കലിബാധ?

ശോഭന കെ.എം

“രാ മൂടി, രാ മൂടി, ലോകമിരുണ്ടു പോയ്, രാമായണംചൊല്ലു
മോചനം നേടുവാൻ “
മുത്തശ്ശിയിങ്ങനെ ചൊല്ലുന്നുണ്ടുച്ചത്തിൽ
കർക്കിടപ്പേമാരി പെയ്യുന്നൊരു രാവിൽ
കാവ്യ സാമ്രാജ്യത്തെ മന്നരിൽ മന്നനാ’ണാദി കാവ്യ ‘മെന്നു –
നിർണയമെങ്കിലും
രാമൻ്റെ വീരാപദാനങ്ങൾ കേൾക്കവേ
സീത തൻ ദുഃഖമെന്നുള്ളിൽ തികട്ടിടും.
ഗർഭം ചുമന്നങ്ങിരുൾക്കാട്ടി –
ലേകയായ്
തപ്പിത്തടയും വിതുമ്പലാണോർമയിൽ
മൗനമായഗ്നിപരീക്ഷ ജയിക്കിലും
മാനം ചതഞ്ഞരഞ്ഞില്ലയോ സാധ്വിക്ക്?
“ഈരേഴുലകിനു മാരാധ്യനാം ദേവൻ
പെണ്ണിൻ്റെ മാനസം വായിച്ചതില്ലയോ?
വിങ്ങുന്ന മാനസം കാണാഞ്ഞതെന്തവൻ
എല്ലാ ചരങ്ങൾക്കും രക്ഷകനെന്നാകിൽ ”?
മുത്തശ്ശി കേൾക്കെ ഞാനിങ്ങനെ ചോദിക്കെ,
‘കലിബാധയാണു നിനക്കെ ‘ന്നു മുത്തശ്ശി …!


FacebookWhatsApp