നല്ലോണം നിറം മങ്ങി പൊന്നോണം …

മദനൻ സി.കെ

നല്ലോണം ഓർമ്മിച്ചിടാൻ

തിരുവോണദിന സന്തോഷങ്ങളും ഒത്തൊരുമയും എന്നും പുതുമയാണ് ഓരോ മലയാളിക്കും.

കാലത്തിനൊത്ത മാറ്റങ്ങൾ ഓണത്തിനും കാണാം. പക്ഷെ ഇത്തവണ തനത് വിഭവങ്ങൾ കൊണ്ടൊരോണം. കുട്ടികൾ പൂപറിക്കാൻ അയലിടങ്ങളിലും വയലിലും ചിരികളിയായി നിൽക്കുന്ന കാഴ്ചകൾ പഴയ കാലത്തിന്റെ ഓർമ്മപ്പെടുത്തലായി ഉത്രാട പാച്ചലിന് വേഗതക്കുറവും ഊർജ്ജസ്വലതയും കുറഞ്ഞു. ഓണത്തോടനുബന്ധിച്ച വിവിധ കളികളും പരിപാടികളും താല്ക്കാലികമായി വിടവാങ്ങി.

കുടുംബാംഗങ്ങൾക്കെല്ലാം തറവാട്ടിൽ എത്തിച്ചേരാനുള്ള സൗകര്യം കോവിഡ് കവർന്നു.

ഒത്തിരി പരമ്പരാഗത തൊഴിലാളികൾക്ക് കടുത്ത സാമ്പത്തിക ക്ലേശമനുഭവപ്പെട്ടു. സർക്കാരിന്റെ കിറ്റും പെൻഷനും നല്ല ആശ്വാസമായി.

ഓണത്തിന് കൂടുതൽ കച്ചവടം നടക്കേണ്ട കൈത്തറി, കരകൗശല മേഖലകൾ വേണ്ടത്ര ഉന്മേഷം കണ്ടില്ല. കോവിഡ് തെരുവോര കച്ചവടത്തിന് തടസ്സമായത് പലരുടെയും ഓണ സ്വപ്‌നങ്ങൾ തകർത്തു. ഇന്നലെയും ഇന്നുമായി കവലകളിൽ തിരക്ക് കണ്ടു തുടങ്ങിയിട്ടുണ്ട്. അത് വിപണിയുടെ സജീവത കാണിക്കുന്നു. തുണിക്കടയിൽ ഏറ്റവും നല്ല നിലയിൽ കച്ചവടം നടക്കേണ്ട സമയമാണിത്. തൊഴിലാളികൾക്ക് ബോണസ്സ് ലഭിക്കേണ്ട സമയവും. പക്ഷെ ഇതെല്ലാം കോവിഡ് പരിമിതപ്പെടുത്തി. എങ്കിലും ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ഓണച്ചൊല്ലുപോലെ ‘ഉള്ളത് കൊണ്ട് ഓണം’ കഴിക്കുകയാണ് ഓരോ മലയാളിയും.

ഇന്നലകളും ഇന്നുകളും കൊണ്ട് അലസമാവാതെ നാളെയെക്കുറിച്ചുള്ള പുത്തൻ പ്രതീക്ഷകളാണ് ഓരോ ഓണക്കാലവും. അതാണ് ഏവരെയും മുന്നോട്ട് നയിക്കുന്നതും. അത്തരം പ്രതീക്ഷകളോടെ ഏവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ.


FacebookWhatsApp