ചരിത്ര താളുകളിൽ രേഖപ്പെടുത്തിയാൽ മറ്റു ചരിത്രങ്ങൾ ആൾക്കാർ മറന്നു പോകും എന്ന ഒറ്റ കാരണം കൊണ്ട് മാത്രം രേഖപ്പെടുത്താതെ പോയ സംഭവ ബഹുലമായ ഈ സംഗതി നടക്കുന്നത് കാദറിന്റെ ചെറുപ്പകാലത്താണ്..
വളരെ വ്യക്തമായി പറഞ്ഞാൽ സ്കൂളിൽ പഠിക്കുന്ന പ്രായം..
സുന്ദരനോ സുമുഖനോ സർവോപരി സൽഗുണ സമ്പന്നനോ എന്ന കാര്യത്തിൽ പ്രസക്തി ഇല്ലാത്തതിനാൽ കാദറിന്റ കാര്യത്തിൽ വിശദീകരണം നൽകുന്നില്ല… പക്ഷേ ആളൊരു പോക്കിരിയാണ്..
കൂടെ പഠിക്കുന്ന ഉമ്മു കുൽസൂന്റെ ഖൽബിൽ ഏതേലും വിധത്തിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഒരു പച്ച പാവം നിഷ്കു..
നേരം വെളുത്തിട്ട് ഒരുപാടു നേരമായെങ്കിലും താൻ എഴുന്നേറ്റിട്ടില്ല,അല്ല തനിക്ക് എഴുന്നേൽക്കാൻ പറ്റിയിട്ടില്ല എന്ന സത്യം കാദർ മനസിലാക്കിയിരിക്കുന്നു..
തനിക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്.. താൻ മരിച്ചു കിടക്കുവാണ്..
താൻ മരിച്ചിട്ടില്ല എന്നും എല്ലാം നിങ്ങളുടെ തോന്നൽ ആണെന്നും തെളിയിക്കാൻ ഖാദർ ശ്രമിച്ചു കൊണ്ടേയിരുന്നു.. അവരെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. കൈ അനക്കി വിളിച്ചു..ഇല്ല പറ്റണില്ല. .. ചിരിച്ചെന്നും കൈ അനക്കിയെന്നതും തന്റെ തോന്നൽ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ കാദറിന് സങ്കടം നിറഞ്ഞു. നിരാശയായി. പൊട്ടികരഞ്ഞു.. ആരും ഇതൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല..പഠിച്ച പണി പതിനെട്ടും സ്വന്തമായി രൂപീകരിച്ച പല പണിയും എടുത്തിട്ടും കൈ അനക്കാനോ ചിരിക്കാനോ പറ്റുന്നില്ല..
വെള്ളയാൽ മൂടിയ തന്നെ ആരൊക്കെയോ എത്തി നോക്കി പോകുന്നു..
അതിനിടയിൽ.. യാ റബ്ബേ,!തന്റെ സ്ലേറ്റ് മായി ചെടി കട്ടെടുത്ത സിനാൻ ഒരു ഉളുപ്പും ഇല്ലാതെ കള്ള കണ്ണീർ ഒലിപ്പിച്ചു വന്നു നോക്കിയിട്ട് പോകുന്നു.. കള്ള സുവർ..
കാദർ അരിശം പൂണ്ടു. ഓന്റെ മോന്ത അടിച്ചു കലക്കണം എന്നുണ്ട്..
എന്നാലും ആരും തന്നോട് മിണ്ടുന്നില്ലല്ലോ..
ഒന്ന് മിണ്ടിയിട്ട് പോകൂ എന്ന് പറയാൻ ചുണ്ട് ചലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ പറ്റണ്ടേ…
ഇതുപോലൊരു നിസഹായവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.
പക്ഷേ ഈ കിടത്തത്തിലും കാദർ അല്പം ആശ്വാസത്തിൽ ആയിരുന്നു..
സ്കൂളിലെ ജമീല ടീച്ചർ നാളേക്ക് പഠിച്ചിട്ട് വരാൻ പറഞ്ഞ 10-15 വരിയുള്ള മലയാള കവിത ഇനി പഠിക്കേണ്ടല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു..
പഠിക്കാതെ പോകുമ്പോ കിട്ടുന്ന പിച്ച് ഇനി തനിക്ക് കിട്ടില്ലല്ലോ. കൂട്ടുകാരായ ബഷീറും തടിയൻ ദീപുവും നുള്ള് വാങ്ങി കൂട്ടും..
കിട്ടണം! അവർക്കത് കിട്ടണം.. എന്നിട്ട് കൈ മുഴുവൻ മഞ്ചാടി പോലെ ചോക്കണം.. ഹ ഹ ഹ.. തന്റെ ഓഹരി കൂടി അവർക്ക് കിട്ടും.. അടിപൊളി..
അതിനിടയിൽ താൻ നെയ്തെടുത്ത കിനാവുകൾ എല്ലാം തനിക്ക് ചുറ്റും കറങ്ങുന്നതായി കാദറിന് തോന്നി.. അതിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് ഉമ്മു കുൽസൂന്റെ വട്ട മുഖമാണ്..
കുൽസു തന്റെ കനവിലെ ബീവിയാണ്..
ഓളെ കണ്ടപ്പോ തോന്നിയ എന്തോ ഒന്ന് അതിന് മുമ്പോ ശേഷമോ തോന്നിയിട്ടില്ല എന്ന് പലവട്ടം സ്കൂളിന്റെ മതിലിലും ബോഡിലും കാദർ വരഞ്ഞിട്ടുണ്ട്…
കൂട്ടുകാരുടെ കയ്യിൽ പതിയാൻ പോകുന്ന മഞ്ചാടിയെ ഓർത്തപ്പോ ആണ് കാദറിന് കുൽസൂന് കൊടുത്ത വാക്ക് ഓർമ വന്നത്..
സ്കൂളിന്റെ മുറ്റത്തെ മരത്തിൽ നിന്ന് വീഴുന്ന ഓരോ മഞ്ചാടിക്കുരുവും നിനക്ക് പെറുക്കി തരാമെന്ന് പറഞ്ഞ വാക്ക് കാദറിന്റെ ഹൃദയത്തിൽ പെരുമ്പട കൊട്ടി..
സ്കൂളിലെ എല്ലാരും മഞ്ചാടി കൊണ്ട് കളിക്കുമ്പോ തന്റെ കുൽസു മാത്രം മഞ്ചാടി ഇല്ലതെ സങ്കടപ്പെടില്ലേ. ഓൾ മാത്രം ഒറ്റപ്പെടില്ലേ..
ഓൾ കരഞ്ഞാൽ വരുന്ന കണ്ണീർ കണ്ടാൽ കടൽ പോലും തോറ്റു പോകും എന്നാണ് തോന്നിയിട്ടുള്ളത്..
ഓൾ കാത് കുത്തിയ കഥ പറഞ്ഞപ്പോ ആ കണ്ണീർ ചാൽ എങ്ങനെ ഉണ്ടാകുമെന്ന് ഊഹിച്ചെടുത്തതാണ്..
ഇല്ല! എന്റെ കുൽസു ഇനി ഒരിക്കൽ കൂടി കരയാൻ പാടില്ല..
കാദർ പടച്ചോനോട് നിലവിളിച്ചു..കരഞ്ഞു പറഞ്ഞു..
” പടച്ചോനേ ഇങ്ങള് എന്നെ കൊന്നോളീ.. എന്നെ മരിപ്പിച്ചോളീ…. പക്ഷേ എന്റെ കുൽസൂന് ഞാനൊന്ന് മഞ്ചാടി പെറുക്കി കൊടുക്കട്ടെ…
എന്നിട്ട് എന്നെ കൊന്നോളീ . റബ്ബേ..
ഇങ്ങള് കൊന്നോളീ..പടച്ചോനെ… മരിപ്പിച്ചോളീ..
ഒരു അവസരം കൂടി തന്നിട് കൊന്നോളീ… “”
ടപ്പേ! “കള്ള സുവർ..
ശൈത്താൻ
നേരം വെളുക്കുമ്പോ തന്നെ എന്ത് ബെടക്കത്തരം ആണീ ഹംക്ക് വിളിച്ചു പറയുന്നത് “എന്ന് ചോദിച്ചു ഹാലിളകകി ബാപ്പ വന്നു ചന്തിക്കിട്ട് രണ്ട് പൊട്ടിച്ചപ്പോൾ ആണ് കാദറിന് ബോധം വന്നത്..
എല്ലാം സ്വപ്നമായിരുന്നു..
ശുഭം!