കശുവണ്ടി

ഇസു

ആരാന്റെ വളപ്പിൽ പൂത്തു നിൽക്കുന്ന കശു മാവിനും തൂങ്ങിയാടിയ കശുവണ്ടികൾക്കും പല കഥകളും പറയാനുണ്ടാകും.. പല പല കുഞ്ഞു മനസ്സിന്റെയും സ്വപ്‌നങ്ങൾ പൂർത്തീകരിച്ച കഥ..
കുഞ്ഞു നാളിൽ സ്വപ്നം കാണാൻ പഠിപ്പിച്ചത് കശുവണ്ടി ആയിരുന്നു.. ആ സ്വപ്‌നങ്ങൾ മിട്ടായി പീടികയിൽ ചില്ലു ഭരണിയിൽ നിറഞ്ഞു നിൽക്കുന്ന തേൻ മിട്ടായിയോ പഞ്ഞി മിട്ടായിയോ ഒക്കെ ആയിരിക്കും..എന്നാലും അതൊരു എടുത്താൽ പൊന്താത്ത സ്വപ്നം തന്നെയായിരുന്നു.. പക്ഷേ ആ സ്വപ്നം സ്വന്തമാക്കണമെങ്കിൽ ഒരു വഴിയുണ്ട്.. .. ഒരേയൊരു വഴി… കളി സ്ഥലത്ത് പോകുന്ന വഴി വക്കിലുള്ള സ്ഥലത്തെ കശുമാവ് പൂക്കണം.. പൂത്തു മൂക്കണം.. കല്ലെറിഞ്ഞു വീഴ്ത്തിയതും ഏന്തി വലിഞ്ഞു കയറി പറിച്ചതുമായ അണ്ടി എടുത്ത് അടുത്തുള്ള കടയിൽ കൊണ്ട് കൊടുക്കും.. മരത്തിൽ കയറുമ്പോൾ ധാരാളമായി ഉണങ്ങിയ അണ്ണാൻ കാഷ്ഠം ഉണ്ടാകും.. ഒരുതരം പശ പോലെയാണ് അത് കാണാൻ.. കൂടെയുള്ള കൂട്ടുകാരോട് ഈ കാണുന്ന സാധനമാണ് കടകളിൽ പത്രത്തിൽ പശയായി വരുന്നത് എന്ന് ബഡായി വിടും.. കശുവണ്ടി കൊടുക്കുമ്പോൾ കടക്കാരൻ തരുന്ന ചില്ലറ പണം കൊണ്ട് സ്വപ്‌നങ്ങൾ പൂർത്തിയാക്കിയ മധുരമുള്ള ബാല്യം എനിക്കുണ്ടായിരുന്നു…


FacebookWhatsApp