“കഴിഞ്ഞ ദിവസം പതിവ് പോലെ നേരത്തെ ഉറങ്ങി.. പതിവുപോലെ എന്തൊക്കെയോ സ്വപ്നങ്ങൾ മിന്നി മറഞ്ഞു.. ആ കൂട്ടത്തിൽ നീയും ഉണ്ടായിരുന്നു മുനീ…
പതിവായി നിന്റെ മുഖത്ത് വിരിഞ്ഞിരുന്ന നിഷ്കളങ്കമായ നേർത്ത പുഞ്ചിരി കൂടെ തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ പെരുന്നാൾ തലേന്നല്ലേ നമ്മൾ അവസാനമായി കണ്ടത്..
ഇനിയൊരു കൂടി കാഴ്ച ഉണ്ടാകില്ല എന്ന് നീയൊരു സൂചന പോലും തന്നില്ലല്ലോ.. നിന്നെ ഇനി കാണാൻ കഴിയില്ല എന്നറിഞ്ഞപ്പോ ഉള്ളിൽ സങ്കടത്തിന് പകരം നിറഞ്ഞു വന്നത് വലിയ പിണക്കമായിരുന്നു.പറയാതെ പോയതിന്റെ പിണക്കം.
എന്താണ് സംഭവന്നെറിയോ.
എനിക്ക് നിന്നെ ഇഷ്ടാണ്.
എന്ത് ഇഷ്ടാണെന്ന് ചോദിച്ചാൽ എന്തോ ഒരിഷ്ട്ടുണ്ട്.. അത് എങ്ങനെയാന്നു പറയാൻ എനിക്കറിയില്ല.. അതിപ്പോ പ്രേമാണോ കൂട്ടാണോ എന്നും അറിയൂല.. പക്ഷേ എനിക്ക് നിന്നെ ഇഷ്ടാണ്…
നിനക്കും എന്നെ ഇഷ്ടായിരുന്നല്ലേ..ഒരിക്കൽ നിന്റെ ഉമ്മാനെ ഞാൻ കാണാൻ പോയപ്പോ ഉമ്മ എന്നോട് പറഞ്ഞു . മുനി എപ്പോഴും നിന്നെ പറ്റി പറയും. സഹതാപത്തോടെയല്ലാതെ ആരും നിന്നെ നോക്കാറില്ലായിരുന്നെന്നും എന്റെ പെരുമാറ്റത്തിൽ മാത്രമേ സ്നേഹം നിറഞ്ഞിരുന്നുള്ളു എന്നും നിന്റെ ഉമ്മാനോട് പറഞ്ഞിരുന്നല്ലേ.
നിന്റെ ഉമ്മ എന്നോട് പറഞ്ഞിരുന്നടാ എന്റെ മോളായി കയറി ചെല്ലാൻ വിധിച്ചിട്ടുണ്ടായിരുന്നെങ്കിലെന്ന് .
അന്നാ ആശുപത്രി കിടക്കയിൽ വെച്ച് നിന്നെ പരിചയപ്പെട്ടപ്പോൾ എനിക്കറിയില്ലായിരുന്നു നിന്റെ മനസ്സിൽ ഞാൻ ഇത്രത്തോളം സ്ഥാനം പിടിക്കുമെന്ന്..
കാൻസർ വാർഡിൽ നീ മരണത്തെ കാത്തു കിടക്കുകയാണെന്ന് അറിഞ്ഞിട്ടും പതിവായി ഞാൻ അവിടെ വന്നിരുന്നത് നിന്നെ കാണാൻ മാത്രമായിരുന്നു..
അടുത്ത വാർഡിൽ കിടക്കുന്ന ഉമ്മൂമ്മ എനിക്കൊരു മറ മാത്രമായിരുന്നു..
നിന്റെ ഉള്ളം പോലെ എന്റെ മനസ്സിൽ നീയും നിറഞ്ഞു നിന്നിരുന്നു..നിന്നെ സന്തോഷിപ്പിക്കാൻ തന്നെയായിരുന്നു ഞാൻ അവിടെ വന്നിരുന്നത് .. ഞാൻ മനസിലാക്കിയിരുന്നു കൂടെ ആരുമില്ലാത്തതിന്റെ പരിഭവം..
നിന്റെ ഉമ്മ നിസ്‌ക്കരിക്കാനും മറ്റു ആവശ്യങ്ങൾക്കും പോകുമ്പോൾ നിനക്ക് കൂട്ടായി എന്നെ നിർത്തിച്ചു പോകുന്നത് ആ ഉമ്മാക്ക് എന്നോടുള്ള വിശ്വാസം കൊണ്ടായിരുന്നെന്ന് എനിക്ക് മനസിലായിരുന്നു.. ആരെക്കാൾ നന്നായി ഞാൻ നിന്നെ ശ്രദ്ധിക്കുമെന്ന് നിന്റെ ഉമ്മ തിരിച്ചറിഞ്ഞിരുന്നു..
നിന്റെ ആവശ്യങ്ങളറിഞ്ഞു കൂടെ നിൽക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു..
നിന്റെ രോഗം മാറുമെന്നും നീ ഓടിച്ചാടി നടക്കുമെന്നും ഞാൻ വെറുതെയെങ്കിലും പ്രതീക്ഷിച്ചിരുന്നു.
നിന്റെ ഉമ്മയെ ഓർത്ത് നീ സങ്കടപ്പെടേണ്ട.. നിന്റെ ഉമ്മയെ ഞാൻ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.
ഉമ്മാക്ക് വേണ്ട മരുന്നുകളെല്ലാം ഞാൻ കൃത്യമായി എത്തിച്ചു കൊടുക്കുന്നുണ്ട്.. ഉമ്മാന്റെ മോളായി മാറാൻ വിധിച്ചില്ലെങ്കിലും ഇടക്കെപ്പോഴോ കയറി പോകുന്ന ഒരു അപരിചിതയായി ഞാൻ ഉമ്മാന്റെ കൂടെയുണ്ട്..
പ്രിയപ്പെട്ടോനെ,
നീയില്ലായ്മ വെറുമൊരു ശൂന്യതയല്ല സൃഷ്ടിക്കുന്നത്..
നീയില്ലായ്മയിലൂടെ ഞാൻ കൂടി ഇല്ലാതാകുന്നുണ്ട്..
നീയില്ലാത്ത ഈ ഭൂമിയിലെ പറുദീസ നരകത്തിന് തുല്യമാണ് പ്രിയനേ.
നീയെന്നത് മറക്കാനോ വർണിക്കാനോ പറ്റാത്ത മധുര മനോഹര ഏടായി എന്നിൽ അവശേഷിക്കും. ഒടുവിൽ ആറടി മണ്ണിൽ എന്നോട് കൂടെ മൂടപ്പെടും…
ഈ പെരുന്നാൾ ദിനത്തിൽ നിന്നെ കാണാൻ വരാൻ വേറെ ആരും ഇല്ല എന്ന് എനിക്കറിയാം.. നിന്റെ ഉമ്മാക്ക് പ്രായമായില്ലേ.. ഇത്രയും ദൂരെ ഈ പള്ളിക്കാട്ടിലേക്ക് കയറി വരാൻ ഉമ്മാക്ക് ബുദ്ധിമുട്ട് ആയിരിക്കും.
ഞാൻ ഇനിയും വരും നിന്നരികിൽ.. നിന്റെ മണ്ണിലുള്ള മൈലാഞ്ചി ചെടി വളർന്നിട്ടുണ്ട്.. കുറച്ചു കൂടി വളരട്ടെ.. നിന്റെ മണ്ണിൽ വളർന്ന മൈലാഞ്ചി കൊണ്ടെന്റെ കൈ ചുമപ്പിക്കണം.. അത് കണ്ടു നീയും ഒരുപാട് സന്തോഷിക്കുമെന്ന് എനിക്കറിയാം.”
ശുഭം!