ഉപ്പയോടൊപ്പം

ഇസു


“നിങ്ങൾ ആരാണ്.. എപ്പോഴും ഈട കാണുന്നുണ്ടല്ലോ…   നിങ്ങളുടെ പേര് എന്താണ്… ഞാൻ ഇപ്പോ ഏടെയാ ഉള്ളത്..”

ചോദ്യം കേട്ട് മുനീർ ഞെട്ടിയില്ല.. ഈ ചോദ്യങ്ങൾ ഇവിടെ പതിവാണ്..  ആ ശബ്ദം മുനീറിന്റെ ഉപ്പയുടെ ആണ്….

മുനീർ പുറത്തേക്ക് വന്ന സങ്കടം ഉള്ളിലൊതുക്കി ഒരു കുഞ്ഞിനോടെന്ന പോലെ ഉപ്പയുടെ കൈ പിടിച്ചു വാത്സല്യത്തോടെ പറഞ്ഞു കൊടുത്തു ..
ഞാൻ മുനീർ ആണുപ്പാ.. ഉപ്പയുടെ മോൻ.. ഇത് നമ്മളുടെ പൊര അല്ലെ.. ഉപ്പ ഇപ്പോൾ ഉള്ളത് ഉപ്പാന്റെ മുറിയിൽ അല്ലെ..
ഇത് കേൾക്കുമ്പോ ഉപ്പ ചെറുതായി പുഞ്ചിരിച്ചു .. ആ ശരി.. എനിക്കെന്തോ ഉറങ്ങി എണീറ്റപ്പോ പെട്ടെന്ന് ഒന്നും തിരിയാത്തത് പോലെ ആയി.. അതോണ്ട് ചോദിച്ചതാ..

സാരൂല.. മുനീർ പറഞ്ഞു..
.
മുനീർ ഉപ്പ കാണാതെ കണ്ണീർ തുടച്ചു..

മുനീറിന്റെ ഉപ്പാക്ക് അൽഷിമേഴ്‌സ് ആണ്.. പാവം.. ഉറങ്ങി എണീറ്റതൊന്നുമല്ല.. എപ്പോഴും പറയും ഞാൻ ഇപ്പോ ഉറങ്ങി എണീറ്റതാണെന്ന്..

കണ്ണ് തുടക്കുന്നത് കണ്ട് ഉപ്പ പിന്നെയും ചോദിച്ചു.. മോൻ ഏതാണ്.. എന്തിനാ കരയുന്നത്.. മോന്റെ കൂടെ ആരൂല്ലേ.. ഞാൻ ഇപ്പോ ഏട്യ ഉള്ളത്..  എന്റെ കൂടെ ആരുല്ല മോനെ.. മോൻ എന്നെ എന്റെ പൊരയിൽ കൊണ്ട് വിടുമോ.. മുനീർ വീണ്ടും പറഞ്ഞു കൊടുത്തു .. ഉപ്പാ ഞാൻ മുനീർ ആണ്.. ഉപ്പാന്റെ മോൻ.. 
അത് കേട്ട് ഉപ്പ പുഞ്ചിരിച്ചു.. ആ പുഞ്ചിരിക്ക് പ്രത്യേകിച്ചു അർത്തമൊന്നുമില്ല.. വെറുത ഒന്ന് ചിരിക്കുന്നു…ഉപ്പ ശൂന്യതയിലേക്ക് നോക്കി ഇരുന്നു…

മുനീർ സ്നേഹ നിധിയായ മോൻ ആണ്.. ഉപ്പയെ പൊന്ന് പോലെ നോക്കും..
റബ്ബിനോട് എപ്പോഴും പ്രാർത്ഥിക്കും..ഉപ്പാനെ ഞാൻ എത്ര കാലം വേണമെങ്കിലും നോക്കാം റബ്ബേ.. എന്റെ ഉപ്പാനെ ഒരിക്കലും സങ്കടപെടുത്തല്ലേ റബ്ബേ …

ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്ന ഉപ്പാന്റെ കയ്യിൽ പിടിച്ചു മുനീർ തന്റെ ബാല്യം ഓർത്തു…    എന്ത് ചോദിച്ചാലും വാങ്ങി തരുന്ന ഉപ്പ.. സ്നേഹ നിധിയായ ഉപ്പ..  താൻ കുസൃതി കാണിച്ചാൽ ഉമ്മച്ചി ഉപ്പയോട് പറഞ്ഞു കൊടുത്താലും ഉപ്പ തല്ലൂല.. പോട്ടേണെ .. ആണും പെണ്ണുമ്മായിട്ട് നമ്മക്ക് ഓൻ അല്ലെ ഉള്ളൂ…
അതുമല്ല ഓൻ ഇപ്പോ അല്ലാതെ പിന്നെ എപ്പോഴാ കുരുത്തക്കേട് കാണിക്കൽ.. എന്ന് ഉമ്മച്ചിയോട് പറയും ഉപ്പ… വൈകുന്നേരം പണി കഴിഞ്ഞ് വരുമ്പോൾ എപ്പോഴും ഉപ്പാന്റെ കയ്യിൽ ഒരു പൊതി കരുതിയിട്ടുണ്ടാകും.. അതിൽ   എനിക്കും ഉമ്മച്ചിക്കുമുള്ള പലഹാരം എന്തെങ്കിലും ഉണ്ടാകും..

ഇപ്പോ വയ്യാതായി പുറത്ത് ഇറങ്ങാതെ ആകുന്നതിനു മുമ്പ് വരെ ഉപ്പ ആ പതിവ് മുടക്കിയില്ലായിരുന്നു .  വളർന്നു വലുതായെങ്കിലും ഉപ്പ സ്നേഹത്തോടെ കൊണ്ട് വരുന്നത് ഒരു മടിയും ഇല്ലാതെ മുനീർ കഴിക്കും..

ഒരു ദിവസം ഉപ്പ അവനെ കൂട്ടി ഉത്സവ ചന്തക്ക് പോയതും.. മോന്ക്ക് എന്താ വേണ്ടതെന്നു ചോദിച്ചപോൾ ഒരു കുഞ്ഞു കാർ ന്റെ കളിപ്പാട്ടം കാണിച്ചു കൊടുത്തതും..   ഇത് ചെറുത് അല്ലെ.. ഈൽ നമുക്ക് എല്ലാര്ക്കും കേറാൻ പറ്റൂല എന്ന് പറഞ്ഞിട്ട് ഉപ്പ കുറച്ചു കൂടി വലിയ കളിപ്പാട്ട കാർ വാങ്ങി കൊടുത്തതൊക്കെ മുനീറിന്റെ ഓർമയിൽ തെളിഞ്ഞു വന്നു..  അന്ന് ആ കാർ കാണിച്ചു കൊടുത്തു കൂട്ടുകാരുടെ മുന്നിലൊക്കെ വല്യ ആൾ നടിച്ചിരുന്നു മുനീർ..

മുനീർ ഇപ്പോ ഡിഗ്രി പഠിക്കേണ്ട പ്രായമാണ്..+2പഠിക്കുന്ന സമയത്താണ് ഉപ്പയുടെ പെരുമാറ്റത്തിൽ വിത്യാസം കണ്ടു തുടങ്ങിയത്…. ഉപ്പാക്ക് വേണ്ടി +2കഴിഞ്ഞ് അവൻ പഠിപ്പ് നിർത്തി..
അവൻ ഉപ്പയെ പരിചരിക്കുന്നതും സംസാരിക്കുന്നതൊക്കെ ഉമ്മച്ചി നിസഹായതയോടെ നോക്കി നിൽക്കും..
ഉമ്മച്ചിക്കും പ്രായത്തിന്റെ നര വന്നു തുടങ്ങിയിട്ടുണ്ട്..
ഒരുപാട് നേർച്ചയും വഴിപാടുമൊക്കെ നേർന്നിട്ട് കുറെയേറെ വർഷം കഴിഞ്ഞിട്ടാണ്  ഇവർക്ക് മുനീർ ജനിക്കുന്നത്.. അത്കൊണ്ട് തന്നെ മുനീർ വളർന്നു മുതിർന്നു വരുമ്പോഴേക്കും ഉപ്പാക്ക് പ്രയാധിക്യവും  കൂടെ മറവി രോഗവും പിടി പെട്ടു..   ….  ഏത് നിമിഷവും വീട്ടിലേക്ക് ഓടിയെത്താലോ എന്ന കണക്കു കൂട്ടലിൽ അവൻ നാട്ടിൽ തന്നെ ഓരോ ഓട്ടോ ഡ്രൈവർ ആയി ജോലി നോക്കുന്നു..

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.. മുനീർ പതിവുപോലെ രാവിലെ തന്നെ ഉപ്പയുടെയും ഉമ്മയുടെയും മുറിയിലോട്ട് കയറി നോക്കി.. ഉമ്മ നിസ്കാര പായയിൽ ആണ്.. ഉപ്പ എഴുന്നേറ്റിട്ടില്ല..
ഉപ്പയുടെ കാര്യത്തിൽ പ്രത്യേകിച്ചു കൃത്യ നിഷ്ഠതയൊന്നുമില്ല.. ഇടക്ക് ഉറങ്ങും… ഇടക്ക് ഇരിക്കും…
  അവശനായത് കൊണ്ട് തന്നെ ഒറ്റയ്ക്ക് ഇറങ്ങി നടക്കലൊക്കെ ചെറിയൊരു ബുദ്ധിമുട്ട് ആണ്.. അത്കൊണ്ട് എവിടെയെങ്കിലും ഇറങ്ങി പോകുന്ന കാര്യത്തിൽ പേടിയില്ല..

പതിവുപോലെ ഉപ്പാന്റെ കൈ പിടിച്ചു മുത്തം കൊടുത്തപ്പോൾ ഉപ്പ കണ്ണ് തുറന്നു.. അവനെ കണ്ടതും കിതച്ചു കിതച്ചു പതിഞ്ഞ സ്വരത്തിൽ ചോദിക്കാൻ തുടങ്ങി.. നിങ്ങൾ ആരാണ്… ഞാൻ ഇതെവിടെയാ.. എന്നെ ഒന്ന് പൊരയിൽ കൊണ്ട് വിടുമോ മോനെ… എനിക്ക് ആരുമില്ല..  ഞാൻ ഇന്ന് പോകും   നിങ്ങൾ എന്നെ കാണാൻ വരണേ..

ഇത് ഞാനാണ് ഉപ്പാ മുനീർ..ഉപ്പാന്റെ മോൻ… ഉപ്പാക്ക് ചായ വേണ്ടേ … അത് ചോദിക്കാൻ വന്നതാണ്..  ഉപ്പ ഉറങ്ങിക്കോ.. ചായ കൊണ്ട് വരുമ്പോൾ വിളിക്കാം..

മുനീർ ന്നാ നിന്റെ പേര്.. മോന്റെ പൊര ഏടെയാ..  ഞാൻ എന്റെ പെരയിൽ പോകും.. മോൻ കാണാൻ വരോ..

ഉപ്പയെ പറ്റി വ്യക്തമായ ധാരണ ഉള്ള അവൻ     കാണാൻ വരാം എന്ന് പറഞ്ഞു ഉപ്പയെ സമാധാനിപ്പിച്ചു കിടത്തി..

അടുക്കളയിൽ പോയി പെട്ടെന്ന് ചായ ഇട്ടിട്ട് വന്നു ഉപ്പയെ വിളിച്ചു.. പക്ഷെ ആ വിളി ഉപ്പ കേട്ടില്ല.. എന്നന്നേക്കുമായി മുനീറിന്റെ പ്രിയപ്പെട്ട ഉപ്പ യാത്രയായി….
ചടങ്ങുകളൊക്കെ കഴിഞ്ഞ് മുനീർ ഉപ്പയുടെ കട്ടിലിൽ പോയി ഇരുന്ന് ഓർത്തു ഉപ്പ രാവിലെ പറഞ്ഞത്…ഞാൻ ഇന്ന് പോകും ഇന്ന് പോകും  എന്ന് ഉപ്പ തുടരെ തുടരെ പറഞ്ഞത് ഈ അവസാന യാത്രക്കായിരുന്നോ… ഒന്നും അറിയാതിരുന്ന ഉപ്പ തന്റെ മരണ യാത്ര അറിഞ്ഞിരുന്നോ…   ഉപ്പ വിട്ടു പിരിഞ്ഞെങ്കിലും  ഉപ്പാക്ക് ഒരു കുറവും വരുത്താതെ അവസാന നിമിഷം വരെയും ഉപ്പയോടൊപ്പം  എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു എന്ന സംതൃപ്തിയിൽ ഉപ്പാന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു  അവൻ കിടന്നു..


FacebookWhatsApp