അടിവാരത്തിലെത്തിയ ചെറുപ്പക്കാരൻ അരയിൽ ഒളിപ്പിച്ചു വെച്ച ചെറിയ കത്തി സുരക്ഷിതമായി ഇരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ചുറ്റുപാടുമൊന്ന് നോക്കി.
കുറച്ച് പീടികകൾ കാണാം. കുറച്ചാളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്. ജീപ്പുകൾ തലങ്ങും വിലങ്ങുമായി യാത്രക്കാരെ കാത്ത് നിൽക്കുന്നു.
അയാൾ കൂട്ടം കൂടി നിൽക്കുന്ന ആൾക്കാരുടെ അടുത്തേക്ക് നടന്നു.എന്നിട്ട് അവിടെ കൂടി നിൽക്കുന്നവരിൽ ഒരാളോടായി ചോദിച്ചു:
” പൂക്കോടേക്ക് പോകാൻ വാഹനം വല്ലതും കിട്ടോ? “
അവിടെ കൂടി നിന്നവർ ചെറുപ്പക്കാരനെ നോക്കി.
ഉറച്ച ശരീരം. ഇളം കറുപ്പ് നിറം. നല്ല പൊക്കം. പരുക്കൻ ഭാവം. തുളച്ച് കയറുന്ന നോട്ടം.
കൂട്ടത്തിലെ ഒരാൾ കുറച്ച് ദൂരെയായി നിർത്തിയിട്ട ജീപ്പ് ചൂണ്ടി കാണിച്ച് വിനയത്തോടെ പറഞ്ഞു:
” ആ ജീപ്പ് ലക്കിടി വരെ പോകും. അവടുന്ന് പൂക്കോടേക്ക് നടന്ന് പോണ്ടിവരും. കുറച്ച് ദൂരം നടക്കേണ്ടി വരും “
അയാൾ ചൂണ്ടിയ ഭാഗത്തേക്ക് ചെറുപ്പക്കാരൻ നോക്കി. അവിടെ ജീപ്പിൽ കുറച്ചാളുകൾ ഞെരുങ്ങി ഇരിക്കുകയും അവർക്കിടയിൽ കുറച്ചാളുകൾ നിൽക്കുകയും ചെയ്യുന്നു.
ചെറുപ്പക്കാരൻ ജീപ്പിനടുത്തേക്ക് നടന്നു. ഡ്രൈവറെന്ന് തോന്നിക്കുന്ന പയ്യൻ ചെറുപ്പക്കാരനോട് ചോദിച്ചു:
” എങ്ങോട്ടേക്കാ?”
” ലക്കിടി ” അയാൾ പറഞ്ഞു.
” മുന്നിൽ കേറിക്കോ”
അയാൾ ജീപ്പിൻ്റെ മുൻപിലേക്ക് നടന്നു. മുൻപിലെ സീറ്റിൽ രണ്ട് പേർ ഇരിക്കുന്നുണ്ടായിരുന്നു. ജീപ്പിൽ കയറാനായി നിൽക്കുന്ന അയാളെ കണ്ടപ്പോൾ അവർ ഒതുങ്ങി ഇരുന്നു.
ചെറുപ്പക്കാരൻ തൻ്റെ പകുതി ശരീരം പുറത്തും പകുതി സീറ്റിലുമായി ഇരുന്നിട്ട് മുൻപിലെ കമ്പിയിൽ പിടിച്ചു.
ജീപ്പിൻ്റെ പുറകിൽ നിന്നും ആരെങ്കിലും നോക്കിയാൽ കുത്തിനിറച്ച ആൾക്കാരെ മാത്രമേ കാണാനാവു. അവരുടെ ഇടയിൽ എന്തൊക്കെയോ സാധനങ്ങൾ നിറച്ച രണ്ടു മൂന്ന് ചാക്കുകെട്ടുകളും ഉണ്ട്.
ചെറുപ്പക്കാരൻ കയറാനായി കാത്ത് നിന്നത് പോലെ ഡ്രൈവർ പയ്യൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. മെലിഞ്ഞ് കൊലുന്ന് പോലെയുള്ള ശരീരമാണവൻ്റെ.
പയ്യൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു. ഒരു മുരൾച്ചയോടെ വലിയൊരു കുലുക്കത്തിൽ വണ്ടി സ്റ്റാർട്ടായി. യാത്രക്കാരെല്ലാവരും വശങ്ങളിലുള്ള കമ്പികളിൽ മുറുകെ പിടിച്ചു.
ജീപ്പ് മുൻപോട്ട് നീങ്ങി തുടങ്ങി.
പയ്യൻ ഗിയർ മാറ്റി വേഗത കൂട്ടി. സ്റ്റിയറിംഗിൻ്റെ നിയന്ത്രണം ഇടത് കൈയ്യിലേക്ക് മാത്രമാക്കി വലതു കൈ ക്ക് വിശ്രമം കൊടുത്ത് ആക്സിലേറ്ററിൽ കാൽ അമർത്തി കൊണ്ടിരുന്നു.
ജീപ്പ് കുലുക്കത്തോടെ ചുരം കയറാൻ തുടങ്ങി. എതിർവശത്ത് നിന്നും വാഹനങ്ങൾ വന്ന് കൊണ്ടിരിന്നു.
പയ്യൻ അനായാസമായിട്ടായിരുന്നു ഓടിച്ചു കൊണ്ടിരുന്നത്. ചുരത്തിലെ രണ്ട് മൂന്ന് വളവുകൾ തിരിഞ്ഞ് കഴിഞ്ഞപ്പോൾ ചെറുപ്പക്കാരൻ താഴേക്ക് നോക്കി. അങ്ങകലെ അടിവാരം കണ്ണിൽ നിന്നും മറയുന്നത് അയാൾ കണ്ടു. പിന്നീട് ചുരം കയറുംന്തോറും താഴ്ചയിൽ ഇടതൂർന്ന മരങ്ങൾ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു
ജീപ്പ് മുൻപോട്ട് കുതിച്ചു കൊണ്ടിരുന്നു. പയ്യൻ ഒരു സർക്കസ് അഭ്യാസിയെപോലെ ഇടത് കൈ കൊണ്ട് വളയം തിരിച്ചു കൊണ്ടിരുന്നു. ചില സമയങ്ങളിൽ പയ്യൻ്റെ നോട്ടം റോഡിൻ്റെ ഇരുവശങ്ങളിലും പുറകിലുമായിരുന്നു.
ചെറുപ്പക്കാരൻ പയ്യൻ്റെ ഡ്രൈവിംഗും പുറം കാഴ്ചകളും നോക്കിയിരുന്നു. മറ്റ് യാത്രക്കാർക്കൊന്നും ഒരു ഭാവഭേദവും ഇല്ലായിരുന്നു. പരസ്പരം ആരും ആരോടും മിണ്ടുന്നില്ലായിരുന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുവേണ്ടിയുള്ള പ്രതീക്ഷയിലാണ് എല്ലാവരും.
ജീപ്പ് ചുരത്തിലെ ശേഷിച്ച ഓരോ വളവും തിരിഞ്ഞ് ഒടുവിൽ ലക്ഷ്യസ്ഥാനത്ത് മുരണ്ട് കൊണ്ട് നിന്നു. പയ്യൻ എൻജിൻ നിർത്തി. യാത്രക്കാരൊക്കെ ഇറങ്ങി യാത്രക്കൂലി പയ്യനെ ഏൽപ്പിച്ച് അവരൊക്കെ നടന്ന് നീങ്ങി. ചെറുപ്പക്കാരൻ യാത്രക്കൂലി പോക്കറ്റിൽ നിന്നെടുത്ത് പയ്യന് കൊടുത്തിട്ട് ചോദിച്ചു:
” പൂക്കോടേക്ക് ഏത് വഴിയേ ആണ് പോകേണ്ടത് “
പയ്യൻ മുന്നിലേക്ക് കൈ ചൂണ്ടി പറഞ്ഞു:
” ആ കാണുന്ന റോഡ് കണ്ടോ. അതിലെ നേരെ നടന്നോളു “
ചെറുപ്പക്കാരൻ അങ്ങോട്ട് നോക്കി. അതൊരു ചെമ്മൺ റോഡായിരുന്നു. വാഹനങ്ങൾക്ക് പോകാനാവാത്ത വിധത്തിൽ റോഡ് തകർന്ന് കിടക്കുന്നുണ്ടായിരുന്നു.
മര ക്കൂട്ടങ്ങൾക്കിടയിലാണ് ചെമ്മൺ റോഡ്. മരക്കൂട്ടങ്ങൾ റോഡിന് വേണ്ടി മാറി കൊടുത്തതുപോലെ തോന്നും റോഡ് കണ്ടാൽ. ആ ചെമ്മൺ റോഡ് തുടങ്ങുന്നിടത്ത് നിന്ന് കാടും തുടങ്ങുകയാണ്.
” സാറെ ഞാനും അങ്ങോട്ടേക്കാ”
ശബ്ദം കേട്ടഭാഗത്തേക്ക് ചെറുപ്പക്കാരൻ തിരിഞ്ഞ് നോക്കി. വലിയ പൊക്കമില്ലാത്ത കറുത്തിരുണ്ട ശരീരമുള്ള ഒരാൾ. ചെറുപ്പക്കാരൻ
അയാളുടെ അടുത്തേക്ക് നടന്നു.
മുൻപിലുള്ള ചാക്ക്കെട്ട് നോക്കി അയാൾ പറഞ്ഞു:
” ഈ ചാക്ക്കെട്ട് ഒന്നു എൻ്റെ തലയിൽ വെച്ച് തരാമോ? “
ചെറുപ്പക്കാരൻ ചാക്ക്കെട്ട് തലയിൽ വെക്കാൻ സഹായിച്ചു. അയാൾ മുൻപിലേക്ക് നോക്കി പറഞ്ഞു:
” എന്നോടൊപ്പം നടന്നോളു ” അയാൾ മുൻപോട്ട് നടക്കാൻ തുടങ്ങി. ഒപ്പം ചെറുപ്പക്കാരനും നടന്നു.
” എൻ്റെ പേര് ഉത്തമൻ. ഉടുമ്പൻ ഉത്തമനെന്ന് നാട്ടാര് വിളിക്കും. ”
അയാൾ ചിരിച്ചു. എന്നിട്ട് തുടർന്നു: “കാണുന്നില്ലെ എൻ്റെ ശരീരം. ഉടുമ്പിനെപോലെയില്ലെ.” അയാൾ തുടർന്നു: ” പൂക്കോട് എവിടേക്കാ പോണ്ടേ? “
” ഒരാളെ കാണാനാ ” ചെറുപ്പക്കാരൻ പറഞ്ഞു.
” ആരെയാ “
” മൂപ്പരെ “
ഉടുമ്പൻ തലയിലെ ചാക്ക്കെട്ടോടെ ഒന്ന് തിരിഞ്ഞ് ചെറുപ്പക്കാരനെ നോക്കി പറഞ്ഞു:
” അത് ശരി. എൻ്റെ തലയിലുള്ള ഈ സാധനം മൂപ്പരെ വീട്ടിലേക്കുള്ളതാ ” ഉടുമ്പൻ ചിരിച്ചു.
” അപ്പോ വീട് കണ്ടുപിടിക്കാൻ എളുപ്പായി ” ചെറുപ്പക്കാരൻ ആരോടെന്നില്ലാതെ പറഞ്ഞു.
” മൂപ്പരായിട്ടുള്ള ബന്ധം “
” എൻ്റെ അപ്പൻ മൂപ്പരെ ചങ്ങായിയാ. എൻ്റപ്പൻ്റെ ചങ്ങായിയെ ഒന്നു കാണാമെന്ന് വിചാരിച്ചു. “
” ഓ. അപ്പോ മൂപ്പരായിറ്റ് നല്ല ബന്ധാ ല്ലെ “
” ഉം ” ചെറുപ്പക്കാരൻ അമർത്തിയൊന്ന് മൂളി.
അയാളുടെ വാക്കുകളിലൊക്കെ അമർഷം ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.
ഉടുമ്പൻ മുൻപിലായി കണ്ട ഇടവഴിയിലേക്ക് തിരിഞ്ഞു.
” ഈ എടവഴിക്കൂടെ പോയാ പെട്ടെന്ന് മൂപ്പരെ വീട്ടിലെത്താം ”
ഉടുമ്പൻ പറഞ്ഞു.
ഇടവഴിക്ക് കൂടിയാൽ മൂന്നടി വീതി കാണും. രണ്ട് വശങ്ങളിലും കാട്ട് ചെടികളും മുൾപടർപ്പുകളുമാണ്. ചുറ്റിലും മരങ്ങൾ വളർന്നു കിടക്കുന്നുണ്ട്.
” നിങ്ങക്ക് ഈ വഴീലൂടെ പോകാൻ പേടിയൊന്നുല്ലല്ലോ ”
മുൻപിലായി നടന്നു കൊണ്ടിരുന്ന ഉടുമ്പൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” ഇല്ല” ചെറുപ്പക്കാരൻ തൻ്റെ അരയിൽ തിരുകി വെച്ച കത്തി ഒന്നു തൊട്ടു നോക്കി പറഞ്ഞു. എന്നിട്ട് ചോദിച്ചു: ” മൂപ്പരെ വീട്ടില് ആരൊക്കെയാ ഉള്ളത് “
” ഇപ്പോ ഒരു മോളെ ഇള്ളു. പാവം നല്ല കൊച്ചാ. ഷാഹിനാന്നാ പേര്. ഞാനാ വീട്ടിലേക്ക് സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ട് കൊട്ക്കാ. അടിവാരത്ത് നിന്നാ വാങ്ങാ. ഈ ചാക്കില് അതാ ഇളളത്. ഞാനും നിങ്ങള് വന്ന ജീപ്പ്ല് ഇണ്ടായിര്ന്ന്. മൂപ്പരെ വീട്ടിൻ്റെടുത്ത് തന്നെയാ എൻ്റെയും വീട്. “
” മൂപ്പർക്ക് ഒരു മോനും കൂടി ഇല്ലേ. “
” ഇണ്ടായാര്ന്ന്. കാട്ടിൻ്റുളളില് വേട്ടക്ക് പോക്ക് ചെറിയ മൂപ്പർക്ക് ഒരു ഹരായിരുന്ന്. ഒരിക്ക വേട്ടക്ക് പോയപ്പോ ഒരു കൊമ്പൻ്റെ മുന്നിൽ പെട്ടു. കൊമ്പൻ ചെറിയ മൂപ്പരെ എടുത്ത് ഒറ്റ ഏറ്. പിന്നെ പറയേണ്ടല്ലോ. പാവം. ” സങ്കടത്തോടെ പറഞ്ഞ് നിർത്തി വീണ്ടും തുടർന്നു: നിങ്ങളെ കണ്ടപ്പോ പെട്ടെന്ന് ഞാൻ ചെറിയ മൂപ്പരെ ഓർത്തു പോയി. നിങ്ങളെ പോലെ തന്നെയാ ചെറിയ മൂപ്പരും.” ഉടുമ്പൻ ചിരിക്കാൻ ശ്രമിച്ചു. പിന്നെ ഒന്നും മിണ്ടാതെ അയാൾ നടത്തം തുടർന്നു.
ചെറുപ്പക്കാരനും പിന്നീടൊന്നും ഉടുമ്പനോട് ചോദിച്ചില്ല. തൻ്റെ മുൻപിലായി നടന്നു കൊണ്ടിരുന്ന ഉടുമ്പനെ പിന്തുടർന്നു കൊണ്ടിരുന്നു.
വന്യമായൊരു നിശബ്ദതയുണ്ടായിരുന്നു കാടിന്. ഇടയിൽ മുളങ്കാടുകളുടെ മൂളി ച്ചയും കേൾക്കാം. കുറച്ച് കൂടി മുൻപിലായി നടന്നപ്പോൾ ഇടവഴി അവസാനിക്കുന്നിടത്ത് കാടുകൾക്കിടയിൽ വലിയൊരു തടാകം കാണാം. ചെറുപ്പക്കാരൻ അങ്ങോട്ട് നോക്കി. ഭംഗിയുള്ള തടാകം. ചെറുപ്പക്കാരന് അത് ആസ്വദിക്കുവനായില്ല. ചെറുപ്പക്കാരൻ്റെ ചിന്തകളുടെ ഊടിലും പാവിലുമുള്ള ഇഴകൾ കൂടുതൽ മുറുകി കൊണ്ടിരുന്നു.
ഉടുമ്പൻ ഇടവഴിയിൽ നിന്നും വീതി കുറഞ്ഞ റോഡിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു: ” ഇരുട്ട്ന്നേൻ്റെ മുന്നേ തിരിച്ചാ അടിവാരത്തിലേക്ക് പോകാൻ നിങ്ങക്ക് ജീപ്പ് കിട്ടും. “
” ഉം ” ചെറുപ്പക്കാരൻ ആലോചനകൾക്കിടയിൽ അമർത്തി മൂളി.
വലത്തേ കൈ തലയിലുള്ള ചാക്ക് കെട്ടിൽ നിന്നെടുത്ത് കുറച്ച് ദൂരേക്ക് ചൂണ്ടി ഉടുമ്പൻ പറഞ്ഞു. ” ദാ ആ കാണുന്നതാ മൂപ്പരെ വീട് “
ഉടുമ്പൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ചെറുപ്പക്കാരൻ നോക്കി.
അതൊരു വലിയ വീടായിരുന്നു. ബംഗ്ലാവ് പോലെ തോന്നും. ചുറ്റും ഉയർന്ന മതിലും. വീടിന് മുൻപിലായി വലിയൊരു ഇരുമ്പ് ഗെയിറ്റും.
ഉടുമ്പനും ചെറുപ്പക്കാരനും വീടിൻ്റെ മുൻപിലെത്തി. ഉടുമ്പൻ ഗെയിറ്റ് തള്ളി തുറന്ന് മുറ്റത്തേക്ക് നടന്നു. ചെറുപ്പക്കാരനും ഉടുമ്പൻ്റെ പുറകെ മുറ്റത്തെത്തി.
ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഷാഹിന വീടിൻ്റെ വരാന്തയിലേക്ക് വന്നു.
” ഉപ്പാനെ കാണാൻ വന്നതാ ” ഉടുമ്പൻ ഷാഹിനയോട് പറഞ്ഞു.
ഷാഹിന ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കി. അവളുടെ കണ്ണുകൾ ചെറുപ്പക്കാരനെ ഒന്നുഴിഞ്ഞു. അവളുടെ മുഖത്തെ സംശയത്തിൻ്റെ നിഴലുകൾ പൊതിഞ്ഞു.
ചെറുപ്പക്കാരൻ ഷാഹിനയെ നോക്കിയ ശേഷം നോട്ടം പിൻവലിച്ചു.
ഷാഹിന ചോദിച്ചു: ” നിങ്ങളെവിടുന്നാ വരുന്നേ. “
” ആലക്കോട് നിന്നാ. ” ചെറുപ്പക്കാരൻ ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു.
ഷാഹിനയുടെ സംശയം ഇരിട്ടിച്ചു.
ഉടുമ്പൻ ചാക്ക്കെട്ട് വരാന്തയിൽ ഇറക്കിവെച്ച് ചോദിച്ചു: “ഞാൻ നിക്കണോ “
” വേണ്ട. ഉത്തമേട്ടൻ പൊയ്ക്കോ” ഷാഹിന പറഞ്ഞു.
ഉടുമ്പൻ ഗെയിറ്റിന് പുറത്ത് മറഞ്ഞു. വരാന്തയിലേക്ക് കയറിയ ഷാഹിന അവിടെയുണ്ടായിരുന്ന കസേര നീക്കിയിട്ട് ചെറുപ്പക്കാരനോട് പറഞ്ഞു: ” ഇരിക്ക് “
” മൂപ്പരെ കണ്ട് കുറച്ച് സംസാരിക്കാനുണ്ട്. വിളിക്ക് ” ഉറച്ച ശബ്ദത്തിൽ അയാൾ പറഞ്ഞു. എന്നിട്ടയാൾ അരയിലുള്ള കത്തിയിൽ ഒന്നു തൊട്ടു.
” ആലക്കോട് നിങ്ങളെവിടെയാ “
” തോമച്ചനും മേരിക്കും വേണ്ടപ്പെട്ട ആള് വന്നിറ്റ്ണ്ട് ന്ന് പറഞ്ഞാ മൂപ്പർക്ക് മനസ്സിലാവും.”
ഷാഹിന വീണ്ടും അയാളെ സൂക്ഷിച്ചു നോക്കി. ഷാഹിനയുടെ കണ്ണുകളിലെ പ്രസരിപ്പ് കൂടി. പിന്നീട് അവൾ എന്തിനെയോ ഭയപ്പെട്ടു.
” എവിടെയാ മൂപ്പര് ” അയാളുടെ ശബ്ദം കനത്തു.
ഷാഹിന ഒരു നിമിഷം എന്തോ ആലോചിച്ച് കൊണ്ട് പറഞ്ഞു:
” വരൂ ” ഷാഹിന വീടിനകത്തേക്ക് കയറി. പുറകെ ചെറുപ്പക്കാരനും. അകത്ത് വെളിച്ചം കുറവായിരുന്നു. നിശബ്ദതയും.
നല്ല തണുപ്പ് അയാൾക്ക് അനുഭവപ്പെട്ടു. വളരെ വിസ്താരമുള്ളതായിരുന്നു വീടിൻ്റെ അകം. അകത്ത് നിന്നും പലഭാഗങ്ങളിലേക്ക് പോകാനുള്ള വാതിലുകൾ കാണാം.
വേറെ ആരേയും ആ വീട്ടിൽ കാണാനില്ലല്ലോ എന്ന് അതിനിടയിൽ ചെറുപ്പക്കാരനോർത്തു.
മുകളിലത്തെ നിലയിലേക്ക് കയറാനുള്ള മരം കൊണ്ടുണ്ടാക്കിയ പടിക്കെട്ടുകൾ ചവിട്ടി ഷാഹിന ഒന്നാം നിലയിലേക്ക് നടന്നു. പുറകിലായി അയാളും. പടികെട്ടുകൾ ചവിട്ടി കയറുമ്പോഴുണ്ടായ ശബ്ദം മച്ചിൻ്റെ മുകളിൽ തട്ടി താഴെ വീണു കൊണ്ടിരുന്നു. ആദ്യമായിട്ടാണ് അയാൾ ഇതുപോലെയുള്ള വീടിനകത്ത് കയറുന്നത്. അയാൾക്കതിൽ വലിയ കൗതുകമെന്നും തോന്നിയില്ല.
രണ്ടു പേരും നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം മാത്രം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.
ഒന്നാം നിലയിലെത്തിയ ഷാഹിന തൊട്ട് മുൻപിലായുള്ള വലിയ വാതിലുകളുള്ള മുറിയുടെ അടുത്തെത്തി. ചാരിയിട്ട വാതിൽ അവൾ പതുക്കെ തള്ളി തുറന്ന് അകത്തേക്ക് കടന്നു. മുറിയുടെ അകത്തേക്ക് കയറാതെ നിൽക്കുകയായിരുന്ന ചെറുപ്പക്കാരനെ
അവൾ വിളിച്ചു: ” വരൂ “
അയാൾ മുറിയിലേക്ക് കയറി. വലിയൊരു മുറിയായിരുന്നു. മുറിക്കുള്ളിലും നേരിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു. മുറിക്കുള്ളിൽ ഉണ്ടായിരുന്ന കട്ടിൽ ചൂണ്ടിക്കാണിച്ച് ഷാഹിന പറഞ്ഞു: ” ഉപ്പ അതിൽ കെടക്ക്ന്ന് ണ്ട് “
അയാൾ ഉറച്ച കാൽവെപ്പോടെ കട്ടിലിനടുത്തേക്ക് നടന്നു. വർഷങ്ങളായി പ്രതീക്ഷിച്ചു കൊണ്ടിരുന്ന നിമിഷം. വന്യമായ ഒരാവേശം അയാളെ പൊതിഞ്ഞു. കട്ടിലിൽ കിടക്കുകയായിരുന്ന മൂപ്പരെ അയാളൊന്നു നോക്കി. താൻ പ്രതീക്ഷിച്ചു വന്ന മൂപ്പരിങ്ങനെയല്ലല്ലോ എന്നയാൾ ചിന്തിച്ചു. എങ്കിലും പകയുടെ വീര്യം അയാളുടെ മനസ്സിനുള്ളിൽ നുരഞ്ഞുകൊണ്ടിരുന്നു.
” വലതു കാലും കൈയ്യും തളർന്നുപോയി “
പിന്നിൽ നിന്നും ഷാഹിന പറഞ്ഞു.
ഷാഹിന പറഞ്ഞത് അയാൾ കേട്ടില്ല. മൂപ്പരുടെ ദയനീയമായ കിടപ്പ് അയാളുടെ മനസ്സലിയിച്ചില്ല.
മൂപ്പര് അടുത്ത് നിൽക്കുകയായിരുന്ന അയാളെ തുറിച്ച് നോക്കി. മൂപ്പരുടെ മനസ്സും വിചാരങ്ങളുടെ കുത്തൊഴുക്കിലായിരുന്നു.
” എന്നെ മനസ്സിലായോ ” കനത്ത ശബ്ദത്തിൽ ദേഷ്യത്തോടെ
അയാൾ ചോദിച്ചു. മൂപ്പര് ഇടത്തെ കൈ പൊക്കി എന്തോ പറയാനായി ശ്രമിച്ചു. അക്ഷരങ്ങൾ കുഴഞ്ഞ് വാക്കുകളായി പുറത്ത് വന്നെങ്കിലും വ്യക്തമായിരുന്നില്ല മൂപ്പരുടെ വാക്കുകൾ.
അയാൾ വീണ്ടും പറഞ്ഞു: ” തോമാച്ചനേയും മേരിയേയും നിങ്ങക്ക് മറക്കാനാവില്ല. കൂപ്പില് മരം വെട്ടുമ്പോ കൂട്ടത്തിൽ ചന്ദനവും തേക്കും കടത്തി. നിങ്ങളുടെ ഉള്ളില് ണ്ടായ പിശാച് എഴുന്നേറ്റപ്പോ നിങ്ങക്ക് എല്ലാം ഒറ്റക്ക് അനുഭവിക്കാൻ തോന്നി. അതിന് വേണ്ടി തോമാച്ചനെ കൊന്ന് കൊല്ലിയിലേക്ക് തള്ളി. പണം വാരിയെറിഞ്ഞ് കേസില്ലാണ്ടാക്കി. പിന്നെ നിങ്ങള് അമ്മച്ചീനെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു. എന്നെ വയറ്റ്ലാക്കി ഉപേക്ഷിച്ചു.” അയാളുടെ വാക്കുകൾ മുറിക്കുള്ളിലെ നിശബ്ദതയെ കീറി മുറിച്ചു. അയാൾ അരയിൽ നിന്നും കത്തി എടുത്തു. നേരിയ വെളിച്ചത്തിലും കത്തി തിളങ്ങി കൊണ്ടിരുന്നു.
മൂപ്പരുടെ കണ്ണുകൾ എന്തിനോ വേണ്ടി യാചിച്ചു. ഷാഹിന എന്തോ പറയാനായി ശ്രമിച്ചെങ്കിലും ഭയം കാരണം വാക്കുകൾ പുറത്തേക്ക് വന്നില്ല. അവളുടെ ശരീരം മരവിച്ചിരുന്നു.
അയാളുടെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി. കണ്ണുകൾ ഇറുകി. കത്തി മൂപ്പരുടെ നേർക്ക് നീട്ടി അയാൾ ഉച്ചത്തിൽ അലറി: ” ഇത് കണ്ടോ. നിങ്ങളെ പള്ളേ കേറ്റാനാ ഇത് കൊണ്ട് വന്നത്. പാതി ചത്ത നിങ്ങളെ പള്ളേല് ഇത് കേറ്റിയാ ഞാനും നിങ്ങളും തമ്മില് വ്യത്യാസണ്ടാവില്ല. “
മൂപ്പരെ നോക്കി കാർക്കിച്ച് തുപ്പി അയാൾ കത്തി അരയിൽ തിരുകി മുറിയിൽ നിന്നും പെട്ടെന്ന് പുറത്തേക്കിറങ്ങി. മര പടികൾ വലിയ ശബ്ദത്തോടെ ചവുട്ടി അകത്തളത്തിലേക്കും അവിടുന്ന് വീടിൻ്റെ വരാന്തയിലേക്കും നടന്നു. തുടർന്ന് ധൃതിയിൽ മുററത്തിറങ്ങി ഗെയിറ്റിനടുത്തെത്തി.
ഷാഹിന അപ്പോഴേക്കും വരാന്തയിലെത്തിയിരുന്നു. അവൾ ഉച്ചത്തിൽ വിളിച്ചു: ” ഇക്കാ”
വിളി കേട്ട അയാൾ ഗെയിറ്റിനരികിൽ നിന്നും തിരിഞ്ഞ് നിന്ന് അവളെ നോക്കി.
ഷാഹിന വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങി അയാളുടെ അടുത്തേക്ക് ഓടി വന്നു. അയാളുടെ അടുത്തെത്തിയ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പെയ്തൊഴിയുന്നത് അയാൾ കണ്ടു.
അവൾ അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു: ” എനക്ക് ഇക്കാനെ വേണം “
അയാൾ അവളുടെ കണ്ണുകളിൽ അനിയത്തിയെ കണ്ടു. തൻ്റെ കൈകൾ കൊണ്ട് അയാളവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.