ഞാവൽ പഴം

ഇസു


ഇച്ചാപ്പിയുടെ  തറവാടിന്റെ മുന്നിലൊരു ഞാവൽ പഴത്തിന്റെ മരമുണ്ട്..
ആ മരത്തിന്റെ വേരും പ്രധാന തടി ഭാഗവും നിൽക്കുന്നത് അയൽ വീട്ടിലെ പറമ്പിലാണെന്ന് മാത്രം.അതായത് ഇച്ചാപ്പി കയറി പറിക്കുന്ന ഞാവൽ പഴത്തിന്റെ യഥാർത്ഥ അവകാശി അയൽവക്കത്ത് താമസിക്കുന്നവരാണ് എന്നർത്ഥം..

അതിന്റെ അനുസരണയില്ലാത്ത ഏതോ ഒരു ശിഖരം അവന്റെ തറവാടിന്റെ മുറ്റത്തേക്ക് ചാഞ്ഞപ്പോൾ അനുസരണയില്ലാത്ത ആ പഹയന്റെ മനസ് ആ ഞാവൽ പഴത്തിന്റെയൊക്കെ ആജീവാനന്ത അട്ടിപ്പേറവകാശം ആരോടും ചോദിക്കാതെയും പറയാതെയും സ്വന്തമാക്കി എടുത്തതാണ്.

ഞാവൽ പഴം പൂത്താൽ അത് വഴി പോകുന്ന തരുണീ മണികൾ മേലേക്ക് നോക്കി വെള്ളമൂറുന്നത് കാണാൻ നല്ല ചേലാണ്..

  വൈകുന്നേരങ്ങളിൽ  കാറ്റ് കൊള്ളാൻ  അതിന്റെ കീഴെ പോയിരിക്കും ആ മഹാൻ .

കാറ്റ് കൊള്ളുകയാണ് എന്ന ബാനറിന്റെ കീഴിൽ വഴിയിൽ പോകുന്ന സുന്ദരികളുടെ  സൗന്ദര്യാസ്വാദനം ആണ് പ്രധാന പരിപാടി എന്ന് ഓന്ക്ക് മാത്രമറിയുന്ന വലിയ രഹസ്യമാണ്..

ഇളം കാറ്റിൽ ഞാവൽ പഴം എന്തെങ്കിലുമൊക്കെ വീഴുമ്പോൾ അതെടുത്ത് കഴിക്കും..

വൈകുന്നേരം സൈക്കിൾ എടുത്ത് ട്യൂഷൻ ക്ലാസ്സിൽ പോകുന്ന ഒരു മധുര പതിനാല് കാരി ആമിന എപ്പോഴും ആ പഴം നോക്കി പോകുന്നത് കണ്ടിട്ടുണ്ട്..   ആ നോട്ടം കണ്ടാൽ അറിയാം ഓൾക്കത് വേണമെന്ന്.. പലവട്ടം കണ്ടപ്പോ ഓന്റെ ഉള്ളിലെ മുഹബ്ബത്തിന്റെ ഏതോ ഒരു ചെറിയൊരു ശിഖരം ചെറുതായി ഒന്ന് ഓളെ നേരെ ചായാൻ തുടങ്ങി.
നിൽക്കക്കള്ളിയില്ലാതായപ്പോൾ ഒരു ദിവസം ആമിനയോട് പോയി ചോദിച്ചു നിനക്ക് പഴം വേണോന്ന്..

മ്മ്..എന്ന് മൂളി താഴോട്ട് നോക്കിയ ആമിനയുടെ കവിളിൽ വിരിഞ്ഞ നുണ കുഴിക്ക്  പതിനാലാം രാവിന്റെ ചേലാണെന്ന് തോന്നിയത് പ്ലസ്ടു കഴിഞ്ഞു നിൽക്കുന്ന ഇച്ചാപ്പിയുടെ പ്രായത്തിന്റെ പ്രശ്നമായിരുന്നു..

അഞ്ചാറു ഞാവൽ പഴം കയ്യിൽ കൊടുത്ത് ഇഷ്ടാണെങ്കിൽ നാളെയും വരണേ എന്ന് പറഞ്ഞപ്പോ ഓന്റെ മനസ്സിൽ മുഹബ്ബത്തിന്റെ രുചി ആയിരുന്നെങ്കിൽ ആമിനാന്റെ ഉള്ളിൽ ഞാവൽ പഴത്തിന്റെ രുചി ആയിരുന്നു.

അങ്ങനെ അടുത്ത ദിവസവും ഓൾ വന്നു അവിടെ കുണുങ്ങി നിന്നു..
ഓന്റെ മനസ്സിൽ അഞ്ചാറു മുഴുത്ത ഞാവൽ പഴം മുള പൊട്ടി..
ആമിനക്ക് എന്നെ ഇഷ്ടാണ്.. അതുകൊണ്ടല്ലേ ഇന്നും വന്നത് കൊച്ചു കള്ളി എന്ന് മനസ്സിൽ പറഞ്ഞു.

അവൻ നല്ല മുഴുത്ത ഞാവൽ പഴം തന്നെ മരത്തിൽ കയറി പറിച്ചു കൊടുത്തു..

ആമിന മുല്ലപ്പൂ പല്ല് കാട്ടി ചിരിച്ചു നിന്നു.. ഇച്ചാപ്പിയുടെ ഉള്ളിലെ മുഹബ്ബത്തിന്റെ പരിണിത ഫലം ഒരു ചുടു ചുംബനമായി ആ ഞാവൽ മരത്തിന്റെ തൊലിയിൽ പതിഞ്ഞു..

ആമിനാ.. നിന്റെ തലയിലെ റോസാ പൂ എനിക്ക് തരോ.. ഞാൻ ഒരു നൂലിൽ കെട്ടി നിന്റെ കഴുത്തിൽ  മാല ആക്കി ഇട്ട് തരട്ടെ എന്ന് ഒരു ആവേശത്തിൽ ചോദിക്കുകയും ചെയ്തു..

അടുത്ത ദിവസം ആമിനയുടെ ഇക്കാക്ക വന്നു ഒരു റോസാ പൂ ഇച്ചാപ്പിയുടെ കയ്യിൽ വെച്ച്  ഒന്ന് തലോടി കൊടുത്തു . പൂവിന്റെ കൂടെ അതിന്റെ കമ്പും മുള്ളും ഉണ്ടായിരുന്നു എന്ന് മാത്രം..
  “കള്ള സുവറെ അന്റെ മുട്ട് കാൽ ഞാൻ തല്ലിയൊടിക്കും” എന്നൊരു സ്നേഹ മൊഴിയും കൂട്ടത്തിൽ ഉണ്ടായിരുന്നു.

ആ മരത്തിന്റെ കീഴെയിരുന്ന് ഇച്ചാപ്പി താടിയ്ക്ക് കൈകുത്തി ആലോചിക്കുകയായിരുന്നു.. ഓളോട് ഞാനൊരു പൂ ചോദിച്ചതിന് മുള്ളും ചെടികൊമ്പും തല്ലുമൊക്കെ കിട്ടുമെന്ന് കരുതിയില്ല..

ആരും കണ്ടില്ല ഭാഗ്യം എന്ന് പറഞ്ഞു ഇച്ചാപ്പി വേഗം സ്ഥലം കാലിയാക്കി.


FacebookWhatsApp