തലശ്ശേരിക്കാരുടെ കോയിക്കാൽ

മിനു അഷീജ്

കുറേ വർഷങ്ങൾക്കു മുൻപ് ഒരു മെയ് മാസം…. കല്യാണം കഴിഞ്ഞു തലശ്ശേരിക്കാരിയായി വന്നതിന്റെ പിറ്റേ നാൾ…..അതിരാവിലെ ഞങ്ങൾ നവദമ്പതിമാർ ,തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലേക്ക് തൊഴാൻ പോയി… സൂര്യൻ നവദമ്പതിമാരാണെന്ന പരിഗണന പോലും തരാതെ പൂർവ്വാധികം ശക്തിയോടെ കത്തിജ്വലിച്ചു തന്നെ നിന്നു…. അമ്പല നടയുടെ പുറത്തെത്തിയപ്പോൾ ഒരാഴ്ച മുന്നെ ചെയ്ത ഫേഷ്യലിന്റെ കാര്യം ഓർത്ത് വേഗം ഞാൻ കയ്യിൽ കരുതിയ ‘തിരുവനന്തപുരത്തു ‘ നിന്നു വാങ്ങിയ കല്യാണ കുട എടുത്തു ചൂടി. ഏതാണ്ട് കരിഞ്ഞ അവസ്ഥയിലാ ഞങ്ങളു കാറിനടുത്തേക്ക് എത്തിയത്. കാറിൽ കയറി ഉടനെ എന്നോട് ,ഇവിടെ ഒരു ഹോട്ടലുണ്ട് ( ഇപ്പോഴും ആ ഹോട്ടൽ അവിടെ തന്നെയുണ്ട്.. പേരു മറന്നു പോയി..).. നമുക്കു അവിടെ പോയി വല്ലോം കഴിച്ചു വീട്ടിലേക്കു പോകാം എന്നു… സത്യം പറഞ്ഞാൽ മനസ്സിൽ ഒരു ലഡു ശരിക്കും പൊട്ടി… പക്ഷേ വീട്ടിന്ന് ഇറങ്ങുമ്പോൾ അമ്മ പ്രത്യേകം പറയേം ചെയ്തു ചായ ഇവിടെ വന്നു കുടിക്കാം എന്നു … അത് എന്റെ കാതിൽ മുഴങ്ങി കൊണ്ടേ ഇരുന്നു… ഉത്തമ ആയ മരുമകൾ ആണെന്ന് തെളിയിക്കാൻ പറ്റിയ അവസരം..പിന്നെ ഒന്നും നോക്കിയില്ല ചാടി കയറി ഭവ്യതയോടെ ഞാൻ പറഞ്ഞു, അയ്യോ അതു വേണ്ടാ വീട്ടിൽ പോയി കഴിക്കാം അമ്മ കാത്തിരിക്കും… അങ്ങനെ അതിനൊരു തീരുമാനമായി. അങ്ങനെ കാർ സ്റ്റാർട്ട് ചെയ്തു കുറച്ചു മുന്നോട്ട് എത്തിയപ്പോൾ അതാ നിർത്തുന്നു… എന്നിട്ട് പറയാണേ ഇനി വീട്ടിലെത്തുമ്പോഴേക്കും നിനക്കു വിശക്കും എന്തേലും ചെറുതായി കഴിക്കാം എന്ന് (ഹോ എനിക്കു വയ്യ എന്താല്ലേ സ്നേഹം.. വിശപ്പു ആർക്കാണെന്നു എനിക്കു മനസ്സിലായില്ലാന്ന പാവം വിചാരിച്ചത്.. കാള വാലു പൊക്കുമ്പോളെ നമുക്കു പുടികിട്ടി.) ആ സ്നേഹത്തിനു മുന്നിൽ തലേം കുത്തി വീണ ഞാൻ തലയാട്ടി സമ്മതം മൂളി.. (ഹല്ലപിന്നെ ഇനിം മസിലു പിടിച്ചാൽ വിശന്നു കുടലു കരിയും എന്റെ ) അങ്ങനെ എന്തേലും ചെറുതായി കഴിക്കാൻ ഞങ്ങളു ഹോട്ടലിൽ കയറി.. ഞാൻ ചുറ്റും കണ്ണോടിച്ചു. ചില്ലു അലമാരയിൽ നിന്നു എന്നെ നോക്കി വടയും പഴംപൊരിയും ബോണ്ടയും ചിരിക്കുന്നുണ്ടാരുന്നു.. എന്നെ ആദ്യം വിളി എന്നു എന്നോട് പറയും പോലെ തോന്നി..അതാ അവിടെയുള്ള ഒരു ചേട്ടൻ ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വരുന്നു… എന്താ വേണ്ടെ എന്നു ചോദിക്കുമ്പോൾ രണ്ടു പരിപ്പു വട മാത്രം മതി എനിക്ക് എന്നു പറയാം എന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു.. അങ്ങനെ ആ ചേട്ടൻ നടന്നു ഞങ്ങൾ ഇരിക്കുന്നിടത്തെത്തി ഇവിടെ എന്താ വേണ്ടേന്നു ഒരു ചോദ്യം.. അപ്പോ അതാ വരുന്നു ഒരാളുടെ മറു ചോദ്യം.. “കോയിക്കാല് ഉണ്ടോ ചേട്ടാ “.. എന്റെ കണ്ണുകൾ മണിച്ചിത്രത്താഴിൽ ക്ലോക്ക് പൊട്ടുന്നതു കണ്ട വിനയാ പ്രസാദിന്റെ കണ്ണുകൾ പോലെ വിടർന്നു… വായിൽ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം.. കോഴിക്കാൽ ( അപ്പോളേക്കും പൊരിച്ച കോയീന്റെ മണം ഉണ്ടോന്ന തിരച്ചിലിൽ ആയി എൻറ മൂക്ക്)… ആ നിമിഷം ഹോ ഇങ്ങനെ ഒരു കെട്ടിയോനെ കിട്ടിയല്ലോ എന്നോർത്തു അഭിമാനം കൊണ്ടു.. ഇതാണ് Made for each other എന്നു പറഞ്ഞാൽ എന്നു വരെ എനിക്കു തോന്നിപ്പോയ നിമിഷം… ഒരിത്തിരി മീൻ കറി യേലും ഇല്ലാതെ മലബാറുകാർക്ക് ഒരു ആഘോഷോം ഇല്ലെന്നു എല്ലാർക്കും അറിയാം..പക്ഷേ കോഴിക്കോടിനേം കവച്ചു വെട്ടി തലശ്ശേരി എന്നു തോന്നിയ നിമിഷം’.. ഹോ ഇനി ഒരു ഒന്നര മണിക്കൂർ യാത്രയുണ്ടെൽ എന്താ രാവിലെം കോഴിനെ കഴിക്കുന്ന തലശ്ശേരിക്കല്ലെ കെട്ടി കൊണ്ടുവന്നതെന്നോർത്തു അഭിമാനിച്ചു…. പോരട്ടെ നാലു കോഴിക്കാൽ രണ്ടു ചായേം.. ഞാൻ പറഞ്ഞു എനിക്ക് ചായ വേണ്ട (കോഴിക്കാലും ചായേം ഇതെന്ത് മനുഷ്യൻ ഞാൻ മനസ്സിൽ പറഞ്ഞു ) പത്തു മിനിറ്റ് കാത്തിരിപ്പ് എനിക്ക് ഒരു പത്തു മണിക്കൂറായി തോന്നി..

അതാ ചേട്ടൻ നടന്നു വരുന്നു കയ്യിൽ രണ്ടു പ്ലേറ്റുമായി.. കോഴിക്കാലു കടിച്ചു പറിക്കാൻ പല്ലുകളെ സജ്ജമാക്കി ഞാൻ ഇരുന്നു.. 1….2….3…പ്ലേറ്റു മേശപ്പുറത്തു വച്ചതും എന്റെ ഹൃദയം തകർന്നു പോയി.. വേറെ എന്തോ ഒരു സാധനം പ്ലേറ്റിൽ .. അയ്യോ ആ ചേട്ടൻ ആളുമാറി കൊണ്ടുവന്നതാ പാവം.. കെട്ടിയോനെ നോക്കി ഞാൻ ചോദിച്ചു എന്താ ഇതു.. ചിരിച്ചോണ്ട് പറയാ ‘കോയിക്കാൽ ‘എന്ന്.. തകർന്നു പോയി എന്റെ ഹൃദയം.. ഒരു നെടുവീർപ്പിട്ടു ഞാൻ ചോദിച്ചു, ഇനിയും ഉണ്ടോ ഇതുപോലത്തെ സാധനങ്ങൾ ഈ നാട്ടിൽ? ചോയിക്കാനും പറയാനും ആരും ഇല്ലേ ഒരു പേരു മോഷണം…. അന്നു കോഴിന്റെ കാലു പ്രതീക്ഷിച്ചതുകൊണ്ടാവും എനിക്ക് അത്ര പിടിച്ചില്ല തലശ്ശേരിക്കാരുടെ കോയിക്കാൽ’… പിന്നെ കഴിച്ചു കഴിച്ചു ഞാനും കോഴിക്കാലിന്റെ ആരാധികയായി മാറീട്ടോ… സത്യം പറയാലോ സംഭവം കിടു ആട്ടോ.. തിരുവങ്ങാട് അമ്പലത്തിൽ പോയാൽ ആ ഹോട്ടലിൽ കയറി കോഴിക്കാൽ കഴിക്കാതെ പോകാറില്ല.

നല്ല ചൂട് ചായേം കോഴിക്കാലും.. ഒരു മഴേം കൂടി ഉണ്ടേൽ പറയേണ്ട… വൈകുന്നേരം മഴയേം നോക്കി നല്ല ചൂടു ചായേം കോഴിക്കാലും… ഹോ കൊതിയാവുന്നു…


FacebookWhatsApp