കാഴ്ച

രാജു കാഞ്ഞിരങ്ങാട്

ഉഷസ്സ് തുഷാരത്തെ തൊട്ടു നോക്കെ
നനഞ്ഞ ഉഷസ്സുകുളിർന്നു പോയി
ഉല്ലസിച്ചൊരു ഞെട്ടിലാടി നിൽക്കു-
ന്നോരല്ലിമലരതുനോക്കി നിന്നു

ആത്തകുതുക,മണിഞ്ഞുകൊണ്ടേ
കിളിയൊന്നാപ്പൂന്തണ്ടിലാടിടുന്നു
മിന്നിത്തിളങ്ങും മിഴികളുമായ്
ഉണ്ടൊരു ബാലനിറയത്തിരിപ്പൂ

ചാരുതയാർന്നൊരുകാഴ്ചകാണാൻ
സൂര്യാംശു തല നീട്ടി നോക്കിടുന്നു
പൊങ്ങുംകുസൃതിക്കുനുചിരിയാൽ
ബാലകർ കൈകൊട്ടിക്കളിച്ചിടുന്നു

കാഞ്ചന വെയിലിൻ്റെ നൂലുമായി
എത്തുന്നു പൂമ്പാറ്റകൾ കൂട്ടമായി
ഉണ്ണിക്കിടാവേ, ഒരിക്കലീ ഞാനും
ആവോളം നുണഞ്ഞു ഈപൂന്തേൻ രുചി

എത്രനാളെത്ര നാളെന്നോമൽക്കുഞ്ഞേ
കാണുമീ സുന്ദരമായ കാഴ്ച
അറിവിൻ്റെ കേദാരമെന്നു ചൊൽവോർ
നല്ലതെല്ലാം നശിപ്പിക്കയല്ലേ


FacebookWhatsApp