ആരിഫ് എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും അവനെയും കാത്ത് ആബിദും റാഷിദും നിൽപ്പുണ്ടായിരുന്നു.
കണ്ടപാടെ രണ്ടു പേരും അവനെ ആലിംഗനം ചെയ്തു. മൂന്ന് പേരുടെയും കണ്ണുനിറഞ്ഞു.
നാല് വർഷമായി പ്രിയപ്പെട്ട കൂട്ടുകാരെയും നാടും വീടും വിട്ട് ഗൾഫിലേക്ക് പോന്നിട്ട്. ഇതിനിടയിൽ ഒരിക്കൽ പോലും ഇങ്ങോട്ട് വരാൻ തോന്നിയില്ല. എന്തോ… എല്ലാവരോടും ഒരുതരം വെറുപ്പായിരുന്നു. ഇപ്പോൾ സഫിമോന്റെ കരച്ചിൽ കാരണമാണ് നാട്ടിലേക്ക് വരാൻ തോന്നിയത് തന്നെ.
റാഷിദ് ഇന്നോവ എടുത്ത് വന്നു. ലഗേജ് ഡിക്കിയിൽ വെച്ച് ആരിഫും ആബിദും പിന്നിൽ കയറി ഇരുന്നു.
“എടാ…നീ ഒരുപാട് മാറിപ്പോയി. നമ്മളുടെ ആരിഫേ അല്ലാതായിരിക്കുന്നു. എന്ത് കോലമാണെടാ ? വയസ്സനെപ്പോലെ. ” ആബിദ് അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു.
“പഴയ ആരിഫിന്റെ ശരീരം മാത്രമേയുള്ളൂ… മനസ്സ് എന്നേ മരിച്ചു. എല്ലാം വിധിയാണെന്ന് സമാധാനിക്കാം അല്ലേ…” ആരിഫ് വേദനയോടെ ചിരിച്ചു. അവൻ കണ്ണുകളടച്ച് ചാരിയിരുന്നു. നാല് വർഷം മുന്പുള്ള കാര്യങ്ങളിലേക്ക് അവന്റെ ഓർമ്മകൾ പോയി.
“കാത്തുനിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. എടാ… അവര് വന്നില്ലേ?” ദിനേശൻ ആരിഫിന്റെ അടുക്കൽ വന്നു ചുമലിൽ കൈവച്ച് ചോദിച്ചു.
“ഇല്ലടാ… അവരെ കാണുന്നില്ലല്ലോ. ഇനി വരാതിരിക്കുമോ ?. അർജന്റായി ചെയ്തു കൊടുക്കേണ്ടതാണ്. നാളെ മുതൽ അവരും കൂടി ഉണ്ടെങ്കിലേ എത്രയും പെട്ടെന്ന് തീർത്ത് കൊടുക്കാൻ പറ്റൂ…? ” ആരിഫ് അക്ഷമയോടെ പറഞ്ഞു കൊണ്ട് തിരിയുമ്പോൾ കണ്ടു ദൂരെ നിന്നും അവരുടെ അടുത്തേക്ക് നടന്നു വരുന്ന രണ്ടു സുന്ദരികളായ യുവതികൾ.
ഒരാൾ സ്വയം പരിചയപ്പെടുത്തി.
“ഞാൻ ലൈല ഇത് എന്റെ ഫ്രണ്ട് സമീറ. വീട് ഇവിടെ അടുത്ത് തന്നെയാണ്.”
ആരിഫ് അവളുടെ അടുത്തുള്ള കുട്ടിയെ നോക്കി. രണ്ടു പേരെയും കാണാൻ കൊളെളാം. മനസ്സിൽ പറഞ്ഞ് അവരെ നോക്കി അവനൊന്ന് പുഞ്ചിരിച്ചു.
“ആ ഇനി കാര്യം പറയാം, ഞങ്ങൾ രണ്ടു പേരും സജിത്ത് ഗാർമെന്റ്സിൽ നിന്നു പോരാൻ കാരണം അവിടെ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി. ഇല്ലെങ്കിൽ ഞാനും ഇവളും നിങ്ങളുടെ ഗാർമെന്റ്സിൽ ജോലിക്ക് വരില്ലായിരുന്നു… കുറച്ച് വർഷങ്ങളായി അവിടെ ജോലിചെയ്യുന്നു. അവിടുന്ന് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ഇവിടെയും കിട്ടണം. അതിനൊരു തീരുമാനം ആയെങ്കിൽ മാത്രമേ നാളെ മുതൽ ജോലിക്ക് വരത്തുള്ളൂ..?” ലൈല എടുത്തടിച്ചപോലെ പറഞ്ഞു.
പെട്ടെന്ന് ആദ്യമായി കാണുന്ന പെൺകുട്ടി ഒരു മടിയും കൂടാതെ മുഖത്തു നോക്കി പറയുന്നത് കേട്ട് ആരിഫ് ഒന്നു പതറി. അവൻ സമർത്ഥമായി അത് മറച്ചു കൊണ്ട് അവരുടെ എല്ലാ ഡിമാന്റും അംഗീകരിച്ചു.
നാളെമുതൽ ഉറപ്പായും രണ്ടു പേരും വരണമെന്ന് പറഞ്ഞ് ആരിഫ് അവരോട് പൊയ്ക്കോളാൻ പറഞ്ഞു.
പോകുന്ന വഴിക്ക് ഒരു ഓട്ടോ കുറുകെ ഇട്ടതുകണ്ട് ലൈല സമീറയോട് ചൂടായി.
“അവൻ നിന്നെയും കാത്ത് നിൽക്കുകയാ… നിനക്ക് ഇനിയും തൃപ്തിയായില്ലേ. ഇവൻ കാരണമാണ് നിന്റെ ജീവിതം ഇത്രയും അധഃപതിച്ചു പോയത്. ” ഓട്ടോയിൽ ചാരി വഷളൻ ചിരിയോടെ നിൽക്കുന്ന അൻവറിനെ നോക്കി ലൈല പല്ല് ഞെരിച്ചു.
“നീ എന്ത് പറഞ്ഞാലും എനിക്ക് പോകാതിരിക്കാൻ കഴിയില്ല ലൈലാ… ഞാൻ അവനെ ഒരുപാട് സ്നേഹിക്കേം വിശ്വസിക്കേം ചെയ്യുന്നു.” സമീറ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.
അവനെ അവൾക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോന്ന് ഓർത്തപ്പോൾ ലൈലക്ക് അവളോട് സഹതാപം തോന്നി.
അവൾ അൻവറിന്റെ നേരെ തിരിഞ്ഞ് അവനോട് തർക്കിച്ചു.
“ഇവളുടെ പാവത്തരം നിങ്ങൾ മുതലെടുക്കാൻ നോക്കിയാലുണ്ടല്ലോ…” ലൈല ദേഷ്യം കൊണ്ട് വിറച്ചു.
“ഇത് പറയാൻ നീയാരാടീ…? ഇവൾടെ കാര്യം നോക്കാൻ ഇവൾക്കറിയാം. നീ… നിന്റെ കാര്യം നോക്കി പോ. വലിയ ആളാകാൻ നോക്കേണ്ട.” അൻവർ ഉറക്കെ ശബ്ദമെടുത്ത് പറഞ്ഞു.
തർക്കം കേട്ട് കവലയിലുള്ള ആൾക്കാരൊക്കെ ഇവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതും പോകാമെന്ന് പറഞ്ഞിട്ട് സമീറ ഓട്ടോയിൽ കയറി. ലൈലയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അവന്റെ കൂടെ പോയി.
ലൈല സ്തംഭിച്ചു നിന്നു പോയി.
അവർ പോയിക്കഴിഞ്ഞിട്ടും അവൾക്ക് അവിടുന്ന് നീങ്ങാൻ തോന്നിയില്ല. ഞാൻ ആർക്ക് വേണ്ടിയാണോ വായിട്ടലച്ചത് അതൊക്കെ വെറുതെയായി. അവൾ നെടുവീർപ്പിട്ടു കൊണ്ട് തിരിഞ്ഞപ്പോൾ അവിടെ ആരിഫും ദിനേശനും നിൽക്കുന്നു.
അവരെകണ്ട് അവളൊന്നു ഞെട്ടി.
ആരിഫ് അവളുടെ അടുത്തേക്ക് വന്ന് എന്താ പ്രശ്നമെന്ന് ചോദിച്ചു.
“നിങ്ങളുടെ പുറകെ തന്നെ ഞാനും ഇവനും ഉണ്ടായിരുന്നു. പറയ് ഓട്ടോക്കാരനുമായി എന്താ ഒരു തർക്കം? തന്റെ കൂടെയുള്ള കുട്ടി അവന്റെ കൂടെ എവിടെ പോയതാ…?”
അവൾക്ക് അവരോട് പറയാൻ ഒരു ജാള്യത തോന്നി. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട് നാളെ ജോലിക്ക് വരുമ്പോൾ എല്ലാം പറയാമെന്ന് പറഞ്ഞ് അവൾ പോയി.
പിറ്റേന്ന് ജോലിക്ക് ലൈലമാത്രം വന്നത് കണ്ട് ആരിഫ് എത്ര ചോദിച്ചിട്ടും അവളൊന്നും തുറന്നു പറയാത്തത് കാരണം പിന്നീട് അവനൊന്നും ചോദിക്കാൻ നിന്നില്ല.
പോകെ പോകെ ലൈലയുടെ സ്മാർട്ടായിട്ടുള്ള പ്രവൃത്തികളും പെരുമാറ്റവും സമീപനവും കൊണ്ട് ആരിഫിന് അവളോട് ഒരിഷ്ടം തോന്നി.
ഏറെ വൈകാതെ അത് പ്രണയമാണെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ അവളോട് തുറന്നു പറയാൻ കഴിയാതെ വീർപ്പുമുട്ടി.
അവനുവേണ്ടി സംസാരിക്കാൻ ദിനേശിനെ ഏൽപ്പിച്ചു.
ആദ്യം കേട്ടപ്പോൾ തന്നെ അവളെതിർത്തു.
പിന്നെ ആരിഫ് പുറകെ നടന്ന് നടന്ന് അവളുടെ മനസ്സിൽ ഇടംപിടിച്ചു. പിന്നീടുള്ള ദിനങ്ങൾ അവരുടെ പ്രണയകാലമായിരുന്നു.
അവൾ ഇവിടെ ജോലിക്ക് വന്ന് ആദ്യത്തെ പെരുന്നാൾ വന്നു. ആരിഫിന് അവൾക്ക് എന്ത് ഗിഫ്റ്റ് കൊടുക്കുമെന്ന കൺഫ്യൂഷനായി. ഡ്രസ്സ് എടുക്കാമെന്ന തീരുമാനത്തിൽ പുതുതായി ഇറങ്ങിയ മോഡൽ ചുരിദാർ തന്നെ എടുത്തു. അത് അവൾക്ക് കൊടുത്തതും സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.
എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്ന് ഷോപ്പിലുള്ളൊരു പ്രശ്നം കാരണം കുറച്ചു നാൾ അടച്ചിടേണ്ടതായിവന്നു.
പിന്നെ തമ്മിൽ കാണാൻ കഴയാതെ ഫോൺ വിളിയായി. ഒരുദിവസം അവൾ വിളിച്ചപ്പോൾ പറഞ്ഞു വേറൊരു ജോലി ശരിയായിട്ടുണ്ട് അവിടേക്ക് പോകുവാണെന്ന്. വീട്ടിൽ കഷ്ടപ്പാടാണെന്നും.
കുറച്ചു സമയം തരണം ഉടനെ എല്ലാം ശരിയകുമെന്നും വേറെ പോകരുതെന്നും പറഞ്ഞു നോക്കി. അവൾ ദേഷ്യപ്പെട്ട് ഫോൺ വെച്ചു. പിന്നീട് വിളിക്കാതെയായി. അവളെ വിളിക്കരുതെന്ന് മുൻപേ പറഞ്ഞത് കൊണ്ട് അവളെ വിളിക്കാൻ കഴിയാതെ ശബ്ദം കേൾക്കാതെ അവന് വീർപ്പുമുട്ടി.
എല്ലാം തുറന്നു പറയാൻ ആശിക്കാക്കയുടെ ഭാര്യ സീനത്താത്തയേ ഉണ്ടായിരുന്നുള്ളൂ. അവരോട് എല്ലാകാര്യങ്ങളും പറഞ്ഞു. മറ്റാരും ഒന്നും അറിയാതെ അവളോട് സംസാരിച്ചു വരാൻ വേണ്ടി കരഞ്ഞു പറഞ്ഞു.
അവർ പോയി അവളോട് സംസാരിച്ചതും അവളുടെ ഉപ്പയെ കണ്ട് സംസാരിക്കണമെന്നും അവൾക്ക് ഒരു വിവാഹാലോചന വന്നതും പറഞ്ഞു. സീനത്താത്തയ്ക്ക് അവളെ നന്നായി ഇഷ്ടപ്പെട്ടു.
അങ്ങനെ അവളുടെ ഉപ്പയെ കണ്ട് അവളെ എനിക്ക് തന്നെ തരണമെന്നും അവൾക്കൊരു ബുദ്ധിമുട്ട് വരാതെ നോക്കിക്കോളാമെന്നും അതിനു കുറച്ചു സമയം തരണമെന്നും വാക്കാൽ ഉറപ്പു നൽകി പോന്നു.
ഒരു ദിവസം കുളിക്കുന്ന സമയത്താണ് അവളുടെ ഫോൺ വന്നത്. പെങ്ങൾ എടുത്ത് സംസാരിച്ചു. ലൈലയാണെങ്കിൽ പരിഭ്രമം കൊണ്ട് ഫോൺ പെട്ടെന്ന് വെച്ചു.
അതോടെ വീട്ടിൽ പ്രശ്നങ്ങളായി ചോദ്യമായി. എല്ലാവരോടും എന്തൊക്കെയോ പറഞ്ഞു പിടിച്ചു നിന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആരിഫിന്റെ വിവാഹം ഉടനെ നടത്തണമെന്ന് പറഞ്ഞുകൊണ്ട് ആശിക്കാക്കയും സീനത്താത്തയും എല്ലാവരുമായി സംസാരിച്ചു തീരുമാനത്തിലെത്തി.
ലൈലയായിരിക്കുമെന്ന് കരുതി സന്തോഷിച്ചിരിക്കുമ്പോഴാണ് അവർ എനിക്ക് വേണ്ടി കണ്ടെത്തയത് സീനത്താത്തയുടെ അകന്ന ബന്ധത്തിലുള്ള പെൺകുട്ടിയാണെന്ന് കേട്ടതും വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാകാര്യവുമറിഞ്ഞ അവർ തന്നെ എന്തിന്?
എതിർത്തുനോക്കി എല്ലാവരുമായിവഴക്കിട്ടു. ആരും സമ്മതിച്ചില്ല. കുടുബത്തിന് വേണ്ടി പ്രണയിച്ച പെണ്ണിനെ മറന്നു. എല്ലാം വിധിയാണെന്ന് സമാധാനിച്ചു. പിന്നെയെല്ലാം
പെട്ടെന്നായിരുന്നു. പെണ്ണ് കാണാൻ പോയപ്പോൾ അവൾ ചായ കൊണ്ട് വന്നതും ലൈലയുടെ മുഖം ഓർമയിൽ വന്നപ്പോൾ അവളെ ഒരു നോട്ടം നോക്കി കണ്ണുകൾ മാറ്റി.
അവളെ എവിടെയോ കണ്ടത് പോലെ തോന്നിയെങ്കിലും ആരോടും പറയാൻ പോയില്ല.
വിവാഹം കഴിഞ്ഞ അന്നാണ് അവളുടെ മുഖം ഓർമയിൽ വന്നത്. അന്ന് ലൈലയുടെ കൂടെ കണ്ട പെൺകുട്ടി സമീറ. മനസ്സിൽ ഒരു വിങ്ങൽപോലെ… ലൈല അറിഞ്ഞാൽ അവൾക്ക് സഹിക്കാൻ പറ്റുമോ?
ആദ്യമാദ്യം അവളോടുള്ള അകൽച്ച പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരുടെയും ഉപദേശം കാരണം കുറഞ്ഞു വന്നു. സമീറ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുടുംബം ഒന്നാകെ സന്തോഷിച്ചു. പക്ഷെ ആ സന്തോഷം കെട്ടുപോകാൻ അധികസമയം വേണ്ടിവന്നില്ല.
യാദൃശ്ചികമായിട്ടാണ് സജിത്തേട്ടനെ കാണുന്നത്. ലൈലയുമായുളള പ്രണയം അങ്ങേർക്ക് അറിയാവുന്നതാണ് . സമീറയുമായുള്ള വിവാഹം കഴിഞ്ഞത് പറഞ്ഞതും അങ്ങേര് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ തരിച്ചിരുന്നുപോയി.
സമീറയുടെ അകന്ന ബന്ധത്തിലുള്ള അൻവറുമായി അവൾക്ക് വഴിവിട്ട ബന്ധമുണ്ടെന്ന്. അവന്റെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശിക്കാൻ വരുന്ന അവളെ ഒരു ദിവസം
അവന്റെ മുറിയിൽ നിന്ന് കാണാൻ പാടില്ലാത്ത രീതിയിൽ പിടിച്ചിരുന്നെന്ന്… അവിടെ നിന്നും അടിച്ചിറക്കിയത് പോരാഞ്ഞിട്ട് സജിത്തേട്ടന്റവിടെ വന്ന് അൻവറിന്റെ പെങ്ങന്മാരും ആൾക്കാരും വന്ന് പ്രശ്നമാക്കിയിട്ട് അവിടെനിന്നും അവളെ പുറത്താക്കിയിരുന്നെന്ന്. ആരിഫിന് എല്ലാംകേട്ടിട്ട് തല പെരുക്കുമ്പോലെ തോന്നി.
വീട്ടിലെത്തിയ ഉടനെ കൈയ്യിൽ കിട്ടിയതെല്ലാം തല്ലിപൊട്ടിച്ചു. താനെന്തേ ഇതൊക്ക മുന്പേ അറിയാതെ പോയി. ലൈലയ്ക്ക് സമീറയുടെ എല്ലാ രഹസ്യങ്ങളുമറിയില്ലേ എന്നതാണ് അവനെ കൂടുതൽ വിഷമിപ്പിച്ചത്. അവളുടെ കണ്ണുനീരിന്റെ ശാപമാണ് ഇന്നെന്റെ ജീവിതം. അതോർക്കേ അവനോട് തന്നെ പുച്ഛം തോന്നി.
തന്റെ കുടുംബമഹിമ കാക്കാൻ, സമീറ കാരണം കുടുംബത്തിന് അഭിമാനതകർച്ച ഉണ്ടാകാതിരിക്കാൻ സീനത്താത്ത കണ്ടെത്തിയ മാർഗമായിരുന്നു ഈ കല്യാണം എന്നറിഞ്ഞപ്പോൾ എല്ലാവരോടും വെറുപ്പായിരുന്നു.
ലൈലയുടെ വിവാഹമാണെന്ന് ഫ്രണ്ട് വന്ന് പറഞ്ഞപ്പോൾ സങ്കടത്തോടെ അവനോട് അവളെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടേന്ന് പറഞ്ഞു.
ഇക്കാക്കയോട് പറഞ്ഞ് ഉടനെ വിസ റെഡിയാക്കി ഗൾഫിലേക്ക് പോകാൻ ഇറങ്ങുമ്പോൾ പോലും സമീറയെ ഒന്ന് നോക്കുക കൂടി ചെയ്തില്ല. എന്നെ വഞ്ചിച്ചവളല്ലേ…അവളുടെ വയറ്റിൽ തന്റെ കുഞ്ഞ് ഉണ്ടെന്ന് പോലും ഓർത്തില്ല. എല്ലാവരോടും വെറുപ്പായിരുന്നു. അവരവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി എന്റെ പ്രണയത്തെ എന്നിൽ നിന്നും തട്ടിയെറിഞ്ഞതിന്.
വണ്ടി പെട്ടെന്ന് ബ്രേക്ക് പിടിച്ചതും ആരിഫ് ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. നോക്കിയപ്പോൾ വീടെത്തിയിരുന്നു. ഉമ്മറത്ത് അവന്റെ ബാപ്പ വരുന്നതും നോക്കി സഫിമോനിരിക്കുന്നു.
വണ്ടിയിൽ നിന്നിറങ്ങിയതും അവൻ ഓടിവന്നു. അവനെ വാരിയെടുത്ത് ഉമ്മകൾകൊണ്ട് മൂടുമ്പോൾ ഇവന് വേണ്ടി ഇനിമുതൽ എല്ലാം വിധിയാണെന്നോർത്ത് ക്ഷമിക്കാനും പൊറുക്കാനും ശ്രമിക്കണമെന്ന് ദൃഢനിശ്ചയമെടുത്തു.
ശുഭം