ഓർമ്മയുണ്ടോ നിനക്കാ കാലം.. ഈ മൊബൈൽ ഫോണും കമ്പ്യൂട്ടർ ഒന്നും ഇല്ലാതിരുന്ന നമ്മുടെ കൗമാര കാലം…” ചാരു കസേരയിൽ ഇരുന്ന് ഗോപി ലക്ഷ്മിയോടെന്ന പോലെ പറഞ്ഞു..
അത് കേട്ട് മറുപടി എന്നോണം ലക്ഷ്മിയും പറഞ്ഞു
“എന്തെ ഇപ്പോ അങ്ങനൊരു ചിന്ത.. എനിക്ക് ഓർമയില്ലാതിരിക്കുമോ ..നമ്മൾ രണ്ടും ഒരേ പ്രായമല്ലേ മനുഷ്യാ..എനിക്കെന്താ മറവി രോഗമുണ്ടോ”
“ശെടാ.. ഇമ്മാതിരി മറുപടി പറഞ്ഞു നീ എന്റെ മൂഡ് കളയല്ലെടി ഭൂലോക സുന്ദരീ.. ഞാൻ അല്പം നൊസ്റ്റു അടിച്ചതല്ലേ..
ഓഹോ.. എന്താണ് ഇപ്പോ ഒരു നൊസ്റ്റു.. സുന്ദരി എന്ന വിളിയും…
നിങ്ങൾക്ക് അങ്ങനെയൊക്കെ വിളിക്കാൻ ഇപ്പോഴും അറിയുമല്ലേ.. ഞാൻ കരുതി അതൊക്കെ മറന്നു കാണുമെന്ന്.. അല്ല അങ്ങനെ കരുതുന്നതിലും തെറ്റില്ലല്ലോ.. എത്ര കാലായി അങ്ങനൊരു വിളി കേട്ടിട്ട്..
എടീ മരപ്പോത്തെ ഇന്ന് നമ്മുടെ വിവാഹ വാർഷികം അല്ലെ..
അത് പിന്നെ എനിക്കും അറിയാലോ.. അതിനാണോ വലിയ നൊസ്റ്റു അടിച്ചതും സുന്ദരി എന്ന് വിളിച്ചതും..
ശ്ശെടാ ഈ പെണ്ണെന്താ ഇങ്ങനെ.. കല്യാണം കഴിഞ്ഞു പത്തു മുപ്പതു വർഷം കഴിഞ്ഞെങ്കിലും ആ കാലം നമുക്ക് മറക്കാൻ പറ്റുമോ.. ഞാൻ നമ്മൾ പരിചയപ്പെടാൻ ഉണ്ടായ സാഹചര്യം ഓർക്കുകയായിരുന്നു..
ഇത് കേട്ടതും ലക്ഷ്മിയുടെ മുഖം ഒന്ന് നാണത്താൽ ചുവന്നു..
ഹോ ഒരു നാണക്കാരി .. ടോ ഞാൻ ഓർക്കുകയായിരുന്നു.. അന്ന് ഇന്നത്തെ പോലെ കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ ഉണ്ടായിരുന്നെങ്കിൽ നമ്മൾ കണ്ടു മുട്ടുമായിരുന്നോ.. പരിചയപെടുമായിരുന്നോ…. ഇല്ലാലോ..
“ഓഹോ.. ഇതാണോ ഇത്ര ആനകാര്യമായി ആലോചിച്ചു കൂട്ടുന്നത്.. എന്നാ ഇവിടെ ചാരിയിരുന്നു ആലോചിച്ചു കൂട്ട്.. എനിക്ക് അടുക്കളയിൽ ഇത്തിരി പണിയുണ്ട് എന്ന് പറഞ്ഞു ലക്ഷ്മി അടുക്കള ലക്ഷ്യമാക്കി നടന്നു..
ഗോപി അതുകേട്ട് ചെറുതായി ഒന്ന് ചിരിച്ചു …
ഹ്മ്മ് ഇങ്ങനൊരു മരപ്പോത്ത്.. ഈയിടെയായി നിന്റെ സ്നേഹം കുറയുന്നുണ്ടോ എന്ന് സംശയം ഉണ്ട്..
ഗോപി അടുക്കള നോക്കി വിളിച്ചു പറഞ്ഞു..
ആ ഇച്ചിരി അല്ല.. കുറെ കുറഞ്ഞിട്ടുണ്ട്.. കൊറേ കാലമായില്ലേ ഈയുള്ളവനെ സഹിക്കാൻ തുടങ്ങിയിട്ട്.. മാത്രമല്ല.. പ്രായം കൂടി വരുന്നുണ്ട്.. കാലൻ വിളിച്ചാൽ പോകാനുള്ളതല്ലേ..പഴയത് പോലെ സ്നേഹം കാണിച്ചാൽ പെട്ടെന്ന് അങ്ങ് പോകുമ്പോ വലിയ വിഷമം വരും.. അത്കൊണ്ട് സ്നേഹം കുറച്ചു..
ഗോപിയേട്ടൻ കേൾക്കാൻ എന്നവണ്ണം ഒരു തമാശ ആയിട്ടാണ് ലക്ഷ്മി ഇങ്ങനെ പറഞ്ഞത്.. ചിരിച്ചു കൊണ്ടാണ് പറഞ്ഞെതെങ്കിലും ലക്ഷ്മിയുടെ കണ്ണ് അല്പം നിറഞ്ഞു..
അങ്ങനെ പിരിയുന്ന അവസ്ഥ ഉണ്ടാകുന്നത് ഓർക്കാൻ കൂടി വയ്യ…
കുടുംബക്കാരെയും വേണ്ടപ്പെട്ടവരേയുമൊക്കെ തള്ളി കളഞ്ഞിട്ടാണ് താഴ്ന്ന ജാതിക്കാരനായ തന്റെ പ്രിയപ്പെട്ടവന്റെ കൂടെ ലക്ഷ്മി ഇറങ്ങി പോയത്…
അന്ന് നാട്ടിൽ എന്തൊക്കെയോ പുകിലുകൾ ആയിരുന്നു.. ഗതിയില്ലാതെ വന്നപ്പോൾ ആണ് ആ നാട് വിട്ട് രണ്ടുപേരും വളരെ ദൂരം താണ്ടി ഇപ്പോൾ താമസിക്കുന്ന ഈ നാട്ടിലേക്ക് എത്തി പെട്ടത്..
ലക്ഷ്മിയുടെ ഉള്ളിലേക്ക് അവരുടെ പ്രണയ കാലം ഓർമയിൽ വന്നു.. പ്രീ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയം.. ആ കാലത്താണ് നാട്ടിലെ
വായനശാലയിൽ ടൈപ് റൈറ്റിംഗ് പഠിപ്പിക്കുന്ന കോഴ്സ് തുടങ്ങിയത്. കൂടെയുള്ളവർ ചിലർ ഡിഗ്രി പഠിക്കാനും തയ്യൽ പഠിക്കാനുമൊക്കെ ചേർന്നെങ്കിലും ലക്ഷ്മിക്ക് താല്പര്യം ടൈപ്പിംഗ് പഠിക്കാനായിരുന്നു.. പഠന താല്പര്യം എന്നതിലുപരി പുതിയൊരു കുന്ത്രാണ്ടം പഠിക്കുന്നു എന്നൊരു ആകാംക്ഷ ആയിരുന്നു..
വീട്ടുകാർ എതിർപ്പൊന്നും പറഞ്ഞില്ല… അവളെ ടൈപ്പിങ്ങിന് പറഞ്ഞു വിട്ടു.. അവൾ പഠിക്കാൻ പോയി തുടങ്ങി…
ആയിടക്കാണ് ടൈപ്പിംഗ് പഠിക്കാൻ മെലിഞ്ഞ ഒരു പൊടി മീശക്കാരൻ പയ്യൻ അവിടെ എത്തി ചേർന്നത്..പേര് ഗോപി..കാണാൻ വലിയ ഭംഗിയൊന്നും ഇല്ലാത്ത ഒരു ഞാഞ്ഞൂൽ ചെക്കൻ.. അവൾ ഒട്ടും ശ്രദ്ധിക്കാനും പോയില്ല.. അവനും ശ്രദ്ധിച്ചില്ല..അവളെയെന്നല്ല.. ആരെയും ശ്രദ്ധിക്കാൻ നിന്നില്ല.. പെട്ടെന്ന് ടൈപ്പിംഗ് പഠിച്ചു ഗൾഫിൽ ജോലിക്ക് പോകണം എന്ന ഉദ്ദേശമായിരുന്നു അവന്..
ആൾ നല്ലൊരു തമാശക്കാരൻ ആയിരുന്നു.. അവന്റെ തമാശകൾ എല്ലാരും കേട്ട് ആസ്വദിക്കുന്നത് പോലെ അവളും ആസ്വദിക്കും..
ടൈപ്പിംഗ് പഠനം മുന്നോട്ട് പോകുന്തോറും ടൈപ് ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ ഗോപിക്ക് കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.. പലപ്പോഴും അവിടെ നിന്ന് വെപ്രാളപെട്ടു ഗോപി.. ലക്ഷ്മി ആണെങ്കിൽ സുഖ സുന്ദരമായി കാര്യങ്ങൾ പഠിച്ചു വരുന്നു.. ക്ലാസ്സിലെ മിടുക്കിയായ ലക്ഷ്മിയോട് ഗോപിക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാമോ എന്ന് മാഷ് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അവൾ അത് ഏറ്റെടുത്തു..
താനും ഒരു ടീച്ചർ ആയി എന്ന അഭിമാനത്തോടെ ആണ് അവൾ ഗോപിയെ സഹായിക്കാം എന്നേറ്റത്..
അവൾ ഗോപിയെ പഠനത്തിന് സഹായിക്കാൻ തുടങ്ങി.. പഞ്ച പാവമായ അവൻ..പഠിത്തത്തിനിടയിൽ പല പല തമാശകളും പറയും..അവൻ പറയുന്ന തമാശകൾ കേട്ട് അവൾ പൊട്ടിച്ചിരിക്കും എപ്പോഴും…. പിന്നീട് എപ്പോഴോ അവളുടെ മനസ്സിൽ അവൻ കയറി കൂടി… അവൻ ഒരു ദിവസമെങ്കിലും ലീവ് ആയാൽ അവൾക്ക് സമാധാനം ഉണ്ടാകില്ല.. പിന്നീട്
അവനെ കാണാതിരിക്കാൻ വയ്യെന്നായി.. അവളുടെ ഉള്ളിൽ അവനോടുള്ള അനുരാഗമാണെന്ന് തിരിച്ചറിഞ്ഞ നാൾ അവൾ അത് അവനോട് തുറന്നു പറഞ്ഞു..
“ഞാൻ ഒരു കാര്യം പറഞ്ഞാൽ താനിത് ആരോടും പറയരുത്..”. എതിർപ്പുണ്ടേൽ എന്നോട് മാത്രം പറഞ്ഞാൽ മതി എന്ന് മുഖവുര പറഞ്ഞു അവൾ അവനോട് ഇഷ്ടം തുറന്നു പറഞ്ഞു..
അവനു അതൊരു അതിശയത്തോടെ ആണ് കേട്ടിരുന്നത്.. അവൻ ഒന്നും മറുപടി പറഞ്ഞില്ല…
അടുത്ത ദിവസം അവൻ ടൈപ് റൈറ്ററിൽ ഒരു എഴുത്ത് എഴുതി അവള്ക്ക് കൊടുത്തു..
” ഇഷ്ടപ്പെടാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത്.. ഇഷ്ടപെട്ടാൽ തന്നെ ഒരുമിച്ച് ജീവിക്കാൻ നമുക്കാകുമോ..” നീ ഇത് മറക്കണം “
അത് വായിച്ച അവളിൽ അവനോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്.. ഇത്രയും ശുദ്ധ മനസ്കനായ ഒരാളെ ആർക്കും വിട്ടു കൊടുക്കില്ല എന്നവൾ ശബദ്ധം ചെയ്തു..
അവന് തിരിച്ചൊരു എഴുത്ത് എഴുതി കൊടുത്തു..
” എനിക്ക് മറക്കാൻ ആവില്ല.. ഗോപി എന്റെ ഭാഗത്തു നിന്ന് ആലോചിച്ചു നോക്ക്.. എന്റെ ഇഷ്ടം തിരിച്ചറിയണം “
എഴുത്ത് വായിച്ച അവൻ ആകെ കൺഫ്യൂഷനിൽ ആയി.. അവന്റെയും ഉള്ളിന്റെയുള്ളിൽ ഒരു ഇഷ്ടമൊക്കെ ഉണ്ടായിരുന്നെങ്കിലും നാട്ടിലെ സദാചാര ചിന്തകൾ ആയിരുന്നു അവനെ പിറകോട്ടു വലിപ്പിച്ചിരുന്നത്.. അവളുടെ ഇഷ്ടത്തിന് മുന്നിൽ ഇനിയും എതിർത്തു നില്ക്കാൻ അവനു പറ്റിയില്ല….
ഒരു ദിവസം അവളെ ഇറക്കി കൊണ്ട് വന്നു താലി കെട്ടി സ്വന്തമാക്കി…
…………
“സുന്ദരികോതേ “, എന്ന വിളി കെട്ടാണ് അവൾ ഞെട്ടിയത്… ഗോപിയാണ്..
നീ ഇതെന്ത് ആലോചിക്കുവാണ് ലക്ഷ്മി എന്ന് പറഞ്ഞു ഗോപി അടുക്കളയിൽ അവളുടെ അടുത്തേക്ക് വന്നു..
ഗോപിയെ കണ്ടതും ലക്ഷ്മി നെഞ്ചിലേക്ക് ചാഞ്ഞു എന്നിട്ട് പറഞ്ഞു..അതേയ് ഗോപിയേട്ടാ ഞാനും ഒന്ന് നൊസ്റ്റു അടിച്ചു പോയതാ ..
“നിന്റെ നൊസ്റ്റു എന്താണെന്ന് എനിക്ക് മനസ്സിലായെന്ന് പറഞ്ഞു ഗോപി ചിരിച്ചു.. അതുക്കേട്ട് ലക്ഷ്മി നാണത്തോടെ ഗോപിയേട്ടനെ നോക്കി..