അരങ്ങിലില്ലാത്ത നടൻ

മനോജ്‌ കോട്ടാഞ്ചേരി

ഒരിക്കലെങ്കിലും ഒരു സിനിമയിൽ പോലും മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത ഒരു മലയാളിയും ഇന്നീ ഭൂമുഖത്ത് ഉണ്ടാകില്ല.തരക്കേടില്ലാത്ത ശരീരഭംഗി എന്ന് ഞാൻ തന്നെ സ്വയം അവകാശപ്പെടുന്ന ഞാനും ആഗ്രഹക്കാരുടെ ശ്രേണിയിലേക്ക് ഇടം നേടി.അതുകൊണ്ട് തന്നെ എന്റെ മോഹങ്ങളുടെ അഗ്നിയിൽ സ്വയം ചിറകുകൾ കരിച്ചുതീർക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു….!

കലാമേന്മയും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ മലയാളസിനിമകൾ അരങ്ങുതകർക്കുന്ന ഒരു കാലം.കണ്ണൂരിലെ ശ്രീനാരായണ കോളേജിൽ നിന്നും പരീക്ഷ കഴിഞ്ഞു സ്റ്റേഡിയം കോർണറിൽ ബസ്സ്‌ ഇറങ്ങിയതായിരുന്നു .അപ്പോഴാണ്‌ റോഡിനു എതിർവശത്തുള്ള മുൻസിപ്പൽ ടൌണ്‍ഹാളിനുപുറത്തു വലിയോരാൾക്കൂട്ടം എന്റെ ശ്രദ്ധയിൽപ്പെട്ടത്.

ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് ക്ഷണിക്കപ്പെടാതെയെത്തിയ അതിഥിയായി ഞാൻ.സാമാന്യം നല്ല രീതിയിൽ വസ്ത്രധാരണം ചെയ്ത സുമുഖനായ ഒരു ചെറുപ്പക്കാരനോട്‌ കാര്യം തിരക്കി.
”ഇവിടെ സിനിമാഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്,,,,!
നാലഞ്ചു ദിവസമായി തുടങ്ങിയിട്ട്…”
ചിത്രം ‘അയാൾ കഥ എഴുതുകയാണ് ”
അയാൾ വാക്കുകൾ മുഴുമിപ്പിച്ചു.

ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്ന് അൽപ്പം മാറിനിന്നു തൊട്ടടുത്തുള്ള മരത്തണലിൽ ഞാൻ സ്ഥാനം പിടിച്ചു. അകലെ ‘ സ്വർഗ്ഗചിത്ര’യുടെ ഏതാനും ചില വാഹനങ്ങൾ അനാഥമായി കിടക്കുന്നത് കണ്ടു.മിനിട്ടുകൾക്കുശേഷം ഞാൻ നേരെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നയിടത്തേക്ക്ചുവടുറപ്പിച്ചു. കേസിന്റെ വിധി കഴിഞ്ഞു കോടതിയിൽ നിന്നും നടൻ ഇന്നസെന്റ് പുറത്തേക്കു വരുന്ന ഒരു സീൻ ആണ് അവിടെ ചിത്രീകരിക്കാൻ പോകുന്നത്.വെളുത്ത തൊപ്പിയണിഞ്ഞ ഒരു ചെറുപ്പക്കാരൻ അവിടെക്കൂടിയിരിക്കുന്നk ആളുകളോട് ഇന്നസെന്റിന്റെ ഇരുവശത്തുമായി നിന്ന്കൊണ്ട് അയാൾക്കൊപ്പം നടന്നുനീങ്ങാൻ നിർദേശം നല്കി.തിക്കുതിരക്കുകൾ ഭേദിച്ചുകൊണ്ട് ഇന്നസെന്റിറെ തൊട്ടടുത്തായി മറ്റൊരു നിഷ്കളങ്കനായി ഞാൻ നിലകൊണ്ടു.എന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനു നിമിഷങ്ങളുടെ ദൈർഘ്യം മാത്രം. ക്യാമറ കണ്ണുകൾ തെളിഞ്ഞു.ക്യാമറമേൻ ഗണിച്ചും ഗുണിച്ചും ഇതേ സീൻ പലവട്ടം തന്റെ ക്യാമറയിൽ പകർത്തി. അണിയറശിൽപ്പികൾ അന്നത്തെ ചിത്രീകരണം അവസാനിപ്പിച്ചുകൊണ്ട് അവരുടെതായ വാഹനങ്ങളിൽ കയറി എവിടെക്കോ യാത്ര തിരിച്ചു. വേനൽച്ചൂടും പരീക്ഷാച്ചൂടും എന്റെ ശരീരത്തെയും മനസ്സിനെയും വ്യാകുലപ്പെടുത്തിയതേയില്ല…

നാട്ടിലേക്കുള്ള ബസ്സ്‌യാത്രയിൽ മനസ്സൊട്ടും ശാന്തമായിരുന്നില്ല.ബിഗ്‌ സ്ക്രീനിൽ എന്റെ സുന്ദരമായ വദനം മിന്നിമറയുന്നതും സ്വപ്നം കണ്ടു മയക്കംവിട്ടുമാറാത്ത കണ്ണുകളുമായി ഞാൻ നിടുവാട്ട് പാലത്തിനുസമീപം ബസ്സിറങ്ങി. വീട്ടിലേക്കുള്ള കാൽനടയാത്രയ്ക്കിടയിൽ കണ്ട കെവിയോടും സുഖീഷിനോടും പിന്നെ നാട്ടിലെ പ്രമുഖ ന്യൂസ്‌ റിപ്പോർട്ടറായ രംമീഷിനോട്‌പോലും ഞാൻ സിനിമയിൽ അഭിനയിച്ചകാര്യം സംസാരിച്ചതേയില്ല.കാരണം സിനിമ കാണുമ്പോൾ അവരറിയാതെ എന്റെ മുഖം ബിഗ്‌സ്ക്രീനിൽ കണ്ടു അന്തംവിട്ടുപോകണമെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നത് തന്നെയായിരുന്നു കാരണം.

ആറു മാസങ്ങൾക്കു ശേഷം…
‘അയാൾ കഥയെഴുതുകയാണ്’ റിലീസ് ദിനം
ആദ്യഷോ കാണാൻ കോഴികൂവുന്നതിനു മുൻപേ അമ്പിളിതിയേറ്ററിലേക്ക്,,,!
ബീവറേജ് ക്യൂ ഓർമ്മിപ്പിക്കും വിധം നീണ്ടുകിടക്കുന്ന ക്യൂവിൽ നിന്നുകൊണ്ട് ടിക്കറ്റ് സ്വന്തമാക്കിയപ്പോൾ എന്നിലെ നായകന് കലിംഗയുദ്ധം ജയിച്ചുവന്ന അശോകചക്രവർത്തിയുടെ മുഖമായിരുന്നു.അധികം താമസിയാതെ എനിക്കുള്ള ഇരിപ്പിടം സ്വന്തമാക്കി.മനസ്സും ശരീരവും പ്രതീക്ഷാനിർഭരമായ ഒരു കാത്തിരിപ്പിന് വഴിമാറിക്കൊടുത്തു.

സിനിമ ആരംഭിക്കുകയാണ്….
‘മരതകരാവിൻ കരയിൽ’ രവീന്ദ്രസംഗീതം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്…..തിരശീലയിൽ നമ്മുക്ക് സുപരിചിതമായ കാൽറ്റെക്സ്ജങ്ങ്ഷനും പയ്യാമ്പലംറോഡും മിന്നിമറയുകയാണ്…
കോടതിസീൻ വന്നെത്തി.എന്റെ കണ്ണുകൾ ഇന്നസെന്റിന് സമീപം എന്നെ തേടിയലഞ്ഞുകൊണ്ടിരുന്നു.എന്നാൽ എനിക്ക് ഞാൻ എന്ന ആൾ രൂപത്തെ ആ ബിഗ്‌ സ്ക്രീനിനകത്ത് കാണാൻ കഴിഞ്ഞതേയില്ല. എന്റെ നിഴലുപോലും അതിനകത്ത് പ്രത്യക്ഷപ്പെട്ടില്ല.

സിനിമ അവസാനിക്കുകയാണ്….
തിരശീലയിൽ നായകനും നായികയും ഒന്നിക്കുകയാണ്…
എല്ലാവരുടെയും മുഖത്ത് പൂർണസംതൃപ്തി.
പക്ഷെ ഞാൻ എന്ന കലാകാരൻ മാത്രം
സംതൃപ്തവാനല്ലായിരുന്നു.
നിരാശനായി ഞാൻ തിയേറ്ററിന്റെ പടിയിറങ്ങി.

ആറുമാസങ്ങൾക്ക് മുമ്പുള്ള അതെ ലൊക്കേഷനിൽ ഞാൻ ബസ്സിറങ്ങി.വീട്ടിലേക്കുള്ള കാൽനടയാത്ര.പെട്ടെന്നാണ് അത് സംഭവിച്ചത്.എന്നിലെ നിരാശാനായകന് ഒരു അസാധാരണമായ ഭാവപ്പകർച്ച.ഒരു കടുത്ത തീരുമാനം ഉടലെടുക്കുന്നു.ഞാൻ ഇനി ഒരിക്കലും ഒരു സിനിമയിൽ പോലും അഭിനയിക്കില്ലെന്ന ഉറച്ച തീരുമാനം. അതെ ഞാനെന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെടുകയായിരുന്നു…!

എനിക്ക് നഷ്ട്ടപ്പെടാൻ ഒന്നുമില്ലായിരുന്നു….!
നഷ്ട്ടം മുഴുവൻ മലയാള സിനിമയ്ക്കാണെന്നു ഉത്ബോധിപ്പിച്ചു കൊണ്ട് അതുവഴി കടന്നുപോയ മന്ദമാരുതൻ എന്റെ ശരീരത്തിന്കുളിരേകിയാതൊന്നും അപ്പോൾ ഞാനറിഞ്ഞതേയില്ല.*

അന്നെടുത്ത തീരുമാനം ഇന്നെനിക്ക് ശരിയാണെന്നു തോന്നുന്നു. ഇല്ലെങ്കിൽ മോഹൻലാലിന് പകരം പുലിമുരുകനിൽ ഞാൻ തന്നെ അഭിനയിക്കേണ്ടി വന്നേനെ.. ഹാവൂ പുലിയുടെ കടി കൊള്ളാതെ രക്ഷപ്പെട്ടു.


FacebookWhatsApp