ഞങ്ങൾ ഇനി അല്പം തിരക്കിലാണ്

അജിത് കല്ലൻ

ഹിയറിംഗിനു വിളിക്കുന്ന നേരവും കാത്ത് അയാൾ കുടുംബ കോടതിയുടെ വരാന്തയിലുള്ള ബെഞ്ചിൽ ഇരുന്നു. അയാൾ ക്ഷീണിതനാണ്. എന്തൊക്കെയോ ഓർത്ത് അയാളുടെ മനസ്സ് വേദനിച്ചു.
കൗൺസിലിംഗ് സമയത്ത് പോലും ഡിവോഴ്സ് എന്ന നിലപാടിൽ നിന്നും അവൾ മാറാതെ നിന്നപ്പോൾ ഇനിയൊരു ഒത്തുചേരലില്ല എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.
ഭാര്യയും മക്കളുമില്ലാതെ ഇനിയുള്ള ജീവിതം ഒറ്റക്ക്. അയാളുടെ നെഞ്ചെരിഞ്ഞു.
ദാമ്പത്യ ബന്ധം വേർപെടുത്താനായി വന്ന കുറെ മുഖങ്ങൾ തങ്ങളുടെ ഊഴവും കാത്ത് അവിടെയും ഇവിടെയും നിൽക്കുന്നതയാൾ കണ്ടു.
ഡിവോഴ്സ് നോട്ടീസ് കിട്ടിയതു മുതൽ അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി കൊണ്ടിരുന്നു. അവളെ എത്രമാത്രം സ്നേഹിച്ചിരുന്നു. എന്നിട്ടും എന്തേ. ഇത് ഇവിടം വരെ കൊണ്ടെത്തിക്കാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അയാൾ ഓർത്തു.
അയാളുടെ ചെറുപ്പം അയാളെ വലിച്ച് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൻ്റെ മുൻപിൽ കൊണ്ടുചെന്നാക്കി. അന്നാണവളെ അയാൾ ആദ്യമായി കണ്ടത്.
കോളേജ് ഡേക്ക് വിദ്വാർത്ഥികളെ ഇളക്കിമറിച്ച് തീയിൽ ചുട്ടെടുത്ത കവിത ചൊല്ലിയിറങ്ങി, തനിയെ നടന്ന് എത്തിപ്പെട്ടത് അവളുടെ അടുത്തായിരുന്നു.
“കവിത നന്നായിരുന്നു” അവൾ പറഞ്ഞു.
അയാൾ അടുത്ത് നിൽക്കുകയായിരുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി. അവളെ നോക്കി ചിരിച്ചതല്ലാതെ അയാൾ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ അവളുടെ മുഖത്ത് ഉരുണ്ടുകൂടി കിടന്ന കറുത്ത മേഘങ്ങളെ അയാൾ കണ്ടു.
പിന്നീടുള്ള പല ദിവസങ്ങളിലും അവർ പരസ്പരം കണ്ടു. അപ്പോഴൊക്കെ ഒന്നു നോക്കിയിട്ട് ഒന്നും പറയാതെ അവൾ നടന്നു നീങ്ങി.
ഒരു ദിവസം കോളേജിലെ തിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞുമാറി അവളുടെ അടുത്തിരിക്കുമ്പോൾ അയാൾ അവളോട് ചോദിച്ചു ” എപ്പോഴുമെന്താ ഇങ്ങിനെയൊരു വിഷാദഭാവം. തന്നെയൊന്നു ചിരിച്ചു കാണാൻ കൊതിയാവുന്നു”
“നീ എന്നെ സ്നേഹിക്കുമോ? അവൾ ചോദിച്ചു.
“നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങി ” അയാൾ പറഞ്ഞു
ആ നേരം അവളുടെ കണ്ണുകളിലെ തിളക്കം അയാൾ കണ്ടു. പിന്നെ അവളുടെ മുഖത്തുണ്ടായിരുന്ന കറുത്ത മേഘങ്ങൾ പെയ്തൊഴിയുന്നത് അയാൾ കണ്ടു.
പിന്നീടവൾ നിർത്താതെ സംസാരിച്ചു തുടങ്ങി.
അവളുടെ മമ്മിയും പപ്പയും പ്രശസ്തരായ ഡോക്ടർമാർ. അവരുടെ പ്രേമവിവാഹമായിരുന്നു. അവൾ ജനിച്ച ശേഷം എന്നോ തുടങ്ങിയ പൊരുത്തകേടുകൾ. അത് വളർന്ന് ഡിവോഴ്സിൽ ചെന്നവസാനിച്ചു. പപ്പയുടേയും മമ്മിയുടേയും കൂടെ മാറി മാറിയുള്ള ജീവിതം മടുത്തപ്പോൾ അവളുടെ താമസം ഹോസ്റ്റലിലുമായി.
“താൻ എനിക്ക് ഒരിറ്റു സ്നേഹം തന്നാൽ മതി” അവൾ പരിസരം മറന്ന് അയാളുടെ ചിറകുകൾക്കുള്ളിൽ കയറിപറ്റി അയാളുടെ സുരക്ഷിതത്വത്തിൻ്റെ ചൂടറിഞ്ഞു.
രജിസ്ട്രർ മാരേജ് കഴിഞ്ഞ് രണ്ട് മക്കളായ ശേഷമായിരുന്നില്ലെ താളപിഴകൾ സംഭവിക്കാൻ തുടങ്ങിയത്?
അവളെ പണ്ടത്തെ പോലെ സ്നേഹിക്കുന്നില്ല, ഇഷ്ടപ്പെടുന്നില്ല എന്നവൾ പറഞ്ഞു തുടങ്ങി. അവളുടെ പപ്പയും മമ്മിയും സമ്മാനിച്ച മുറി പാടുകളിൽ നിന്നും ഉണർന്ന അപകർഷതാ ബോധമായിരുന്നോ അവളെ ഇങ്ങിനെയൊരു തീരുമാനത്തിലെത്തിച്ചത്.
അയാളുടെ ചെറുപ്പം അയാളെ വർത്തമാനകാലത്തിലേക്ക് തള്ളിയിട്ടു.
പച്ചമണം ചുരത്തുന്ന കവിതകൾ അയാൾ ചൊല്ലി. ചെറുപ്പക്കാർ അയാളുടെ ആരാധകരായിമാറി. സാഹിത്യലോകത്തയാൾ ഓടി നടന്നു. ഓഫീസിലെ തിരക്കുകൾ. ഭാര്യയോടും മക്കളോടും മിണ്ടാനും പറയാനും നേരമില്ലാതായി.
‘ഇതായിരിക്കുമോ കാരണം. തൻ്റെ ഭാഗത്തും തെറ്റില്ലെ’ അയാൾ ചിന്തിച്ചു.
അവളും മക്കളും ഇല്ലാത്തപ്പോഴനുഭവിച്ച ഏകാന്തത. അവരെയൊക്കെ ഒരു പാട് സ്നേഹിക്കുന്നുണ്ടെന്ന് ഏകാന്തതയിൽ നിന്നും അയാൾ അനുഭവിച്ചറിഞ്ഞു.
ഷർട്ടിൻ്റെ കോളറിൻ്റെ മടക്കിനുള്ളിലൂടെ കഴുത്ത് കുടുക്കി ടൈ കെട്ടാനറിയാമോ? എന്നെങ്കിലും പാൻ്റ്സും ഷൂസും ധരിച്ചിട്ടുണ്ടോ? ഒരു വണ്ടി ഓടിക്കാനറിയാമോ? എന്നൊക്കെ ചോദിച്ച് കുറ്റപ്പെടുത്തിയപ്പോൾ അവളുടെ മുഖത്ത് നല്ലൊരു അടി കൊടുത്തു. മക്കളേയും കൂട്ടി വീടുവിട്ടിറങ്ങാൻ അവൾക്കത് ഒരു നിമിത്തമായി.
ആദ്യമായിട്ടായിരുന്നു അത്തരത്തിൽ ഒരു പെരുമാറ്റം. വേണ്ടായിരുന്നു എന്നയാൾക്ക് തോന്നിയിരുന്നു. അതിത്രടംവരെയെത്തുമെന്ന് അയാൾ വിചാരിച്ചതുമില്ല.
ട്രാവൽ ഏജൻസിയിൽ ചെന്ന് ഗോവയിലേക്ക് ഒരാഴ്ചത്തേക്കുള്ള ടൂർ പ്ലാൻ ചെയ്ത് പോകാനും വരാനുമുള്ള മുൻപേ ബുക്കുചെയ്ത എയർ ടിക്കറ്റുകൾ അയാളുടെ പോക്കറ്റിൽ അപ്പോഴും ഉണ്ടായിരുന്നു.
അയാൾ ജനലിലൂടെ കോടതിയുടെ ഉള്ളിലേക്ക് നോക്കി. കോടതിക്കുള്ളിൽ വേർപിരിയാൻ ഒരുങ്ങുന്ന ദമ്പതിമാരുടെ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടായിരുന്നു.
അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി.
കോടതിയുടെ മുൻപിൽ ഒരു ഓട്ടോറിക്ഷ വന്ന് കിതച്ച് കൊണ്ട് നിന്നു. അയാൾ വന്നു നിന്ന ഓട്ടോറിക്ഷ നോക്കി. ഓട്ടോയിൽ നിന്നും ഇറങ്ങി വന്നത് അയാളുടെ ഭാര്യയും മക്കളുമായിരുന്നു.
അയാളുടെ നെഞ്ചിടിപ്പിൻ്റെ വേഗത കൂടി. മക്കൾ അയാളുടെ അരികിലേക്ക് ഓടി. അവൾ മക്കളെ തടുത്തില്ല. അയാൾ മക്കളെ വാരി പുണർന്ന് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ മക്കളുടെ നെറുകയിൽ വീണു ചിതറി.
അവൾ പതുക്കെ നടന്ന് അയാളുടെയും മക്കളുടേയും എതിർ വശത്തായുള്ള ബെഞ്ചിൽ തലയും താഴ്ത്തി ഇരുന്നു.
നോക്കാതെയുള്ള അവളുടെ ഇരുപ്പ് അയാൾക്ക് അസഹ്യമായി തോന്നി. അടുത്തുണ്ടായിട്ടും അവൾ ഏറെ അകന്നുവോ എന്നയാൾക്ക് തോന്നി. ചുറ്റുപാടും എന്ത് നടക്കുന്നു എന്നുള്ള കാഴ്ച പോലും അയാൾക്ക് കാണാതെയായി.
വിസ്താരം നടക്കുമ്പോൾ ഭാര്യയേയും മക്കളേയും പിരിഞ്ഞ് ജീവിക്കാനാവില്ല എന്ന് പറഞ്ഞാൽ അവളത് അംഗീകരിക്കുമോ? അവളായിരുന്നില്ലെ ഡിവോഴ്സ് നോട്ടീസയച്ചത്. അവൾ ഡിവോഴ്സിനുതന്നെയാണോ ഒരുക്കം. ഹൃദയം വല്ലാതെ മിടിക്കുന്ന ശബ്ദം അയാളുടെ കാതുകളിൽ വന്നലച്ചു.
ദൈവം തനിക്കായി നീക്കിവെച്ച വിധിയെ സ്വീകരിക്കാൻ അയാളുടെ മനസ്സ് പാകപ്പെടുത്താൻ അയാൾ വൃഥാ ശ്രമിച്ചു.
തലയും താഴ്ത്തിയിരുന്ന അവൾ പെട്ടെന്നായിരുന്നു നിയന്ത്രിക്കാനാവാത്ത വിതുമ്പലുമായി അരികിൽ തന്നെയുള്ള അയാളുടെ അടുത്തേക്ക് ഓടിയത്.
അയാളോട് ചേർന്ന് നിന്ന് പരിസരം മറന്ന് കെട്ടി പിടിച്ച് ഒരു കുഞ്ഞിനെ പോലെ അവൾ കരയാൻ തുടങ്ങി.
അയാൾ അവളുടെ മുഖത്തേക്ക് നോക്കി. വർഷങ്ങൾക്ക് മുൻപ് കണ്ട കറുത്ത മേഘങ്ങൾ പൊതിഞ്ഞ അതേ മുഖം. എല്ലാം മറന്നയാൾ അവളുടെ നെറുകയിൽ ഉമ്മ വെച്ചു.
കോടതിക്കുള്ളിൽ മറ്റൊരു ഡിവോഴ്സിൻ്റെ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജി ജനലഴികൾക്കിടയിലൂടെ ഇത് കാണുന്നുണ്ടായിരുന്നു. വേർപിരിയാനായി മുന്നൊരുക്കത്തോടെ വന്ന ദമ്പതികളാണ് അതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം ചേംബറിൽ നിന്നും എഴുന്നേറ്റു. കോടതിക്കുള്ളിൽ ഉണ്ടായിരുന്നവർ ജഡ്ജിയുടെ പെരുമാറ്റം കണ്ടപ്പോൾ ഒന്നമ്പരന്നു. അദ്ദേഹം വരാന്തയിലേക്ക് നടന്നു. മറ്റുള്ളവരും അദ്ദേഹത്തിൻ്റെ പിന്നാലെ കൂടി.
അവരുടെ അരികിലെത്തിയ ജഡ്ജി അയാളോട് പറഞ്ഞു “നിങ്ങളുടെ കേസ് നിങ്ങൾ തന്നെ തീർപ്പാക്കിയെന്ന് എനിക്ക് മനസ്സിലായി. ഇനി എന്താ ഭാവിപരിപാടി?
മക്കളെയും ഭാര്യയേയും അരികിലേക്ക് ചേർത്ത് നിർത്തി ഗോവയിലേക്ക് ടൂർ പോകാനായി ബുക്ക് ചെയ്ത എയർ ടിക്കറ്റ് പോക്കറ്റിൽ നിന്നെടുത്ത് ജഡ്ജിക്ക് കാണിച്ച് ചിരിച്ചുകൊണ്ടയാൾ പറഞ്ഞു ” ഞങ്ങൾ ഇനി അല്പം തിരക്കിലാണ്”


FacebookWhatsApp