മതിലുകൾ

ശോഭന കെ.എം

നീയും ഞാനും മതിലുകൾ പണിതുയർത്തി
നിന്റെ നോക്കും വാക്കും എന്നിലെത്താതിരിക്കാൻ ഞാൻ….
എന്റെ നോക്കും വാക്കും പ്രതിരോധിക്കാൻ നീ …..
നിന്റെ കുഞ്ഞ് പിച്ചവച്ച് എന്റെ മുറ്റത്തെത്താതിരിക്കാൻ ഞാൻ…. എന്റെ കുഞ്ഞിന്റെ പിഞ്ചു ചുവടുകൾ നിന്റെ മുറ്റത്തു പതിയാതിരിക്കാൻ നീ

നിന്റെ തൊടിയിലെ മരച്ചില്ലകളിൽ വീണു ചിതറിത്തെറിച്ച പ്രഭാത കിരണങ്ങൾ
മതിൽ കടന്ന് എന്റെ മുറ്റത്തെത്തി നില്ക്കുന്നു
എന്റെ പിച്ചകച്ചെടിയെ ചുംബിച്ചൊഴുകുന്ന ഇളം നിലാവു നിന്റെ വീട്ടുമുറ്റത്തും….

വീണ്ടും
കുഞ്ഞുനാളിൽ ഒരുമിച്ചു ചേർന്ന് മണ്ണപ്പം ചുടുമ്പോൾ
എന്റെ മുക്കിൽ തുളച്ചുകയറാറുള്ള നിന്റെ വിയർപ്പുഗന്ധവുമായി മതിൽ കടന്നെത്തിയ
ഇളം കാറ്റിതാ എന്നെ തലോടുന്നു…

ഏറ്റവുമൊടുവിൽ
അച്ഛനമ്മമാരുടെ കുഴിമാടങ്ങളിൽ നിന്ന്
ആഞ്ഞുവീശിയ കൊടുങ്കാറ്റിതാ
നാം പണിത മതിലുകൾ തല്ലിത്തകർത്തിരിക്കുന്നു …..അവരുടെ ചോരയുo നീരുമായിരുന്നല്ലോ
എന്റേതും നിന്റേതുമെന്നവകാശപ്പെടുന്ന
ഏദൻ തോട്ടങ്ങളൊക്കെയും…!


FacebookWhatsApp