തെരുവിലെ ശ്വാനന്മാർ
സഹസ്രങ്ങൾ വിലമതിക്കുന്ന
പാദുകങ്ങളും ആടകളും അണിഞ്ഞു
അങ്കണത്തിലെ ആഡംബര
കാറിൽ കയറി യാത്ര ചെയ്യുന്നിവർ
അറിയുന്നില്ല
നഗ്നപാദരാം ഈ പാവങ്ങളുടെ രോദനം
ദാരിദ്ര്യത്തിൻ കയ്പ്നീർ നുണയുന്ന
വേളയിൽ തൻ പൈതലിൻ
പശി മാറ്റുവാൻ തൻഗേഹത്തിന്
മുൻപിൽ പൈതങ്ങളെ ഇരുത്തി
അയൽവീട്ടിൽ വേപദപൂണ്ടു
വേലചെയ്യുന്നിവരുടെ വേദന
അറിയുന്നില്ലിവർ
നഗ്നപാദരാം ഈ പാവങ്ങളുടെ രോദനം.
പശി മാറ്റുവാൻ അമ്മയുടെ കൈയ്യിലെ
പൊതിച്ചോറിനായി കാത്തിരുന്ന
പൈതങ്ങൾ വിശപ്പിൻ വിളി
അസഹനീയമായപ്പോൾ
മറക്കുവാനായി ക്രീഡകളിലേർപ്പെട്ട
പൈതങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന
ശ്വാനന്മാർ,
ചിതറിയോടിയ പൈതങ്ങളിലൊന്നിനെ
തെരുവുനായ്ക്കൾ കടിച്ചു കൊന്നപ്പോഴും
ഇവരറിയുന്നില്ല നഗ്നപാദരാം
ഈ പാവങ്ങളുടെ രോദനം.
പാദസഞ്ചാരികളുടെ നേർക്ക്
ദന്തങ്ങൾ കാണിച്ച് ക്രൗര്യത്തോടെ
പാഞ്ഞടുക്കുന്ന ശ്വാനവർഗ്ഗത്തിനോ,
അതോ ഒരമ്മയുടെ കണ്ണിൽനിന്നുതിരുന്ന
കണ്ണീർ തുള്ളികൾക്കോ മുൻതുക്കം കൊടുക്കുന്നിതിവർ,
പൊറുക്കുകില്ലൊരുക്കിലും, പൊറുക്കുകില്ലൊരുക്കിലും
ആ കുഞ്ഞുപൈതലിനാത്മാവ്.