നിഴൽചിത്രം

അജിത് കല്ലൻ

മൊബൈൽ ഫോൺ കടയിൽ നിന്നും വില കൂടിയ ഒരു സ്മാർട് ഫോണും വാങ്ങി അയാൾ പുറത്തേക്കിറങ്ങി.

കുറച്ച് ദൂരെയായി റോഡിൽ കുറച്ചാളുകൾ കൂട്ടം കൂടി നിൽക്കുന്നതയാൾ കണ്ടു. നല്ല തിരക്കുണ്ടായിരുന്നു. വാഹനങ്ങൾ രണ്ട് ഭാഗത്തേക്കും പോകാൻ കഴിയാതെ റോഡിൽ നിർത്തിയിട്ടുണ്ട്.

അയാൾ കൈയ്യിലുണ്ടായിരുന്ന ഫോൺ ഷർട്ടിൻ്റെ പോക്കറ്റിലിട്ട് ആളുകൾ കൂടി നിൽക്കുന്നിടത്തേക്ക് ധൃതിയിൽ നടന്നു.കൂട്ടം കൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ അയാൾ തല പ്രയാസപ്പെട്ട് ഉള്ളിലേക്ക് കടത്തി നോക്കി.

ഒരു ചെറുപ്പക്കാരൻ റോഡപകടത്തിൽപ്പെട്ട് ചോര വാർന്ന് നിലത്ത് കിടക്കുന്നു. ജീവൻ നഷ്ടപ്പെട്ടിട്ടില്ല.

അയാൾ ചുറ്റിലും കൂട്ടം കൂടി നിൽക്കുന്നവരെ നോക്കി. ചോര വാർന്ന് കിടക്കുന്ന ചെറുപ്പക്കാരൻ്റെ ദൃശ്യം അവരൊക്കെ സ്മാർട് ഫോണിൽ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു.

അയാളാ ചെറുപ്പക്കാരനെ നോക്കി.

ചെറുപ്പക്കാരൻ ദയനീയമായി അയാളെ നോക്കുന്നുണ്ടായിരുന്നു.ചെറുപ്പക്കാരൻ്റെ നോട്ടത്തെ മന:പൂർവ്വം അവഗണിച്ച് കുറച്ച് മുൻപ് വാങ്ങി പോക്കറ്റിലിട്ട ഫോൺ ആവേശത്തോടെ അയാൾ പുറത്തേക്കെടുത്തു. ക്യാമറ ഓൺ ചെയ്തു. തൻ്റെ ഫോണിലെടുക്കാൻ പോകുന്ന ആദ്യത്തെ ദൃശ്യം.

അയാൾക്ക് സന്തോഷം തോന്നി. ആദ്യദൃശ്യം സെൽഫിതന്നെയാവട്ടെ എന്നയാൾ തീരുമാനിച്ചു. അയാൾ ചെറുപ്പക്കാരനെയും തന്നെയും ചുറ്റും നിൽക്കുന്നവരേയും കൃത്യമായി കാണുന്ന വിധത്തിൽ വിവിധ ആംഗിളിൽ കുറച്ച് ദൃശ്യങ്ങൾ പകർത്തി. പകർത്തിയ ദൃശ്യങ്ങളിലേക്കയാൾ നോക്കി. നല്ല ഒന്നാന്തരം ദൃശ്യങ്ങൾ.

അയാൾക്ക് സന്തോഷം തോന്നി. സന്തോഷത്തോടൊപ്പം ആ കൂട്ടത്തിൽ നിന്നും അയാൾ തൻ്റെ തല പുറത്തേക്ക് വലിച്ചെടുത്തു. പിന്നീടവിടെ നിൽക്കാതെ ബസ് സ്റ്റോപ്പിലേക്ക് നടന്ന് ബസ് കയറി വീട്ടിലേക്ക് യാത്ര തിരിച്ചു.

വീട്ടിലെത്തിയ ഉടനെ അയാൾ താനെടുത്ത ദൃശ്യം വാട്സ് അപ് ഗ്രൂപ്പുകളിൽ അയച്ചു.

നിമിഷങ്ങൾക്കുള്ളിൽ ആ ദൃശ്യത്തിന് മറുപടികൾ വന്നു. “നല്ല ഒന്നാംന്തരം ഫോട്ടോ. നല്ല വ്യക്തത. ഏത് കമ്പനിയുടെ ഫോണാണ്? എത്രയാ വില?”

ആത്മസംതൃപ്തിയോടെ എല്ലാവർക്കും അയാൾ മറുപടി കൊടുത്തു.
ഭാര്യ വിളമ്പിവെച്ച അത്താഴവും കഴിച്ച് അയാൾ കിടന്നു.

അടുത്ത ദിവസം.
രാവിലെ എഴുന്നേറ്റ് പത്രക്കാരനേയും നോക്കി അയാൾ വരാന്തയിൽ വന്നിരുന്നു. രാവിലെ എഴുന്നേറ്റയുടൻ പത്രം വായിക്കുന്ന ശീലമുണ്ടായിരുന്നു അയാൾക്ക്. കുറച്ചു നേരം കഴിഞ്ഞപ്പോൾ തുറന്നു വെച്ച പ്രവേശന കവാടത്തിൽ കൂടി ഒരു ചെറുപ്പക്കാരൻ ഒരു കെട്ട് പത്രതാളുകളുമായി മുറ്റത്തേക്ക് കയറി വന്നു.
സാധാരണ പത്രം ഇടുന്ന ആളല്ലല്ലോ പത്രം കൊണ്ടുവരുന്നതെന്ന് അയാൾ ചിന്തിച്ചു. എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ ചെറുപ്പക്കാരൻ അയാളുടെ അടുത്തെത്തി കൈയ്യിലുണ്ടായിരുന്ന പത്രങ്ങൾ അയാളുടെ മുൻപിലായി നിലത്തേക്കിട്ടു.
അന്നിറങ്ങിയ വിവിധ പത്രങ്ങളായിരുന്നു അതൊക്കെ. താഴെ വീണ് ചിതറിക്കിടക്കുകയായിരുന്ന ഒരു പത്രത്തിൻ്റെ ആദ്യ പേജിലുള്ള ചിത്രത്തിലേക്കയാൾ നോക്കി.

റോഡപകടത്തിൽപ്പെട്ട് ചോരവാർന്ന് കിടക്കുന്ന ചെറുപ്പക്കാരനും ചുറ്റും സ്മാർട് ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്ന ആൾക്കാരും. ആൾക്കാരുടെ കൂട്ടത്തിൽ സെൽഫി എടുക്കുന്ന അയാളും. പെട്ടെന്ന് അയാളുടെ കണ്ണുകൾ വേറൊരു പത്രത്തിൻ്റെ ആദ്യ പേജിലേക്കെടുത്തെറിയപ്പെട്ടു.

ആ പത്രത്തിലും അതേ ചിത്രം തന്നെ.
വീണ്ടും കണ്ണുകൾ മറ്റൊരു പത്രത്തിൻ്റെ ആദ്യ പേജിലേക്ക് ചാടി.
ആ പത്രത്തിലും അതേ ചിത്രം.
പെട്ടെന്നയാൾ തല തിരിച്ച് തൻ്റെ മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരൻ്റെ മുഖത്തേക്ക് നോക്കി. ഞെട്ടിപിടഞ്ഞയാൾ എഴുന്നേറ്റു. അപകടത്തിൽപെട്ട് കിടക്കുന്ന ചെറുപ്പക്കാരനും മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരനും ഒരാൾ തന്നെ.
അയാളാ ചെറുപ്പക്കാരനെ തുറിച്ച് നോക്കി.

ഇന്നലെ റോഡിൽ കിടന്ന് ദയനീയമായി നോക്കിയതുപോലെ നോക്കി കൊണ്ട് ചെറുപ്പക്കാരൻ വിതുമ്പലോടെ പറഞ്ഞു:

” നിങ്ങളെന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല. എൻ്റെ മക്കൾ. ഭാര്യ. അവരൊക്കെ ഇന്ന് അനാഥരായി “

വിതുമ്പലിനിടയിൽ വീണ്ടും ചെറുപ്പക്കാരൻ എന്തെങ്കിലും പറയാനായി വാക്കുകൾ തേടുന്നുണ്ടായിരുന്നു.

ചെറുപ്പക്കാരൻ കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ ദയനീയമായി അയാളെ നോക്കിയിട്ട് നിശബ്ദമായി കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

തുറന്നിട്ട പ്രവേശന കവാടത്തിൽ കൂടി ചെറുപ്പക്കാരൻ റോഡിലേക്കിറങ്ങി അപ്രത്യക്ഷനായി.

അകത്ത് നിന്നും സ്കൂളിലേക്ക് പോകാനുള്ള തിരക്കിലായിരുന്ന കുട്ടികളുടെ ശബ്ദം അയാൾ കേട്ടു.

നീട്ടി പിടിച്ച ആവി ഉയരുന്ന കപ്പുമായി അയാളുടെ അടുത്തെത്തിയ ഭാര്യ പറഞ്ഞു: ” ചായ “

അയാൾ തല ചെരിച്ച് ഭാര്യയെ നോക്കി. അപ്പോഴായിരുന്നു പ്രവേശന കവാടത്തിന് പുറത്ത് നിന്നും സൈക്കിളിൻ്റെ ബെൽ ശബ്ദം അയാൾ കേട്ടത്.

അയാൾ അങ്ങോട്ട് നോക്കി.

അവിടെ അടഞ്ഞുകിടന്ന പ്രവേശന കവാടത്തിന് മുകളിൽ കൂടി പത്രക്കാരൻ പത്രം മുറ്റത്തേക്ക് വലിച്ചെറിയുന്നുണ്ടായിരുന്നു. അയാൾ ഓടി ചെന്ന് താഴെ വീണുകിടന്നിരുന്ന പത്രം എടുത്തു.
പത്രത്തിൻ്റെ ആദ്യ പേജിൽ ഒരു ചിത്രമുണ്ടായിരുന്നു.
അയാളാ ചിത്രത്തിലേക്ക് തുറിച്ച് നോക്കി.


FacebookWhatsApp