മണലാരണ്യത്തിലെ ഉപജീവനതയിൽ
ഞാനും നീയും തമ്മിലൊരു ജനി
ദിവസങ്ങളിലെ ഏതോ സ്മൃതിതടങ്ങളിലുണ്ട്.
കരഞ്ഞു കലങ്ങിയ കണ്ണുനീർ
ചുമരിൽ വീണുമയങ്ങും
വിഷാദമുറിവിൽ ഭിഷ്വഗ്വരനായ് വന്നു നീ
തന്നൊരാലേപനം
ഇന്നും എന്നിലവശേഷിപ്പുണ്ട്.
ആദ്യ സമാഗമം
അപരിചിതത്വം പകർന്നു നീ പരിചിതമാക്കിയ
സന്ധിതൻ സൗഹൃദത്തിൽ സാക്ഷ്യപത്രം ശൂന്യമായൊരെൻ ഹൃദയവാഹിനിക്കകത്തുണ്ട്.
പ്രണയത്തിനപ്പുറമാണ്
സൗഹൃദമെന്നു നീ കാട്ടിയ
നേരിന്റെയീ ഹരിതഭൂവിൽ
നിനക്കു തിരിച്ചുതരാനെൻ
കനിവുതേടിയ കവിതയുടെ ഈരടികളുണ്ട്.
ഒടുവിലീസൗഹൃദം തന്നൊരാജീവനതയിൽ
എന്റെ സ്മൃതിതടങ്ങളിൽ നീ തീർത്തൊരാകോവിൽനട
പൂകി ഞാൻ നിൽപ്പൂ
ഇനിയുമൊരു സൗഹൃദത്തിന്റെ നിര്മാല്യത്തിനായ്..