച്ചു കൂട്ടിയത് ബുദ്ദൂസെ..
**
അബു പതുക്കെ ഓർമ്മകളെ മാടി വെച്ച് തന്റെ ഡയറി അടച്ചു വെച്ചു.
ശുഭം!