ഒരുമാത്രയെന്നുടെ ഓർമ്മതൻ തീരങ്ങൾ
ബാല്യ ചാപല്യത്തിൻ കേദാരമായ്.
ഹരിതാഭമാർന്നൊരു നാട്ടുവഴികളിൽ
കൈകൾ കോർത്തൊന്നായ് നടന്ന കാലം.
മുറ്റത്തെ മുത്തശ്ശി മൂവാണ്ടൻ മാവിലെ
മാങ്ങകൾ മധുരമായി ലക്ഷ്യമാക്കി.
മുങ്ങാങ്കുഴിയിടാൻ ആമ്പൽ കുളങ്ങളും
മൊത്തിക്കുടിക്കുവാൻ കൂമ്പുകളും.
വീണ്ടുമാകാലം വരികയില്ലെങ്കിലും
വെറുതെ മോഹിക്കുവാൻ വെമ്പലായി
വീണ്ടും മടങ്ങിയാ പൈതലായ് മാറണം
കടലാസുതോണിയിൽ യാത്ര പോകാൻ.