അടർന്നുവീണ നക്ഷത്രം

ശോഭന കെ.എം

അടർന്നുവീണ നക്ഷത്രത്തിൻ്റെ കണ്ണുകളിൽ നിന്ന്
ചുടുചോര പൊടിയുന്നുണ്ടായിരുന്നു …..
ഇളം ചുണ്ടിലൂടെ കിനിഞ്ഞിറങ്ങിയ
മുലപ്പാലിൽ
കൊടുo വിഷത്തിൻ്റെ കരിനീലിമയുണ്ടായിരുന്നു ….
മിനുത്തു വിളറിയ കവിളുകളിൽ
രാക്ഷസ കരസ്പർശത്തിൻ്റെ
കറുത്ത നിഴൽപ്പാടുകളുണ്ടായിരുന്നു …
അന്ത്യനിദ്രയിലും
ഇരുണ്ട തടവറയിലെ
പേടി സ്വപ്നത്തിൻ്റെ
മൗന നിലവിളിയുണ്ടായിരുന്നു … ഭീതിയുടെ അലയൊലികളുണ്ടായിരുന്നു ….
നിസ്സഹായതയുടെ
നിശ്ശബ്ദ നെടുവീർപ്പുണ്ടായിരുന്നു …
ദൈന്യതയുടെ പിടയലുകളുണ്ടായിരുന്നു ….
മൗനനൊമ്പരത്തിൻ്റെ
അടക്കിയതേങ്ങലുകളുണ്ടായിരുന്നു .
ഒടുവിൽ പതിവുപോലെ
തിരശ്ശീല വീണപ്പോൾ മാത്രം
കാണികൾ ഒഴുകിയെത്തി…… |


FacebookWhatsApp