നിറകതിർ

രാജേഷ് കുമാർ കെ.എൻ

തൻ കഴുത്തിൽ നുകവുമായി കാളകൾ കുതിക്കവെ
ചാലുകൾ വകഞ്ഞു മാറ്റി വയലുകൾ ഒരുക്കമായ്.
കറ്റകൾ മെതിക്കുമാ കർഷകൻ കരങ്ങളാൽ
ചാട്ടവാറിൻ നിസ്വനം മാത്രമായ് മുഴക്കമായ്.

വിയർപ്പൊഴുക്കി വിത്തെറിഞ്ഞു നാളെതൻ പ്രതീക്ഷകൾ
പങ്കമായ് പരുവമായി തീർത്തു വച്ച ഭൂമിയിൽ.
സ്വർണ്ണവർണ്ണ നിറകതിർ സ്വപ്നമെന്നും ഹൃത്തതിൽ
നൂറുമേനി കൊയ്യണം നല്ല നാളെ പാർത്തിടാൻ.

ഭൂമിതൻ്റെ കാവലാളായ് സ്നേഹമായി ദിനകരൻ
ശാന്തമായിയൊഴുകിടുന്ന അരുവിതൻ കുളിർമയും.
ഒത്തുചേർന്നു കരുതലായി സ്നേഹമായി പുണ്യമായ്
പൊൻ വെളിച്ചം തൂകിയാ നിറകതിർ നിറഞ്ഞിടും

കാലമെത്ര നിസ്തുലം പുളകമായി പൊൻവെയിൽ
ഭൂമിയാമെന്നമ്മതൻ്റെ ധാന്യവർഗ്ഗശേഖരം.
കൊളുത്തിവച്ച മഹസ്സുപോലെ വാഴണം നീ നാൾക്കുനാൾ
നിറക്കണം നീ അശരൻ്റെ ആശ്രിതൻ്റെ വയറുകൾ.


FacebookWhatsApp