കൊഴിഞ്ഞു പോയ പ്രണയം

ജസ്ന അബ്ദുൾ സത്താർ


തിടുക്കത്തിൽ കാന്റീനിൽ നിന്ന് ചായ വാങ്ങിച്ചു  ഗവൺമെന്റ് ആശുപത്രിയിലേക്ക് കടന്നതും  മനംമടുപ്പിക്കുന്ന വല്ലാത്തൊരു ഗന്ധം  നാസികയിലേക്ക് തുളച്ചു കയറി.

വരാന്തയിലൂടെ പോകുമ്പോൾ ഒരു ഭാഗത്തായി ഒരാൾക്കൂട്ടവും ബഹളവും കലപില ശബ്ദവും  കണ്ട്  എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ  അവിടേക്ക് ഒന്നെത്തിനോക്കി.

ഹോസ്പിറ്റലിലെ ശൗചാലയത്തിന് മുന്പിലെ  ക്യൂവിൽ നിൽക്കുന്നവരുടെ   ബഹളവും അതിനിടയിലെ വഴക്കും ആണെന്ന് കണ്ടപ്പോൾ
 അതിൽനിന്നും ഒഴിഞ്ഞു മാറികൊണ്ട് തിരികെ അച്ഛമ്മ കിടക്കുന്ന വാർഡിനടുത്തേക്ക് തിരിയവേ  തറയിൽ  അങ്ങിങ്ങായി അഴുക്ക് വെള്ളം തളംകെട്ടി കിടക്കുന്നത് കണ്ട്  ദുർഗന്ധവും വിമ്മിഷ്ടവും കൊണ്ട് ഓക്കാനം വന്നു. ഈച്ചകളും കൊതുകുകളും ഉൾപ്പെടെയുള്ള പ്രാണികൾ   വാസസ്ഥലമാക്കിയിരിക്കുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്ന് അകന്നു വാർഡിലേക്ക് കടന്നുവന്നപ്പോൾ ദൂരെ നിന്നേകണ്ടു വാതിൽക്കലിലേക്ക്  നോക്കി എന്നെയും കാത്ത് അക്ഷമയോടെ ഇരിക്കുന്ന അച്ഛമ്മയെ.

പുഞ്ചിരിച്ചു കൊണ്ട് അച്ചമ്മയുടെ ബെഡിന് അടുക്കലേക്ക് വരുമ്പോഴേ കണ്ടു  അരികെയുള്ള ബെഡിൽ പുതിയ ആൾക്കാർ വന്നിരിക്കുന്നു. ഇന്നലെ രാവിലെ ഇവിടെ അഡ്മിറ്റായപ്പോൾ മുതൽ താൻ കിടന്നതും ഇരുന്നതും എല്ലാം അവിടെയല്ലേ. ഇനി   ഈ വൃത്തിയില്ലാത്ത തറയിൽ കിടക്കേണ്ടി വരുമല്ലോന്ന് ഓർത്തപ്പോൾ വിഷമം തോന്നി ഒന്ന് നെടുവീർപ്പിട്ടു.

ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് കണ്ടത് വാർഡിലുളള എല്ലാ ബെഡിലും ആൾക്കാരെ കൊണ്ട്  നിറഞ്ഞിരിക്കുന്നു.

” എന്താ കുട്ടീ… എത്ര നേരായി പോയിട്ട്? ” ചായ ഗ്ലാസിലേക്ക് പകർന്നു കൊടുക്കുമ്പോൾ അച്ഛമ്മയുടെ പരിഭവം കലർന്ന പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു.

” അച്ഛമ്മേ.. അവിടെ കാന്റീനിൽ ഭയങ്കര തിരക്കായിരുന്നു. അതാ വരാൻ ലേറ്റ് ആയത്.”

” മോളേ… ഇവര് ഇന്ന് അഡ്മിറ്റായതാണ്  എന്നെപ്പോലെ തന്നെ കണ്ണിനു തിമിരത്തിന്റെ ഓപ്പറേഷൻ ചെയ്യാൻ വന്നതാ.

ഇവരുടെ വീടിനടുത്തായി ഒരു ക്യാമ്പില് ഫ്രീയായി കണ്ണ് ടെസ്റ്റ് നടത്തിയിട്ടുണ്ടത്രേ… ഇവരുടെ ടെസ്റ്റ് ചെയ്തിട്ട്  കുഴപ്പമുള്ളത് കൊണ്ട് ഓപ്പറേഷൻ ചെയ്യാൻ ഇന്ന് വന്നു അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞു…”

അച്ചമ്മ പറഞ്ഞപ്പോഴാണ് ഞാൻ അടുത്ത ബെഡ്ഡിൽ കിടക്കുന്നയാളെ ശ്രദ്ധിച്ചത്.

മദ്ധ്യവയസ്സായ ഒരു സ്ത്രീ അവർ എന്നെ നോക്കി ചിരിക്കുന്നുണ്ട്. ഞാനും ഒന്ന് പുഞ്ചിരിച്ചു.  അവരുടെ മകൾ ആണെന്ന് തോന്നുന്നു എന്നെപ്പോലെയുള്ള ഒരു പെൺകുട്ടി   അവൾ എന്റെ അടുക്കലേക്ക് വന്നു പരിചയപ്പെടുത്തി. പേര് വൈഷ്ണവി എന്നാണെന്നും  ഇത് എന്റെ അമ്മയാണെന്നും ഞങ്ങളുടെ കൂടെ  നിൽക്കുന്നത് അമ്മയുടെ അനിയത്തി സ്വാതിചിറ്റയാണെന്നും പറഞ്ഞു.

ഞാൻ സ്വാതി ചിറ്റയെ നോക്കിയപ്പോൾ വെളുത്ത് തുടുത്ത സുന്ദരിയായ ഒരു സ്ത്രീ. സംസാരിക്കുമ്പോൾ പോലും പുഞ്ചിരി മുഖത്തു നിന്ന് മായുന്നില്ല. എപ്പോഴും ചിരിക്കുന്ന മുഖം.

ഞാൻ അവരുമായി പെട്ടെന്ന് കൂട്ടായി. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ അടുത്തേക്ക് ഒരു സുമുഖനായ ചെറുപ്പക്കാരൻ നടന്നു വന്നു. ആവശ്യത്തിന്  ഉയരവും ഒത്ത വണ്ണവുമുള്ള കാണാൻ നല്ല ഭംഗിയുള്ള ചെറുപ്പക്കാരൻ. ആള് ചിരിക്കുമ്പോൾ നോക്കി നിന്നു പോകും.അത്രയ്ക്ക് സുന്ദരനായിരുന്നു.

” എടാ… നിഖിലേ ” എന്ന് വിളിച്ചു സ്വാതിചിറ്റ എന്നെ അവന് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ആൾ എന്നെത്തന്നെ നോക്കുന്നുണ്ട്.

അവനെ കണ്ടപ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുവോ… മനസ്സൊന്നു ചാഞ്ചാടിയോ… അതോ എനിക്ക് തോന്നിയതാണോ… ഓരോന്ന് ആലോചിക്കുമ്പോഴും എന്റെ കണ്ണുകളും ഇടയ്ക്കിടെ അവനിലേക്ക് പോയ്ക്കോണ്ടിരുന്നു. അവനോട് സംസാരിക്കുമ്പോൾ എന്തോ ഒരു വെപ്രാളംപോലെ. എന്റെ മാറ്റം കണ്ട് എനിക്ക് തന്നെ അത്ഭുതം തോന്നി. പെട്ടെന്ന് ഒരാളെ കണ്ടപ്പോൾ ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുമോ എന്നോർത്ത്.

അവന്റെ അച്ഛനും കണ്ണിന് ഓപ്പറേഷനുണ്ടെന്നും ഒരു ചുമരിനപ്പുറമാണ് അവരുടെ വാർഡ്, അവിടെയാണ് അവന്റെ അച്ഛൻ ഉള്ളതെന്നും അവന്റെ അപ്പച്ചിമാരാണ് സ്വാതിചിറ്റയും വൈഷ്ണവിയുടെ അമ്മയുമെന്നും പറഞ്ഞു.

പിന്നീട് പലപ്പോഴും അവൻ ഇടവിട്ട് വന്നു കൊണ്ടിരുന്നു. എന്നെ കാണാൻ വേണ്ടിയും എന്നോട് സംസാരിച്ചിരിക്കാനും.

ഞാനും വൈഷ്ണവിയും ഫുഡ് വാങ്ങാൻ പോകുമ്പോൾ അവനും ഞങ്ങളുടെ കൂടെ വരും എന്നോട് സംസാരിക്കാൻ വേണ്ടി.

ഞാനും സ്വാതിചിറ്റയും വൈഷ്ണവിയും തറയിൽ പായ വിരിച്ചാണ് രാത്രിയിൽ കിടന്നിരുന്നെ.

രാവിലെ ചായ വാങ്ങിക്കാൻ പോകുമ്പോൾ
തമ്മിൽ തമ്മിൽ കണ്ണിൽ  നോക്കലും പുഞ്ചിരിയും കണ്ട് ഞങ്ങളുടെ പെരുമാറ്റത്തിൽ  അവൾക്ക് എന്തോ മനസ്സിലായിട്ടാണെന്ന് തോന്നുന്നു. വൈഷ്ണവി ഞങ്ങളിൽ നിന്നും കുറച്ച് അകലം പാലിച്ചു നടന്നു. എനിക്കും അവനും തമ്മിൽ സംസാരിക്കാനുള്ള സാഹചര്യം ഒരുക്കി തന്നു കൊണ്ട്.

എന്തോ പറയുന്ന കൂട്ടത്തിൽ അവൻ എന്റെ പേര് ചുരുക്കി വിളിച്ചു എന്നെ കള്ളനോട്ടം നോക്കി. ആരും ഇതുവരെ എന്നെ അങ്ങനെ വിളിക്കാത്തത് കൊണ്ട് പെട്ടെന്ന് കേട്ടപ്പോൾ ഒരു പരിഭ്രമം വന്നു. എന്റെ പരിഭ്രമം കണ്ടിട്ടാണെന്ന് തോന്നുന്നു, ” എന്താ..ഞാൻ തന്നെ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലേ” എന്ന് പരിഭവത്തോടെ ചോദിച്ചു.

ഞാൻ പുഞ്ചിരികൊണ്ട് സമ്മതമന്നറിയിച്ചു. അപ്പോൾ ആളുടെ മുഖം സന്തോഷം പോൽ തിളങ്ങി. എന്നെ നോക്കി രണ്ടു കണ്ണുകളും അടച്ച്ചിരിച്ചു.

രണ്ടുമൂന്നു ദിവസം  സംസാരിച്ചിട്ടും  ഒരിക്കൽ പോലും തമ്മിൽ പ്രണയം പറഞ്ഞില്ല. കണ്ണുകൾ കൊണ്ട് പ്രണയം പറഞ്ഞു. മനസ്സുകൾ തമ്മിൽ സ്നേഹിക്കാൻ വെമ്പൽ കൊണ്ടു.

ഇതിനിടയിൽ വൈഷ്ണവിയുടെ അമ്മയുടെയും അവന്റെ അച്ഛന്റെയും ഓപ്പറേഷൻ കഴിഞ്ഞിരുന്നു. എന്നാലും രണ്ടു ദിവസം കൂടി കഴിഞ്ഞെ പോകാൻ കഴിയൂ എന്നുള്ളത് കൊണ്ട് അവൻ അത്യാവശ്യ സാധനങ്ങൾ എടുക്കാൻ വേണ്ടി വീട്ടിലേക്ക് പോയി.

അവൻ പോയതും എനിക്കെന്തോ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.

പ്രായാധിക്യത്തിന്റെ ചെറിയ അസുഖങ്ങൾ കാരണമാണ് എന്റെ അച്ഛമ്മയുടെ ഓപ്പറേഷൻ  നീണ്ടുപോയത്. അത് നാളെ നടത്താമെന്ന് ഡോക്ടർ വന്നു പറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്കു ഫോൺ വിളിച്ച് അറിയിച്ചു.

പിറ്റേന്ന് എൻറെ അച്ഛൻ പെങ്ങൾ സാവിത്രി അമ്മായിയും മകളും  വന്നു. അച്ഛമ്മക്ക് മൂന്നു പെൺമക്കളും മൂന്ന് ആൺമക്കളും ഉണ്ട്. പറഞ്ഞിട്ടെന്താ കാര്യം അച്ഛമ്മയെ നോക്കുന്നത് എന്റെ അച്ഛനും അച്ഛന്റെ പെങ്ങൾ സാവത്രി അമ്മായിയുമാണ്.

ഇപ്പോൾ അമ്മാവൻ ഗൾഫിൽനിന്ന് വന്നത് കൊണ്ട് അച്ചമ്മയുടെ കാര്യം നോക്കാനും ഹോസ്പിറ്റൽ നിൽക്കാനും അമ്മായിക്ക് കഴിയില്ല. എന്റെ അച്ഛനാണെങ്കിൽ ജോലിക്ക് പോകേണ്ടത് കൊണ്ടും അമ്മയ്ക്ക് എന്റെ കുഞ്ഞനിയത്തി ഉള്ളതുകൊണ്ടും ഇവിടെ വന്നു നിൽക്കാനും കഴിയില്ല. അച്ഛനും അമ്മയും ദിവസവും വന്ന് കണ്ട് പോകാറാണ് പതിവ്. അത് കൊണ്ടാണ് അച്ഛൻ അച്ഛമ്മയെ നോക്കാൻ എന്നെ  ഏൽപ്പിച്ചേക്കുന്നത്.

നിഖിൽ വീട്ടിൽ നിന്നും മടങ്ങിയെത്തിയപ്പോൾ എന്നെ കാണാനായി വന്നു. അവനെ കണ്ടതും സാവിത്രി അമ്മായിയുടെ കണ്ണിലുള്ള തിളക്കം ഞാൻ വ്യക്തമായി കണ്ടു. പിന്നെ അവനെ കാണുമ്പോൾ അവരുടെ മകളെക്കുറിച്ച് പൊങ്ങച്ചം പറയുകയും നിഖിലിനെ എന്റെ മോൾക്ക് നന്നായി ചേരുമെന്ന് പറയാതെ പറയുകയും ചെയ്തു.
അത് കേട്ട് അമ്മായിയുടെ മകൾ സരയു അവനെ വായ്നോക്കാനും  അവനോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാനും തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മായിയുടെ മകൻ അവരെ കൂട്ടിക്കൊണ്ടു പോകാൻ വന്നപ്പോൾ വൈഷ്ണവിയെ കണ്ട് ഇവളെ എന്റെ ഏട്ടന് വേണ്ടി നോക്കിയാലോ എന്ന് തമാശ രൂപേണ ചോദിച്ചപ്പോൾ അമ്മായി വലിഞ്ഞു മുറുകിയ മുഖത്തോടെ അവനെ ശകാരിച്ചു.

നിന്റെ പെങ്ങൾക്ക് വേണ്ടി നിഖിലിനെ ആലോചിക്ക്, അവര് തമ്മില് നന്നായി ചേരുമെന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് എടുത്തടിച്ചത് പോലെ  പറഞ്ഞപ്പോൾ  എനിക്ക് വിഷമത്തോടെ നോക്കിനിൽക്കാനെ സാധിച്ചുള്ളൂ.

എന്റെ മനസ്സിൽ അമ്മായിയും മക്കളും എങ്ങനേലും പോയിക്കിട്ടിയാൽ മതിയെന്നായിരുന്നു. കാരണം ഈ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാനും അവനും മനസ്സ് കൊണ്ട് ഒരുപാട് അടുത്തിരുന്നു.

അച്ഛമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ് വാർഡിലേക്ക് കൊണ്ട് വന്നു. അച്ഛമ്മയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ലാത്തത് കൊണ്ട് എന്റെ അച്ഛനും അമ്മയും അമ്മായിയും മക്കളും എല്ലാവരും വീടുകളിലേക്ക് പോയി.

ഈ സമയമത്രയും എല്ലാവരും ഉള്ളതുകൊണ്ട് ഞാനും അവനും തമ്മിൽ കണ്ടിട്ടില്ല.

എല്ലാവരും പോയി കഴിഞ്ഞ ഉടനെ അവൻ എന്റെ അടുത്ത് ഓടിവന്നു പറഞ്ഞു. നാളെ അവർ ഡിസ്ചാർജാവുമെന്ന്. അതുകൊണ്ട് എന്തെങ്കിലും എനിക്കു ഓർമ്മക്കായ് വേണമെന്ന്. അവൻ എനിക്ക് വേണ്ടി ഒരു കുഞ്ഞു ഗിഫ്റ്റ് കൊണ്ട് വന്നിരുന്നു. ഞാനും അവന് എന്റെ കൈയിലുള്ള ഒരു ചെറിയ സമ്മാനം കൊടുത്തു.

അവൻ എന്നോട് താമസിക്കുന്ന സ്ഥലവും ഞാൻ ജോലി ചെയ്യുന്ന ഗാർമെന്റ്സിലെ അഡ്രസ്സും ചോദിച്ചു മനസ്സിലാക്കി.
പിറ്റേന്ന് അവരൊക്കെ പോയി. രണ്ടു ദിവസം കഴിഞ്ഞ് അച്ഛമ്മയേയും ഡിസ്ചാർജ് ചെയ്തു.

കുറേ ദിവസം കഴിഞ്ഞ്  ഞാൻ ജോലി ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ്  എന്റെ കൂട്ടുകാരി വന്നു പറയുന്നത്. നിന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന്. അന്ന് ഞങ്ങൾ ഫ്രണ്ട്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ പുറത്തു പോയിരിക്കുകയായിരുന്നു.

ഞാൻ ഓടി വെളിയിലേക്ക് പോയി അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ സ്തംഭിച്ചു നിന്നു പോയി. സ്വാതി ചിറ്റയും വൈഷ്ണവിയും .
ഇവർ എങ്ങനെ സ്ഥലം കണ്ടുപിടിച്ചു എന്ന് ഞാൻ ആലോചിക്കുമ്പോഴാണ് അവർ പുറകിലേക്ക് കണ്ണു കാണിക്കുന്നത്. അവിടെ നിഖിൽ നിൽക്കുന്നു.

ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല ഇവരൊക്കെ എന്നെ അന്വേഷിച്ച് വരുമെന്ന്. അത് കൊണ്ട് പെട്ടെന്ന് അവരെയെല്ലാം കണ്ടപ്പോൾ… എനിക്ക് സന്തോഷം കൊണ്ട് ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്റെ വെപ്രാളം കണ്ട് അവരൊക്കെ ചിരിച്ചു പോയി.

ഞാൻ അവരുമായി എന്റെ വീട്ടിൽ വന്നു. അമ്മ പെട്ടെന്ന്  ഭക്ഷണം തയ്യാറാക്കി അവർക്ക് കൊടുത്തു. കഴിച്ചു കഴിഞ്ഞപ്പോൾ മുതൽ സ്വാതിചിറ്റയക്കും  വൈഷ്ണവിക്കും സാവിത്രി അപ്പച്ചിയുടെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഞാൻ അവരുമായി അവിടേക്ക് പുറപ്പെട്ടു. പോകുമ്പോൾ അവൻ എന്റെ ഫോൺ നമ്പറും വാങ്ങി. ഞങ്ങളുടെ വീട്ടിൽ ഫോണില്ലാത്തത് കൊണ്ട് ഞാൻ അടുത്ത വീട്ടിലെ ഫോൺനമ്പർ കൊടുത്തു.

ഈ പോക്ക് എന്റെ ജീവിതം മാറ്റി മറിക്കുമെന്നറിയാതെ അവരെയും കൂട്ടി ഞാൻ സാവിത്രി അപ്പച്ചിയുടെ വീട്ടിലേക്ക് പോയി.

അവിടെ എത്തിയപ്പോൾ സാവിത്രി അപ്പച്ചിയുടെ പൊങ്ങച്ചത്തിലും സരയൂന്റെ കൊഞ്ചിക്കുഴഞ്ഞുളള സംസാരത്തിലും പെരുമാറ്റത്തിലും അവരൊക്കെ മയങ്ങിപ്പോയി.

പിന്നെ അവളുടെ അച്ഛൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന മിഠായികളും കുഞ്ഞു സാധനങ്ങളും കൂടി അവർക്ക് കൊടുത്തപ്പോൾ അവരുടെ സന്തോഷം ഇരട്ടിച്ചു.

തിരികെ അവരുമായി മടങ്ങുമ്പോൾ സ്വാതി ചിറ്റയും വൈഷ്ണവിയും സാവിത്രി അപ്പച്ചിയേയും സരയുവിനേയും വർണിക്കുകയായിരുന്നു. എല്ലാം മൗനമായി കേട്ട് കൊണ്ട് നിഖിലും. അവനെന്തൊക്കെയോ മനസ്സുകൊണ്ട് കണക്ക്കൂട്ടുകയാണെന്ന് എനിക്ക് തോന്നി.

വന്നപ്പോഴുള്ള കളിചിരിയും സംസാരമൊന്നും തിരികെ പോകുമ്പോൾ ഉണ്ടായിരുന്നില്ല. അവൻ എന്നെ നോക്കിയതേയില്ല. അപ്പോൾ  വേദനയോടെ ഞാൻ മനസ്സിലാക്കി  ഇവരുമായി ഒരുപാട് അകന്ന്പോയെന്ന്.

പിന്നെ കുറേ നാളുകളായി ഒരു വിവരവും ഇല്ലായിരുന്നു. ഒരു ദിവസം എനിക്ക് ജോലി സ്ഥലത്തേക്ക് ഒരു new year greeting card വന്നു. നോക്കിയപ്പോൾ നിഖിൽ അയച്ചത്. ബെസ്റ്റ് ഫ്രണ്ടെന്ന് പറഞ്ഞ്. (ഞാൻ അവന്റെ സ്നേഹവും പ്രതീക്ഷിച്ചിരിക്കുന്നുണ്ടാവും എന്ന് തോന്നിയത് കൊണ്ടാവും ഇങ്ങനെയൊരു കാർഡ് അയച്ചത്. ഫ്രണ്ടാണെന്ന് ഓർമിപ്പിച്ചു കൊണ്ട്) ഉള്ളിൽ സങ്കടപ്പെട്ടു പുറമേ ചിരിച്ചു കൊണ്ട് എന്റെ കൂട്ടുകാരികളോട് കാർഡ് കാണിച്ചു കൊണ്ട് ” അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാ… കണ്ടോ… എനിക്ക് അവൻ കാർഡ് അയച്ചത്..” എന്ന് സന്തോഷത്തോടെ പറഞ്ഞു. എന്റെ അകത്തുള്ള വിഷമം മുഖത്തു പ്രകടമാകാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു.

പിന്നീട്  ഞാൻ എന്റെ വീട് പിന്നെ ജോലി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മുഴുകിക്കൊണ്ടിരുന്നു . അവനെ മനപ്പൂർവ്വം മറക്കാൻ വേണ്ടി.

ഒരു ദിവസം സാവിത്രി അപ്പച്ചിയുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെനിന്ന് അറിഞ്ഞു . നിഖിൽ ഇടയ്ക്കിടെ അവളെ കാണാൻ വരാറുണ്ടെന്ന്. ദിവസവും ഫോൺ വിളിക്കാറുണ്ടെന്നും. എന്ത് കൊണ്ടോ പിന്നീട് ഒന്നും കേൾക്കാൻ തോന്നിയില്ല.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ പറയുന്നത് കേട്ടു.  നിഖിൽ സരയുവിനെ വിവാഹം ചെയ്തോളാമെന്ന്. പകരം അവനൊരു വിസ അവളുടെ അച്ഛനോട് തരപ്പെടുത്തി കൊടുക്കാൻ.

അത് കേട്ടപ്പോൾ തന്നെ സരയുവിന്റെ ഏട്ടൻ ദേഷ്യപ്പെട്ടു പോലും.  ഇത് വരെ അഛൻ എനിക്ക് വിസ ശരിയാക്കിയില്ല. അപ്പോഴാ അവന് വിസ ചോദിക്കുന്നെ. അതും പറഞ്ഞ് ഇനി അവനോട് ഇങ്ങട് വിളിക്കേണ്ട എന്ന് പറഞ്ഞേക്കെന്ന് ഏട്ടൻ പരിഹസിച്ചു കൊണ്ട് സരയുവിനോട് പറഞ്ഞു.

നിഖിൽ ഒരുപാട് തവണ ഫോണിൽ വിളിച്ച് ഈ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. അതൊരു ശല്യമായി മാറിയപ്പോൾ സരയുവിന്റെ അഛൻ ഇനിമുതൽ നിഖിലിന്റെ ഫോൺ വന്നാൽ എടുക്കരുതെന്ന് സാവിത്രി അപ്പച്ചിക്ക് താക്കീത് നൽകി.

ഇതൊക്കെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോൾ സരയു പറഞ്ഞ് ഞാൻ അറിഞ്ഞു.

ഒരു വൈകുന്നേരം എനിക്ക് ഫോൺ ഉണ്ടെന്ന്  അയൽപക്കത്തെ ചേച്ചി വന്നു പറഞ്ഞു.

ഹലോ എന്ന് പറഞ്ഞയുടനെ ഞാൻ നിഖിലാണ് എനിക്ക് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. പറഞ്ഞോളൂ എന്താ കാര്യം എന്ന് ചോദിച്ചതും അവൻ സരയു വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. നീ ഒന്ന് പറയുമോ  എന്റെഫോൺ എടുക്കാനെന്ന് വെപ്രാളത്തോടെയും അതിലുമുപരി സങ്കടത്തോടെയും പറഞ്ഞപ്പോൾ അവന്റെ പെരുമാറ്റത്തിൽ എനിക്ക് അത്ഭുതം തോന്നി.

അവനോട് അവളുടെ ഏട്ടനും അഛനും എടുത്ത തീരുമാനങ്ങൾ പറയേണ്ടി വന്നു. നിഖിലിനോട് ഞാൻ ഒരുകാര്യം കൂടി പറഞ്ഞു. നിനക്കു പറയാനുള്ളത് അവളോട് നേരിട്ടു പറഞ്ഞാൽ മതിയെന്ന്. നിങ്ങളുടെ ഇടയിൽ ഇനി എന്നെ വലിച്ചിടരുതെന്ന്. അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു വൈകുന്നേരം വീണ്ടും ഫോൺ വന്നു.

നിഖിലായിരുന്നു. മുഖവുരയൊന്നും കൂടാതെ അവൻ എടുത്തടിച്ചത് പോലെ പറഞ്ഞു.സരയു പോണെങ്കിൽ പോട്ടെ എനിക്ക് നീയില്ലേ എന്ന്. എനിക്ക് നിന്നെ മതിയെന്ന്.

അവനോട് വെറുപ്പും ദേഷ്യവും വന്നെങ്കിലും നിനക്ക് തോന്നുമ്പോൾ സ്നേഹിക്കാനും വേണ്ടാന്നു തോന്നുമ്പോൾ വലിച്ചെറിഞ്ഞു പോകാനും ഞാൻ നിന്റെ കളിപ്പാവയല്ലെന്നും ഇനിമേൽ എന്നെ വിളിച്ചു പോകരുതെന്നും  അവനോട് ഉറച്ച ശബ്ദത്തോടെ പറഞ്ഞ് ഫോൺ വെച്ചു.
നിഖിലെന്നത് ഒരുഅടഞ്ഞ അധ്യായമാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു.

2 വർഷങ്ങൾ കഴിഞ്ഞ്

സ്നേഹത്തോടെയും കരുതലോടെയും  അതിലുമുപരി എന്നെ പ്രാണനെ പ്പോലെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന കൈകളിലേക്ക്  എന്റെ  വീട്ടുകാർ എന്നെ കൈപിടിച്ച് കൊടുത്തു. എന്റെ കുറുമ്പുകളും എന്റെ പിണക്കങ്ങളും എന്റെ വാശികളും എല്ലാം ഒരുപുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രണയം. ഇതാണെന്റെ പ്രണയം..

ശുഭം


FacebookWhatsApp