പ്രിയപ്പെട്ട മനോജ്‌ മാഷിന്

ഇസു

പ്രിയപ്പെട്ട മനോജ്‌ മാഷിന്

ഇന്ന് അധ്യാപക ദിനം.. ആദ്യാക്ഷരം പഠിപ്പിച്ചത് ആരാണെന്ന് അറിയില്ലെങ്കിലും.. അക്ഷരം ചേർത്തെഴുതി കുറെ വാക്കുകൾ ആയാൽ ‘നീ വായിക്കുന്നത് കേൾക്കാൻ വളരെ മനോഹരമാണെന്ന്’ പറഞ്ഞത് UP.സ്കൂളിലെ മലയാളം മാഷ് ആണ്.. ടീച്ചേർസ് എന്ന് കേൾക്കുമ്പോ ആദ്യം ഓടിയെത്തുന്ന പേരും മുഖവും U. P സ്കൂളിൽ മലയാളം പഠിപ്പിച്ച അതെ മാഷിന്റെ ആണ്.. പേര് മനോജ്‌ മാഷ്..


മാഷിന്റെ പേരും മുഖവും അത്രത്തോളം ഹൃദയത്തിൽ ചേർന്ന് പിടിക്കാൻ കാരണം മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് എന്റെ ഉച്ചാരണത്തെ പുകഴ്ത്തി പറഞ്ഞത് കൊണ്ടൊന്നുമല്ല.. അതിന്റെ പിറകിൽ ഒരു ചൂരൽ കഷായത്തിന്റെ കയ്പ് നിറഞ്ഞിട്ടുണ്ട്.. ചിലപ്പോഴൊക്കെ നാം കേൾക്കാറുണ്ട്, പറയാറുണ്ട്.. അന്നത്തെ രുചി ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല എന്നൊക്കെ.. ഈ പറയുന്ന വാക്ക് വെറുമൊരു സുഖിപ്പിക്കൽ പ്രയോഗം അല്ല എന്ന് എനിക്ക് മനസ്സിലായത് സാറിന്റെ പേര് എവിടെ വെച്ചെങ്കിലും കേൾക്കുമ്പോൾ ആണ്..


കാരണം അന്നത്തെ അടിയുടെ വേദന ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.. ഇന്ന് ഇത് എഴുതുമ്പോൾ എനിക്ക് വയസ്‌ 30.. അന്ന് തല്ല് കൊള്ളുമ്പോൾ എനിക്ക് 10-11 വയസ്സ്.. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എന്തെ മാഷിന്റെ അടിയുടെ വേദന മാറാത്തത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ.. ചില കാര്യങ്ങൾ എത്ര കാലം കഴിഞ്ഞാലും മായില്ലത്രേ..


ഇനി തല്ല് കിട്ടാനുണ്ടായ കാരണത്തിലേക്ക് കടക്കാം.. മാഷ് അത്രയും വലിയ ഭീകരനൊന്നുമല്ല എന്ന് തന്നെയാണ് എന്റെ ധാരണ .. തല്ല് കിട്ടിയ പാതകം അത്രക്കും മോശവുമല്ല.. ഒരു തമാശ പറഞ്ഞിരുന്നു.. അതായിരുന്നു മാഷിന്റെ മുന്നിൽ ഞാൻ ചെയ്ത വലിയ തെറ്റ്..


അന്ന് അഞ്ചിലോ ആറിലോ എന്ന് കൃത്യമായി ഓർമയില്ല.. മലയാളത്തിൽ ജാൻസൻ എന്ന ആട്ടിടയന്റെ ഒരു കഥ പാഠമായി പഠിക്കാൻ ഉണ്ടായിരുന്നു .. നായിട്ടിനു പോയ സമയത്ത് ആട്ടിടയന്റെ മനോഹരമായ പാട്ട് കേട്ട് രാജാവ് കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി ഉപഹാരങ്ങൾ കൊടുക്കുന്നതാണ് പാഠത്തിന്റെ ഇതിവൃത്തം..


പഠിപ്പിച്ചു കഴിഞ്ഞു ചോദ്യോത്തരങ്ങൾ എഴുതുന്നതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചോദ്യമാണ് വില്ലൻ..


രാജാവ് ആട്ടിടയന് സമ്മാനം കൊടുത്തത് എന്ത് കൊണ്ട്? ഇതായിരുന്നു ചോദ്യം.. എടുത്ത വായക്ക് ഞാൻ പതുക്കെ തർക്കുത്തരം പറഞ്ഞു ” കൈ കൊണ്ട് ” എന്റെ മറുപടി കേട്ട് കൂടെയുണ്ടായവർ ചിരിച്ചു.. ചിരി കേട്ട് മാഷ് കാര്യം അന്വേഷിച്ചു..


മാഷിന്റെ വിധി വന്നിരിക്കുന്നു.. ഈയുള്ളവൻ മഹാ പാതകം ചെയ്തിരിക്കുന്നു.. എഴുന്നേറ്റു നിന്ന് കൈ നീട്ടാൻ മാഷ് ഉത്തരവിറക്കി.. ഞാൻ സവിനയം എഴുന്നേറ്റു നിന്ന് കൈ നീട്ടി.. വളരെ നേർന്നൊരു ചൂരൽ നീട്ടി മാഷ് എന്റെ അടുത്ത് വന്നു.. ഒരു കൈ കൊണ്ട് എന്റെ കൈ പിടിച്ചു.. മറു കയ്യിൽ ചൂരൽ പിടിച്ചു അടി തുടങ്ങി.. വളരെ പതുക്കെയാണ് തുടങ്ങിയത്.. അതും ചിരിച്ചു കൊണ്ട്.. മാഷ് തമാശ ആയിട്ട് കണ്ടു കാണുമെന്നാണ് ഞാനും കരുതിയത്.. ഞാൻ അടി എണ്ണി തുടങ്ങി.. 13വരെ ഞാൻ എണ്ണി..പിന്നെ എനിക്ക് എണ്ണാൻ പറ്റിയില്ല എന്നതാണ് യാഥാർഥ്യം .. മാഷ് അടി നിർത്തിയില്ല.. പതിയെ അടിയുടെ വേഗവും വേദനയും വർദ്ധിച്ചു.. കണ്ണീർ ചാൽ എന്നൊക്കെ പറയുന്നത് യഥാർത്ഥത്തിൽ ഉള്ളതാണെന്ന് അന്ന് എനിക്ക് മനസിലായി.. എന്റെ കണ്ണിൽ നിന്നും വെള്ളം ധാരയായി ഒഴുകി എന്ന് ഇന്ന് ഞാൻ ഓർക്കുന്നു.. അന്ന് കേട്ടിരുന്ന കഥാ പാത്രത്തിന്റെ പേരും .. ഞാൻ ഇരുന്നിരുന്ന ബെഞ്ച് ഏകദേശം എവിടെയായിരുന്നു എന്നും ഇന്നും 18വർഷങ്ങൾക്ക് ഇപ്പുറത്തു ഞാൻ ഓർക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം അന്നത്തെ അടി എന്റെ മനസ്സിൽ എത്ര മാത്രം ആഴത്തിൽ പതിഞ്ഞിരുന്നു എന്നത് കൊണ്ടായിരിക്കും.. മാഷിന്റെ അടിയുടെ വേദനയെക്കാൾ കൂടുതൽ ഒരു ആറാം ക്ലാസ് കാരന്റെ കുസൃതിയെ ഒരു അധ്യാപകൻ എങ്ങനെ നോക്കി കണ്ടിരിക്കുന്നു എന്നുള്ളതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചതെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു..


മാഷ് ആ ക്ലാസ്സിൽ വെച്ച് എന്റെ സംസാര ശൈലിയെയും ഉച്ചാരണത്തെയും പ്രശംസിച്ചു.. മാഷിന്റെ പ്രശംസ, വേദ വാക്യമായി എടുത്തു ഇന്നും ഞാൻ മലയാളത്തെ ഏറെ സ്നേഹിക്കുന്നു..ചെറുതായി എഴുതി തുടങ്ങിയിരിക്കുന്നു.. ഉള്ളിൽ സങ്കടമുണ്ടെങ്കിലും മാഷിനോടും ബഹുമാനം മാത്രം.. ആ സങ്കടം മാറണമെങ്കിൽ മാഷ് എന്നെയൊന്നു വാരി പുണരണം…


FacebookWhatsApp