പെയ്തൊഴിയാതെ

ജസ്ന അബ്ദുൾ സത്താർ


കടൽക്കാറ്റേറ്റ് പാറിപ്പറക്കുന്ന മുടിയൊക്കെ അവൾ മാടിയൊതുക്കി..
അസ്തമയ സൂര്യനെ കണ്ട്  മായ കടൽക്കരയിലിരിക്കുകയായിരുന്നു. അവൾ പൂഴിമണ്ണിൽ വിരൽകൊണ്ട് ചിത്രം വരച്ചു കൊണ്ടിരുന്നു.

മായ നേരത്തേ എത്തിയോ  അവിടേക്ക് ഇരുന്നുകൊണ്ട് അവളുടെ കൂട്ടുകാരി പ്രവീണ ചോദിച്ചു.

മ്മ്മ്മ് ….മായ ഒന്ന് മൂളി

അവരുടെ അടുത്ത് ഒരു കുട്ടി ഓടികളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആ കുട്ടി എടുത്തടിച്ചു വീണ് പോയി.

മായയും പ്രവീണയും പിടഞ്ഞെഴുന്നേറ്റു.

അയ്യോ…മോൾക്കെന്തെങ്കിലും പറ്റിയോ…
കുട്ടിയെ പിടിച്ചു എഴുന്നേൽപ്പിച്ച് അവളുടെ ഉടുപ്പിലും കൈയ്യിലും പറ്റിപ്പിടിച്ച പൂഴിമണ്ണ് മായ തട്ടിക്കളഞ്ഞു കൊടുത്തു.

മോളുടെ  പേരെന്താ… കുട്ടിയെ വാരിയെടുത്ത് ചുംബിച്ചു കൊണ്ട് അവൾ ചോദിച്ചു.

കുട്ടി ഒന്നും പറയാതെ അവളുടെ കൈയ്യിൽ നിന്ന് ഊർന്നിറങ്ങി അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന അയാളുടെ കൈകളിലേക്ക് ചാടിക്കയറി.

മായ അയാളെക്കണ്ടതും ഞെട്ടിത്തരിച്ചു..അഭിയേട്ടന്റെ  മോളാണോ ഇത്.  അവിചാരിതമായി  അവനെ കണ്ട് അവൾ വെപ്രാളം പോലെ ചോദിച്ചു.അവനും അവളെ കണ്ടപ്പോൾ തറഞ്ഞ്നിന്നു.

അവൻ അവളെ സൂക്ഷിച്ചു നോക്കി. പഴയതിലും ക്ഷീണിച്ചിരിക്കുന്നു. കണ്ണിനു ചുറ്റും കരുവാളിപ്പ് പടർന്നിരിക്കുന്നു. ഉറക്കമില്ലാതായിട്ട് നാളുകളായെന്ന്  ആ മുഖം പറയുന്നുണ്ട്. അവൻ പതിയെ അവൾക്കരികിലേക്ക് നടന്നടുത്തു.

മായേ എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട് എന്റെ കൂടെ വരൂ..അവൻ മുഖവുരയില്ലാതെ പറഞ്ഞു.

അവൾ പരിഭ്രമത്തോടെ ചുറ്റും ഒന്ന് നോക്കി. പരിചയമുള്ള കണ്ണുകൾ തങ്ങളുടെ മേൽവരുന്നുണ്ടോയെന്ന്…. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും….നോക്ക് അഭിയേട്ടാ… എനിക്ക് ഏട്ടനോട്  ഒന്നും സംസാരിക്കാനില്ല. എനിക്ക് ഏട്ടൻ പറയുന്നതൊന്നും കേൾക്കാൻ താൽപര്യവുമില്ല. അവൾ എടുത്തടിച്ചപോലെ പറഞ്ഞിട്ട് പ്രവീണയേയും കൂട്ടി  തിടുക്കത്തിൽ നടന്ന്  ഒരു ഓട്ടോയിൽ കയറി.

അവൾ  സീറ്റിലേക്ക് ചാരിയിരുന്ന്  ദീർഘശ്വാസം വിട്ടു. നാലു വർഷങ്ങൾക്കു മുന്പേ അവളുടെ ഓർമ്മകൾ ഊളിയിട്ടു.

അച്ഛന്റെ അടുത്ത ചങ്ങാതിയായിരുന്ന വൽസലൻ മാഷിന്റെ ഒറ്റമോനാണ്  അഭിമന്യു. എന്റെ അഭിയേട്ടൻ  ഒന്നിച്ചു കളിച്ചു വളർന്നവർ. എന്നേക്കാൾ നാല് വയസ്സ് മൂത്തതാണ് അഭിയേട്ടൻ. മുതിർന്ന ക്ലാസ്സിൽ  ആണെങ്കിലും ഒരുമിച്ചാണ് സ്കൂളിൽ പോക്കും തിരിച്ചു വരവും.

അഭിയേട്ടന്   പതിനഞ്ച് വയസുള്ളപ്പോഴാണ് ഏട്ടന്റെ അമ്മ കുഴഞ്ഞു വീണത്. പിന്നീട് കുറേക്കാലം കിടപ്പിലായി ഒടുവിൽ ഏട്ടനെയും അച്ഛനെയും വിട്ടു അമ്മ എന്നന്നേക്കുമായി പോയപ്പോൾ വിഷമം താങ്ങാനാവാതെ എന്റെയരികിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നും അഭിയേട്ടന് കൂട്ടായി ഞാൻ ഉണ്ടായിരുന്നു.

ഞങ്ങൾ  വളരുന്നതിനനുസരിച്ച് ഏട്ടൻ
പോകെ പോകെ  എന്നോട് വല്ലാത്തൊരു അടുപ്പം കാണിച്ചു.  പ്രണയത്തോടെയുള്ള നോട്ടവും അഭിയേട്ടന്റെ സംസാരത്തിൽ മറ്റെന്തിനേക്കാളും എന്നെ സ്നേഹിക്കുന്നുണ്ടന്ന് എനിക്ക് തോന്നി തുടങ്ങി. അത് എന്നിൽ അസ്വസ്ഥത നിറഞ്ഞു.

കാരണം അപ്പോഴേക്കും ഞാൻ വേറൊരാളുമായി ഇഷ്ടത്തിലായിരുന്നു…അയാളില്ലാതെ എനിക്കും  ഞാനില്ലാ അയാൾക്കും ജീവിക്കാൻ കഴിയാത്തവിധം അടുത്തു പോയിരുന്നു…

പതിയെ പതിയെ ഞാൻ അഭിയേട്ടനിൽ നിന്ന് അകലാൻ തുടങ്ങിയപ്പോൾ ഏട്ടന്റെ അച്ഛനും ഏട്ടനെ വിട്ടു പോയി. വീണ്ടും അഭിയേട്ടന്  എന്റെ സാമിപ്യം ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഏട്ടന്റെ അരികിലേക്ക് ഞാൻ ഓടിയെത്തി. വിഷമങ്ങൾ പങ്കുവെക്കാനും അഭിയേട്ടന് താങ്ങായി  തനിച്ച് വിടാതെ നിഴൽപോലെ കൂടെ നിന്നു.

അഭിയേട്ടനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഏട്ടൻ തെറ്റിദ്ധരിച്ച് എന്നോട് കൂടുതൽ ഇഷ്ടത്തോടെ പെരുമാറി. രണ്ടു വർഷം കഴിയുമ്പോഴേക്കും ഞങ്ങളുടെ അടുപ്പം കണ്ടു നാട്ടുകാരുടെ മുറുമുറുപ്പ് കൂടിയതും  അഭിയേട്ടനെയും  എന്നെയും പിടിച്ചങ്ങ്  കെട്ടിച്ചുവിടാൻ അച്ഛൻ തീരുമാനം എടുത്തു.

പിന്നെ അഭിയേട്ടനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ച് അഭിയേട്ടനെകണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ഏട്ടന് എന്നോടുള്ള ഇഷ്ടം  കാരണം പിന്മാറാൻ തയ്യാറായില്ല. കൂടുതൽ ഉപദേശിച്ചു…. ഞാൻ പ്രണയിക്കുന്നവൻ ആള് ശരിയല്ലായെന്ന് വരെ പറഞ്ഞപ്പോൾ കേട്ട് നിൽക്കാനായില്ല… 

ഞാൻ കടുത്ത വാക്കുകൾ പറഞ്ഞു കുത്തി നോവിച്ചു. ഒരു അനാഥനായ അഭിയേട്ടന്റെ ഭാര്യ പതവി ആവുന്നതിലും നല്ലതാ… അവന്റെ ഭാര്യ ആവുന്നതെന്ന്  മുഖം കടുപ്പിച്ച് പറയേണ്ടി വന്നു.

അന്ന് അഭിയേട്ടൻ  കരഞ്ഞത് ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്. അഭിയേട്ടന്റെ മനസ്സ്  വേദനിപ്പിച്ചതിന്റെ ശാപംപോലെ പിന്നീടുള്ള എന്റെ ജീവിതം തകിടം മറിഞ്ഞത്.

സൂരജുമായി പ്രണയത്തിൽ ആയതും അവനെ മാത്രമേ താൻ കല്ല്യാണം കഴിക്കുകയുള്ളൂ എന്ന് അച്ഛനോടും അമ്മയോടും വാശിപിടിച്ചു… സൂരജ്  കഴുത്തിൽ താലികെട്ടുമ്പോൾ വലിയ കുടുംബത്തിലേക്ക് പോകുന്നതിന്റെ അഹങ്കാരം തന്റെ മുഖത്തുണ്ടായിരുന്നിരിക്കണം….

കല്ല്യാണത്തിന് എല്ലാത്തിനും ഓടിനടന്നു ക്ഷീണിച്ചിരിക്കുന്ന അഭിയേട്ടനെകണ്ടപ്പോൾ പോലും അഭിയേട്ടനോടൊന്ന് സംസാരിക്കാനോ..എന്തിന് ചിരിക്കാൻ പോലും തന്റെ അഹങ്കാരം സമ്മതിച്ചില്ല.

സൂരജിന്റെ വീട്ടിലെത്തി രണ്ടു ദിവസം കൊണ്ടുതന്നെ മനസ്സിലായി അവിടെ ഒരു വേലക്കാരിയെയാണ് ആവശ്യമെന്ന്. സ്വന്തം വീട്ടിൽ മുറ്റം പോലും തൂക്കാത്തവൾ ഒരു വീടിന്റെ എല്ലാ ജോലിയും ഏറ്റെടുക്കേണ്ടി വന്നപ്പോൾ ആദ്യമായി സൂരജിനോട് കയർത്തു സംസാരിക്കേണ്ടി വന്നു.

എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി അഭിയേട്ടൻ വിനീത എന്ന കുട്ടിയെ താലികെട്ടി.

തന്റെ വിഷമങ്ങൾ കണ്ടിട്ടും കാണാത്തത് പോലെ നടക്കുന്ന സൂരജ് വീട്ടുകാർക്ക് വേണ്ടി മാത്രമായി തന്നോട് വഴക്കിട്ടു തുടങ്ങിയപ്പോൾ  പിന്നെ ഒന്നും ആലോചിച്ചില്ല. എടുക്കാനുള്ളതും എടുത്തു സ്വന്തം വീട്ടിൽ  വന്നു.

പിണങ്ങി വീട്ടിൽ വന്നിട്ടും ഒരിക്കൽ പോലും സൂരജ് തിരികെ വിളിച്ചു കൊണ്ട്പോവാൻ വന്നില്ല… വിളിക്കാൻ വരാതെ അങ്ങോട്ട് മടങ്ങിപ്പോകാൻ അഭിമാനം അനുവദിച്ചില്ല..

ലാളിച്ചു വളർത്തിയ ഒറ്റ മോളുടെ അവസ്ഥയിൽ അച്ഛന്റെയും അമ്മയുടെയും സങ്കടം കണ്ടപ്പോൾ പിന്നെ അവിടെ  നിൽക്കാൻ തോന്നിയില്ല… പോരാത്തതിന് അഭിയേട്ടനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി ആരോടും പറയാതെ അവിടം വിട്ടു.

പിന്നീടങ്ങോട്ട്  കൂട്ടുകാരി പ്രവീണയെ വിളിച്ച് അവളുടെ വീട്ടിലേക്ക് പോയി… ഈ രണ്ടു വർഷവും അച്ഛനെയും അമ്മയെയും ഫോൺ വിളിച്ചതല്ലാതെ നേരിൽ കാണാൻ വരാൻ തോന്നിയില്ല…അവരുടെ വിഷമം കാണാൻ തനിക്ക് പറ്റുമായിരുന്നില്ല….

അഭിയേട്ടനെ നേരിൽ കാണരുതെന്ന് കരുതിയാണ് ഇത് വരെ നടന്നത്…ഇപ്പോൾ അഭിയേട്ടന്റെ  മുന്നിലാണ് വന്നുപെട്ടത്. അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു

ഇവിടെയാണോ ഇറങ്ങേണ്ടതെന്ന് ഓട്ടോക്കാരൻ ചോദിച്ചപ്പോഴാണ് അവൾ ഓർമയിൽ നിന്നും ഉണർന്നത്.

അവൾ ഇറങ്ങിയപ്പോഴാണ് തന്റെ വീട്ടുമുറ്റത്താണ് എത്തിയതെന്ന് കണ്ടത്. അവൾ പരിഭ്രമത്തോടെ തിരിച്ചു ഓട്ടോയിൽ കയറാൻ പോയതും അവളെ പ്രവീണ കൈപിടിച്ചു വലിച്ചു.   അഭി വന്ന് തിരിച്ചു നിർത്തി അവളുടെ മുഖത്തടിച്ചു. അപ്പോഴാണ് അവനും പിറകെ ഉണ്ടെന്ന് അവൾക്ക് മനസ്സിലായത്.ആ ഓട്ടോക്കാരൻ അവന്റെ ഫ്രണ്ടാണെന്നുള്ളതും.

നീ ജീവിതത്തിൽ നിന്നും ഒളിച്ചോടിയിട്ട് എന്ത്നേടി. കൈയ്യിൽ ഉള്ളതിനെ വിട്ടു പറക്കുന്നതിനെ പിടിക്കാൻ പോയതല്ലേ… എന്നിട്ട് എന്ത് നേടി. നീ…നിന്നെ ഇത് വരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ  മറന്നു നീ തിരഞ്ഞെടുത്ത ബന്ധമല്ലേ…. അതിന് അവർ നല്ലത് ഉപദേശിച്ചപ്പോൾ അവരെയും നിനക്ക് വേണ്ടാതായി. അവൾ ഓടിപ്പോയിരിക്കുന്നു. ആദി ദേഷ്യത്തോടെ അവളെ പിടിച്ചു തള്ളി.

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി…. അവൾ വീട്ടിനകത്തേക്ക് ഓടിക്കയറിപ്പോയി

അവിടെ  കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛനെ കണ്ടതും മായ  പൊട്ടിക്കരഞ്ഞു… എല്ലാം എന്റെ എടുത്തുചാട്ടം കാരണമാണെന്നോർത്ത് അവൾ അച്ഛന്റെ കാലുകൾ പിടിച്ചു എല്ലാത്തിനും മാപ്പ് പറഞ്ഞു.

ശുഭം..


FacebookWhatsApp