കുമാരനും കേശവനും പിന്നെ ഒരു പാരയും

അജിത് കല്ലൻ

വൈകുന്നേരങ്ങളിൽ ഒന്നും ചെയ്യാനില്ലാത്തപ്പോൾ കോലായിലുള്ള ബെഞ്ചിൽ മലർന്ന് കിടന്ന് തല ചെരിച്ച് ഇടവഴിയിലേക്കും നോക്കി കിടക്കുക എന്നത് സതീശൻ്റെ ഒരു സ്വഭാവമാണ്. ഇങ്ങിനെ കിടക്കുന്ന നേരത്തായിരുന്നു സതീശൻ്റെ നേർക്ക് ഇടവഴിയിലൂടെ രാജേന്ദ്രൻ ധൃതിയിൽ നടന്നുവന്നത്.രാജേന്ദ്രൻ്റെ വരവ് കണ്ടപ്പോൾ സതീശൻ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി രാജേന്ദ്രൻ്റ അടുത്തേക്ക് നടന്നു.

” സതീശാ, ഇന്നെന്തായാലും അടി പൊട്ടൂന്നാ തോന്നുന്നെ. കുമാരേട്ടൻ്റെ പീട്യേൻ്റടുത്ത് കൊർച്ചാൾക്കാര് കൂടി നിക്ക്ന്ന് ണ്ടെന്നാ കേട്ടേ. നമക്കൊന്ന് ആട വരെ പോയിറ്റ് വരാ” ആവേശം രാജേന്ദ്രൻ്റെ വാക്കുകളെ വല്ലാതെ പൊതിഞ്ഞിരുന്നു.

സതീശനും രാജേന്ദ്രനും ചരപ്പുറം ഗ്രാമത്തിലുള്ള ഇടവഴിയിൽ നിന്നും വയലിനെ നെടുകെ മുറിച്ച് കിടക്കുന്ന വരമ്പിലേക്കിറങ്ങി. തലേന്ന് പെയ്ത മഴ ഉഴുതുമറിച്ചിട്ട മണ്ണിനെ നനച്ചിരുന്നു. പുതുമണ്ണിൻ്റെ മണം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.

ഗണപതി വിലാസം യു പി സ്ക്കൂളിൽ ഒന്ന് തൊട്ട് ഏഴ് വരെയും കേളു കുറുപ്പ് മെമ്മോറിയൽ സ്ക്കൂളിൽ എട്ട് തൊട്ട് പത്ത് വരേയും ഏറ്റവും പുറകിലെ ബെഞ്ചിൽ അടുത്തടുത്തിരുന്ന് പഠിച്ചവരാണ് സതീശനും രാജേന്ദ്രനും. പത്ത് തോറ്റപ്പോൾ രണ്ടു പേരും പഠിപ്പ് നിർത്തി. ഇപ്പോ ചരപ്പുറത്തിൻ്റെ പല ദിക്കിലേക്കും അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടക്കും.

വരമ്പിലൂടെ ധൃതിയിൽ നടക്കുന്നതിനിടയിൽ പുറകിലായി നടന്നു വരുന്ന രാജേന്ദ്രനോട് സതീശൻ പറഞ്ഞു.

” പീട്യേൻ്റെ ഓട്ളക്കീറ്റാ ഉള്ളിക്കേറിയെ “

” പാര മാത്രേ എട്ത്ത് റ്റുള്ളൂ”

” കട്ടത് ഉമ്മറാന്നും പറഞ്ഞിറ്റാ കേശവേട്ടൻ ഉമ്മറെ പിടിച്ച് അടിക്കാൻ നോക്ക്യേ”

” അതിന് പകരം ചോദിക്കൂന്നും പറഞ്ഞിറ്റാ കുമാരേട്ടൻ്റെ ഇന്നത്തെ ജാഥ. ജാഥ കേശവേട്ടൻ്റെ പീട്യേൻ്റടുത്തെത്തിയാ അടി പൊട്ടുന്നുള്ള കാര്യം ഒറപ്പാ”

കുമാരൻ കോൺഗ്രസ് പാർട്ടിക്കാരനാ. കേശവൻ കമ്മ്യൂണിസ്റ്റും. രാഷ്ട്രീയപരമായി മാത്രമല്ല, വ്യക്തിപരമായും രണ്ടു പേരും ബദ്ധശത്രുക്കളാണ്. പരസ്പരം പ്രശ്നങ്ങൾ ഉണ്ടാക്കാനായി എന്തെങ്കിലും ഒരു കാരണത്തിന് വേണ്ടി നിൽക്കുമ്പോഴായിരുന്നു കേശവൻ്റെ പീടികയിലെ പാര മോഷണം നടക്കുന്നതും അതിൻ്റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടായതും.

പാര മോഷണം ചരപ്പുറത്തുള്ള എല്ലാവരുടേയും ചെവിയിൽ ഇതിനോടകം എത്തിക്കഴിഞ്ഞിരുന്നു.

സതീശനും രാജേന്ദ്രനും വരമ്പിൽ നിന്നും ചെമ്മൺ റോഡിലേക്ക് കയറി. റോഡിൽ വാഹനങ്ങൾ നന്നേ കുറവാണ്. റോഡിനിരുവശത്തും വയലുകളാണ്. വയലിനപ്പുറം ഓടിട്ട വീടുകൾ അവിടവിടെയായി കാണാം. വീടുകൾക്കപ്പുറം മൊട്ട കുന്നുകളുമാണ്.

രാജേന്ദ്രൻ നടക്കുന്നതിനിടയിൽ പറഞ്ഞു ” ജാഥേല് കുമാരേട്ടൻ മുദ്രാവാക്യം വിളിച്ചോണ്ട് നടക്കുന്നത് കാണുമ്പം എനക്കും തോന്നിപ്പോകും, കൂടെ കൂടി മുദ്രാവാക്യം വിളിക്കാൻ “

” കേശവേട്ടൻ്റെ പന്തം കൊളുത്തി പ്രകടനം ഒന്നു കാണേണ്ടതാ. പിന്നെ പൊലച്ചക്കുള്ള ജാഥയും. ആ ജാഥേലെ മുദ്രാവാക്യം വിളി കെടക്ക പായേന്ന് കേക്ക് ന്നേൻ്റെ സുഖം വേറെതന്നെയാടാ “

രണ്ടു പേരും പറഞ്ഞതിൽ വാസ്തവം അങ്ങിനെതന്നെയായതുകൊണ്ടും രണ്ടു പേർക്കും രാഷ്ട്രീയത്തോട് വലിയ താൽപ്പര്യം ഇല്ലാത്തത് കൊണ്ടും കൂടുതൽ തർക്കിക്കാൻ അവർ നിന്നില്ല.

അവർ നടന്ന് ചരപ്പുറം ഗ്രാമത്തിൻ്റെ കവലയിലെത്തി. കുറച്ച് പീടികകൾ കാണാം.

കവലയോട് ചേർന്നിട്ടാണ് കുഞ്ഞാലീൻ്റെ അടച്ചിട്ട ചായ പീടിക. ചായ പീടികയുടെ കോലായിൽ മണി മേസ്ത്രിയും മൂന്നു നാല് ചെറുപ്പക്കാരും ഇരിക്കുന്നുണ്ടായിരുന്നു.

നാട്ടിലെ എന്ത് ജോലിയും ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്ന മണിയെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് മണി മേസ്തിരി എന്നാണ്. ഹെൽപ്പർമാരായി മണി മേസ്തിരിയുടെ കൂടെ ചെറുപ്പക്കാരേയും എപ്പോഴും കാണാം.

മേസ്തിരി രാജേന്ദ്രനെ കണ്ടയുടനെ ചിരിച്ച് കൊണ്ട് ചോദിച്ചു ” എടാ രാജേന്ദ്രാ, ഇന്ന് പൊട്ടോ”

“പൊട്ടും മേസ്തിരി. പൊട്ടുന്നത് കാണാൻ വരുന്നില്ലെ”

“നമ്മള് കുഞ്ഞാലിക്കാനേയും വിട്ടിറ്റുള്ള കളിയില്ല മോനെ” മേസ്തിരി ചിരിച്ചു.

“നിങ്ങളെന്നാ കുഞ്ഞാലിക്കാനേം പിടിച്ച് ഈട ഇരുന്നോ ” രാജേന്ദ്രൻ പറഞ്ഞു.

കുഞ്ഞാലിയുടെ പീടികയുടെ തൊട്ടപ്പുറത്താണ് കുമാരൻ്റെ തുന്നൽ പീടിക. പാർട്ടി ഓഫീസുകൂടിയാണ് കുമാരൻ്റെ പീടിക.

രണ്ടു പേരും കുമാരൻ്റെ പീടികയുടെ മുൻപിലെത്തി. പതിനഞ്ചോളം പേർ ഖദർമുണ്ടും കുപ്പായവും ഇട്ട് പീടികയുടെ കോലായിലും റോഡിലുമായി നിൽക്കുന്നു. കൂട്ടത്തിൽ ഉമ്മറും.

” ഓൻ്റെ പീട്യേൻ്റടുത്തെത്തിയാ എന്ത് പ്രശ്നണ്ടായാലും ആരും ഓടരുത്. അടി എങ്കി അടി. കൊറേക്കാലായി ഓനൊന്ന് കൊടുക്കണമെന്ന് വിചാരിച്ചിറ്റ് ” കുമാരൻ പീടികയുടെ അകത്ത് നിന്നും കോലായിലേക്കിറങ്ങി കൂടെയുള്ളവരോട് ദേഷ്യത്തോടെ പറഞ്ഞു.

” വാടാ, നമക്ക് കേശവേട്ടൻ്റെ പീട്യേൻ്റsത്ത് പോവാം. ആട എന്താനടക്ക്ന്നേന്നറിയാലോ ” സതീശൻ രാജേന്ദ്രൻ്റെ ചെവിയിൽ പറഞ്ഞു.

രാജേന്ദ്രനും സതീശനും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തുള്ള കേശവൻ്റെ പീടിക ലക്ഷ്യം വെച്ച് നടന്നു.

പാർട്ടി ഓഫീസും കൂടിയാണ് കേശവൻ്റെ പീടിക. പീടികയിലെ പ്രധാന കച്ചവടം കട്ടൻ ചായയും കപ്പ പുഴുങ്ങിയതും മീൻ കറിയുമാണ്. കേശവൻ്റെ മീൻകറി പ്രസിദ്ധമാണ്. തേങ്ങ ചേർക്കാതെ കൊടംപുളിയിട്ടു വെച്ച മീൻ കറിയും കൂട്ടി കപ്പ കഴിക്കാനായി കുമാരനും കുമാരൻ്റെ പാർട്ടിക്കാരും, പെണ്ണുങ്ങളും കുട്ടികളും ഒഴികെ ചരപ്പുറത്തെ ബാക്കിയുള്ള എല്ലാവരും അവിടെ എത്തും.

നെരപ്പലകകൾ കൊണ്ട് മറച്ചതാണ് കേശവൻ്റെ പീടിക. പീടിക തുറക്കാനായി മദ്ധ്യഭാഗത്തുള്ള പലകയുടെ താഴ് അരയടി നീളമുള്ള താക്കോൽ, താഴിനകത്തേക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ഒന്നു തിരിക്കും. മാജിക്ക് കാണിക്കുന്നതുപോലിരിക്കും അത് കാണാൻ. സതീശനും രാജേന്ദ്രനും പല തവണ അത് പരീക്ഷിച്ചു നോക്കിയതാ. ശ്രമം വിജയിപ്പിക്കാൻ ഇന്നേവരെ അവർക്ക് കഴിഞ്ഞിട്ടില്ല. താഴിൻ്റെ രഹസ്യം കേശവൻ അവർക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തില്ല. താഴ് തുറന്ന് കഴിഞ്ഞാൽ മദ്ധ്യഭാഗത്തുള്ള നിര മാറ്റി കഴിഞ്ഞാൽ ചില ദിവസങ്ങളിൽ ബാക്കി നിരകൾ മാറ്റാൻ സതീശനും രാജേന്ദ്രനും സഹായിക്കും.
അവർ രണ്ടു പേരും കേശവൻ്റെ പീടികയുടെ മുൻപിലെത്തി, പ്രതീക്ഷിച്ചതു പോലെ കേശവനും പത്തോളം പാർട്ടി പ്രവർത്തകരും കുമാരൻ്റെ ജാഥയെ നേരിടാൻ ഒരുങ്ങിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

” കുമാരനും ഓൻ്റെ ആൾക്കാരും ആടന്ന് പൊറപ്പെട്ടാ” കേശവൻ സതീശനെ കണ്ടതും ചോദിച്ചു.

” ഇപ്പോ പൊറപ്പെട്ടിറ്റ് ണ്ടാവും” സതീശൻ പറഞ്ഞു.

വയലിനപ്പുറത്തുള്ള വീടുകളിലെ പെണ്ണുങ്ങൾ വീടിൻ്റെ മുറ്റത്ത് നിന്ന് കേശവൻ്റെ പീടികയുടെ അടുത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ചരപ്പുറത്തെ പാർട്ടിക്കാരല്ലാത്ത ആണുങ്ങൾ പീടികയുടെ അടുത്തായി അവിടെയും ഇവിടെയുമായി നിന്നു. എല്ലാവരുടേയും മുഖത്ത് ആശങ്കയായിരുന്നു. എന്തായാലും അടി നടക്കുമെന്ന വിചാരം കൂടി നിന്നവരുടെയെല്ലാം മനസ്സിൽ ഉറച്ചു നിന്നു. ഒരു പ്രദർശനം കാണാനെത്തിയ ഭാവമായിരുന്നു അവർക്കെല്ലാവർക്കും.
കേശവൻ കൈകൾ പുറകിൽ കെട്ടി പീടിക കോലായിൽ നിന്നും റോഡിലേക്കും റോഡിൽ നിന്നും കോലായിലേക്കും കയറിയും ഇറങ്ങിയും കൊണ്ടിരുന്നു.

“ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാ അക്കളി തീക്കളി സൂക്ഷിച്ചോ “
കുമാരൻ്റെയും കൂട്ടരുടേയും മുദ്രാവാക്യം അകലെ നിന്നും കേട്ടു തുടങ്ങി.

രാജേന്ദ്രന് ആവേശം കാലിലെ വിരലുകളിൽ നിന്നും പതുക്കെ മുകളിലോട്ട് അരിച്ചു കയറി. ആദ്യമായി കാണാൻ പോകുന്ന അടിയുടെ കാഴ്ചകൾ രാജേന്ദ്രൻ്റെ മനസ്സിൽ മിന്നി മറഞ്ഞു.
സതീശനാണെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷയും.

കേശവൻ ഉടുത്തിരുന്ന മുണ്ട് മുറുക്കി കെട്ടി. എന്തിനേയും നേരിടാനുള്ള ചങ്കുറപ്പ് തനിക്കുണ്ടെന്നുള്ള സൂചനയായിരുന്നു അത്. കേശവനും കൂട്ടരും പീടികയിൽ നിന്നും പുറത്തേക്കിറങ്ങി റോഡിൽ നിലയുറപ്പിച്ചു.

കുമാരൻ്റെ അക്കളി തീക്കളി ഏകദേശം കേശവൻ്റെ പീടികയുടെ അടുത്തെത്താറായി. എന്തിനും തയ്യാറാണെന്നുള്ള ഭാവത്തിൽ കേശവനും കൂട്ടരും.

അടുത്തെത്തിയ കുമാരൻ്റെ മുദ്രാവാക്യം വിളി പെട്ടെന്ന് നിന്നു. പിന്നെയൊരു നിശബ്ദതയായിരുന്നു അവിടെ. കുമാരനും കേശവനും കുറച്ചകലം പാലിച്ച് മുഖത്തോട് മുഖം നോക്കി നിന്നു.

പെട്ടെന്നായിരുന്ന അവിടെയുണ്ടായിരുന്ന നിശബ്ദതയിലേക്ക് സിറ്റി പോലീസ് സ്റ്റേഷനിലുള്ള പോലീസുകാർ ജീപ്പിൽ അവിടെ ഇരച്ചെത്തിയത്. ജീപ്പ് കേശവൻ്റെ പീടികയുടെ മുൻപിൽ ബ്രേക്കിട്ടു. ജീപ്പിൽ നിന്നും പോലീസ് ഇൻസ്പെക്ടറും നാലഞ്ച് കോൺസ്റ്റബിൾമാരും ചാടി പുറത്തേക്കിറങ്ങി.

തലയിലുള്ള തൊപ്പി ശരിയാക്കി പൊലീസ് ഇൻസ്പെക്ടർ ഉച്ചത്തിൽ പറഞ്ഞു “പ്രശ്നങ്ങളുണ്ടാക്കിയാ എല്ലാവരേയും ഞാൻ പിടിച്ചകത്തിടും. എല്ലാരും പിരിഞ്ഞ് പോണം”

കുമാരന് മനസ്സിലായി ആരോ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു എന്ന്. ഇനി ഒന്നും നടക്കില്ല. കുമാരൻ കേശവനെ രൂക്ഷമായി നോക്കി കൂടെയുള്ളവരോട് പറഞ്ഞു ” ജാഥ കവലയിലേക്ക് പോട്ടെ”

കുമാരൻ ജാഥ കവലയിലേക്ക് തിരിച്ച് വിട്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ” ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാ അക്കളി തീക്കളി സൂക്ഷിച്ചോ “

കുമാരൻ്റെ ജാഥ കവലയിലേക്ക് നീങ്ങി.

” ഈടയിനി ആരും കൂട്ടം കൂടി നിക്കരുത്. എല്ലാരും പിരിഞ്ഞ് പോണം” ഇൻസ്പെക്ടർ ചുറ്റിലും നോക്കി പറഞ്ഞു.

കേശവനും കൂട്ടരും ചായപ്പീടികയിലേക്ക് കയറി. ചരപ്പുറംകാർ ആശ്വാസത്തോടെ പിരിഞ്ഞു. വയലിന് അപ്പുറത്തുള്ള പെണ്ണുങ്ങൾ വീടിനകത്തേക്കും കയറി. പോലീസുകാർ ജീപ്പിൽ കയറി വന്ന വഴിക്ക് തന്നെ തിരിച്ച് പോയി. സതീശനും രാജേന്ദ്രനും നിരാശയോടെ മുഖത്തേക്ക് മുഖം നോക്കി നിന്നു.
ഇരുട്ടി തുടങ്ങിയിരുന്നു.

കേശവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ” നമുക്കിപ്പോ ഒരു പന്തം കൊളുത്തി പ്രകടനം നടത്തണം”

” അതെ. വിട്ട് കൊടുക്കരുത് ” കൂട്ടത്തിലുള്ള ഒരാൾ ആവേശത്തോടെ പറഞ്ഞു.

പന്തം കൊളുത്തി പ്രകടനത്തെ കുറിച്ച് കേട്ടപ്പോൾ സതീശനും ആവേശമായി. സതീശൻ രാജേന്ദ്രൻ കേൾക്കാൻ മാത്രമായി പറഞ്ഞു ” ഏതായാലും അടി നടന്നില്ല. നമക്കെനി കേശവേട്ടൻ്റെ പന്തം കൊളുത്തി പ്രകടനം കാണാം “
രാജേന്ദ്രൻ തലയാട്ടി.

കേശവൻ മൂന്നടി നീളത്തിലുള്ള കുറച്ച് കമ്പുകൾ അറ്റത്ത് തുണി ചുറ്റികെട്ടി മണ്ണെണ്ണ ഒഴിച്ച് വെച്ചിട്ടുണ്ടായിരുന്നു. കേശവൻ അതെടുത്ത് കത്തിച്ച് എല്ലാവരുടേയും കൈയ്യിൽ കൊടുത്തു.
തീപ്പന്തവുമായി കേശവൻ മുൻപിലും തൊട്ടു പുറകിലായി മറ്റുള്ളവരും റോഡിൽ നിന്നും വയൽ വരമ്പിലേക്കിറങ്ങി.


“ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാ കരണക്കുറ്റി ഞങ്ങൾ പൊട്ടിക്കും ” കേശവൻ ഈണത്തിൽ ഉശിരോടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. മറ്റുള്ളവർ അതേറ്റു വിളിച്ചു. ഇരുട്ടിൽ പന്തങ്ങളുടെ വെളിച്ചം നിരനിരയായി മുന്നോട്ടൊഴുകി. സുന്ദരമായ ആ കാഴ്ച സതീശൻ നോക്കി നിന്നു. രാജേന്ദ്രന് ആ കാഴ്ച അത്ര താൽപ്പര്യം തോന്നിയിരുന്നില്ല. പ്രകടനം കാണാൻ വയലിനപ്പുറമുള്ള വീടുകളിൽ നിന്നും പെണ്ണുങ്ങളും കുട്ടികളും പുറത്തിറങ്ങി നിന്നു.
വയൽ വരമ്പിലൂടെ പന്തങ്ങൾ ഒന്നു ചുറ്റിതിരിഞ്ഞ് പ്രകടനം റോഡിലേക്ക് കയറി ചരപ്പുറത്തിൻ്റെ കവലയിലേക്ക് നീങ്ങി. പ്രകടനം കവലയിലെത്തി. പ്രകടനത്തിൻ്റെ തൊട്ടു പുറകിലായി തന്നെ സതീശനും രാജേന്ദ്രനും കവലയിലെത്തി. ആവേശത്തിൻ്റെ ഒരറ്റത്ത് പിടിച്ച് തൂങ്ങി നിന്ന് രാജേന്ദ്രൻ മനസ്സിൽ വിചാരിച്ചു ‘ അടിപൊട്ടോ ‘

കവലയിൽ നിന്നും കുമാരൻ്റെ പീടിക നോക്കി കേശവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ” ഞങ്ങളിലൊന്നിന്നെ തൊട്ടു കളിച്ചാ കരണക്കുറ്റി ഞങ്ങൾ പൊട്ടിക്കും “

അനുയായികൾ അത് ഏറ്റു പറഞ്ഞു.

കവലയിലെ പന്തങ്ങളുടെ വെളിച്ചത്തിലേക്കും നോക്കി തുന്നൽ പീടികയിൽ നിന്ന കുമാരൻ്റെ ചെവിയിൽ പോലീസ് ഇൻസ്പെക്ടറുടെ ‘ പിടിച്ച കത്തിടും ‘ മുഴങ്ങിക്കൊണ്ടിരുന്നതിനാൽ സംയമനം പാലിക്കാൻ കുമാരൻ തീരുമാനിച്ചു. അതേ തീരുമാനമായിരുന്നു അവിടെയുണ്ടായിരുന്ന കുമാരൻ്റെ കൂട്ടാളികൾക്കും.

കേശവൻ്റെ കൈയ്യിലുള്ള പന്തം കെടാറായി. അനുയായികളുടേതും അതേ അവസ്ഥയിലായിരുന്നു. ഒടുവിൽ പന്തങ്ങൾ കെട്ടുതുടങ്ങി. രാജേന്ദ്രൻ്റെ പ്രതീക്ഷയും നശിച്ചു.

കേശവനും കൂട്ടരും പ്രകടനം അവസാനിപ്പിച്ച് പിരിഞ്ഞ് പോയി.

മണി മേസ്തിരി കുഞ്ഞാലിയുടെ പീടിക കോലായിൽ ഇരുന്ന് അപ്പോഴും ചിരിച്ചുകൊണ്ടിരിന്നു.

സതീശനും രാജേന്ദ്രനും നിലാവ് വീണവരമ്പത്ത് കൂടി അവരവരുടെ വീട്ടിലേക്ക് നടന്നു.

കുമാരനും കേശവനും അവരവരുടെ വീടുകളിൽ കിടന്ന് ഇരുട്ടിൽ മേലോട്ട് നോക്കി ഇനി എന്തു ചെയ്യണമെന്ന അവസാനിക്കാത്ത ആലോചനകളിലേക്കും കടന്നു.

അടുത്ത ദിവസം വൈകുന്നേരം കോലായിലുള്ള ബെഞ്ചിൽ മലർന്ന് കിടന്ന് കഴുത്ത് ചെരിച്ച് ഇടവഴിയിലേക്ക് നോക്കി കിടക്കുമ്പോഴായിരുന്നു രാജേന്ദ്രൻ ഇടവഴിയിൽ നിന്നും സതീശനെ വിളിച്ചത് ” എടാ സതീശാ “

സതീശൻ മുറ്റത്തേക്കിറങ്ങി രാജേന്ദ്രൻ്റെ അടുത്തേക്ക് നടന്നു.

” വാടാ, നമക്ക് അന്ത്രമാനിക്കാൻ്റെ പറമ്പില് ചെന്ന് എളനീര് പറിക്കാ” രാജേന്ദ്രൻ പറഞ്ഞു.

” വാ പോവാം ” സതീശനും താൽപ്പര്യം തോന്നി.

ചരപ്പുറത്തിൻ്റെ അതിരിൽ പുഴക്കരികിലാണ് അന്ത്രമാൻ്റെ പറമ്പ്. രണ്ട് ഏക്കറോളം വരും. പറമ്പിന് അപ്പുറം പുഴയായതുകൊണ്ട് ആരും അങ്ങോട്ട് പോവാറില്ല. തേങ്ങ പറിക്കുന്ന ലക്ഷ്മണനേയും, കൈവണ്ടിയും ചാക്കുമായി ശങ്കരനേയും, വലിയ വട്ട കുട്ടയുമായി രണ്ട് പെണ്ണുങ്ങളേയും കൂട്ടിയാണ് അന്ത്രമാൻ രണ്ടു മൂന്നു മാസം കൂടുമ്പോൾ പറമ്പിലേക്ക് വരുക. മിക്ക തേങ്ങകളും ഉണങ്ങിയിട്ടുണ്ടാകും. കുറേയേറെ മോഷണവും പോകും. പരമ്പരാഗതമായി വലിയൊരു സ്വത്തിൻ്റെ ഉടമസ്ഥനായ അന്ത്രമാന് അതിലൊന്നും പരാതിയോ പരിഭവമോ ഇല്ലായിരുന്നു.

സതീശനും രാജേന്ദ്രനും നടന്ന് അന്ത്ര മാൻ്റെ പറമ്പിലെത്തി. ആരെങ്കിലും വരുന്നുണ്ടോ എന്നറിയാനായി ചുറ്റിലും നോക്കി. ഇടക്കൊക്കെ രണ്ടു പേരും അന്ത്രമാൻ്റെ പറമ്പ് സന്ദർശിക്കാറുണ്ടായിരുന്നു. നാലോ അഞ്ചോ ഇളനീർ പറിച്ച് അവിടെ വെച്ച് തന്നെ അതിൻ്റെ തൊണ്ട് മാറ്റി ഇളനീർ കുടിച്ചതിന് ശേഷം പോവുകയാണ് പതിവ്.

പെട്ടെന്നായിരുന്നു കുറ്റിക്കാടുകൾക്കിടയിൽ ആരോ പറിച്ചിട്ട ഇളനീരിൻ്റെ തൊണ്ടുകൾക്കിടയിൽ കേശവൻ്റെ പാര സതീശൻ്റെ കണ്ണിൽ പെട്ടത്.

” ഇത് കേശവേട്ടൻ്റെ പാരയാണല്ലോ” സതീശൻ അതിശയത്തോടെ പറഞ്ഞു.

” ഇതെടുത്ത് കേശവേട്ടന് കൊണ്ട് കൊടുക്കാം ” രാജേന്ദ്രൻ പറഞ്ഞു.
കേശവൻ അടുത്ത നീക്കത്തെ കുറിച്ച് എന്ത് ചെയ്യണമെന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു സതീശനും രാജേന്ദ്രനും പാരയുമായി പീടികയിലെത്തുന്നത്.

കേശവനെ കൂടാതെ വേറെയാരും പീടികയിൽ ഉണ്ടായിരുന്നില്ല.
കേശവൻ അവരെ കണ്ടതും അതിശയത്തോടെ ചോദിച്ചു. ” നിങ്ങക്കിത് ഏടന്ന് കിട്ടി “

“അന്ത്രമാനിക്കാൻ്റെ പറമ്പ്ന്ന് ” സതീശൻ പറഞ്ഞു.

കേശവൻ്റെ മനസ്സിലേക്ക് ഉമ്മറും പന്തം കൊളുത്തി പ്രകടനവും ആർത്തലച്ചു വന്നു. കേശവൻ പാര വാങ്ങിയിട്ട് പറഞ്ഞു.
” നിങ്ങള് കേറി ഇരിക്ക്. കേങ്ങും കറീം തരാം “

സതീശനും രാജേന്ദ്രനും സന്തോഷമായി. കപ്പയിൽ കൊടംപുളിയിട്ട മത്തിക്കറി ഒഴിക്കുമ്പോൾ കേശവൻ അവരോട് പറഞ്ഞു.
” പാര തിരിച്ച് കിട്ടിയ കാര്യം ആരോടും പറയണ്ട. ഇതിൻ്റെ പേരിൽ ഞാനിനി പ്രശ്നൊന്നും ഇണ്ടാക്ക്ന്നില്ല ” കേശവൻ പറഞ്ഞു.
രണ്ടു പേരും തലയാട്ടി.

കപ്പയും മീൻകറിയും കഴിച്ച് കൈകഴുകി രണ്ട് പേരും കവലയിലേക്ക് നടന്നു. ആരായിരിക്കാം പാര മോഷ്ടിച്ചതെന്ന് നടക്കുന്നതിനിടയിൽ രണ്ടുപേരും ആലോചിച്ച് കൊണ്ടിരുന്നു. ആലോചന പുറത്തേക്കിട്ട് സതീശൻ രാജേന്ദ്രനോട് ചോദിച്ചു.
” ആരായിരിക്കും മോഷ്ടിച്ചത് “

” ഞാനും അതാ ആലോചിക്ക് ന്നെ ” രാജേന്ദ്രൻ പറഞ്ഞു.
കവലയിലെത്തിയ രണ്ടുപേരുടേയും നോട്ടം കുഞ്ഞാലിയുടെ പീടിക കോലായിലേക്കായി. അവിടെ മണിമേസ്തിരിയും മേസ്തിരിയുടെ ചങ്ങാതിമാരും ഇരിക്കുന്നുണ്ടായിരുന്നു.
മണിമേസ്തിരി സതീശനേയും രാജേന്ദ്രനേയും നോക്കി ചിരിച്ചു. പെട്ടെന്നായിരുന്നു മണിമേസ്തിരിയേയും മേസ്തിരിയുടെ ചങ്ങാതിമാരേയും ഇതിനിടക്കൊക്കെ അന്ത്രമാൻ്റെ പറമ്പിൽ കണ്ടത് രാജേന്ദ്രൻ ഓർത്തത്. ആ ഓർമ്മ രാജേന്ദ്രൻ സതീശനോട് പറഞ്ഞു.

” ഇനിയിപ്പോ മണി മേസ്തിരി ആയിരിക്കുമോ”

അപ്പോഴും മണി മേസ്തിരി സതീശനേയും രാജേന്ദ്രനേയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.


FacebookWhatsApp