ഓർമ്മകൾ

ആശ ഗംഗാധരൻ

അമ്മേ…. സൂചി വേണ്ടാ, ഞാൻ ഗുളിക കഴിച്ചോളാം. ഡോക്ടറോട് അമ്മ ഒന്ന് പറയൂ…കണ്ണീരുണങ്ങി വറ്റിയ മുഖത്തോടെ ചിലമ്പിച്ച ശബ്‌ദത്തിൽ അമ്മു കേണു. അവളുടെ ദയനീയ ഭാവം കണ്ട് അമ്മ ഡോക്ടറോട് ചോദിക്കുകയും ചെയ്തു.എന്നാൽ ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാകൂ എന്നു പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ അമ്മുവിൻറെ തോളിൽ തട്ടി. അമ്മു ഒരിക്കൽ പോലും സൂചി വെച്ചതായി ഓർക്കുന്നില്ല. സൂചി വെയ്ക്കുമ്പോഴുണ്ടാകുന്ന വേദനയെപ്പറ്റി ഒരുപാട് കേട്ടിരിക്കുന്നു. മുറിവിന്റെ വേദന സഹിക്കാൻ പറ്റുന്നില്ല… അതിന്റെ കൂടെ….

അമ്മു അന്ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാൻ വന്നതായിരുന്നു. വീട്ടിൽ അച്ഛന്റെയും വേറൊരാളുടേയും സംസാരം കേൾക്കാം. അമ്മു അകത്തു കയറി നോക്കി.സെബാസ്റ്റിയൻ അങ്കിൾ.വളരെ നാളുകൾക്കു ശേഷം
വരികയാണ്.ഉച്ചക്കു ഊണിനു അങ്കിളുമുണ്ട്. മീൻകറിയും തോരനും മാത്രമേ ഉള്ളു. അതിനാൽ അമ്മ അമ്മൂനോട്: “മോളേ, നീ സാവിത്രിച്ചേച്ചീടെ അടുത്ത് ചെന്ന് മോര് വാങ്ങിയിട്ടു വാ ” എന്നു പറഞ്ഞ് ഒരു തൂക്കുപാത്രം കൈയ്യിൽ കൊടുത്തു. രണ്ടു മൂന്നു പറമ്പിനപ്പുറത്താണ് സാവിത്രിച്ചേച്ചിയുടെ വീട്. ഒരു നല്ല ചേച്ചി. പശുവിനെ മേയ്ക്കാൻ അവളുടെ പറമ്പിലും അവർ
വരാറുണ്ട്. അവളപ്പോൾ അവരുടെ കൂടെക്കൂടി പുല്ലു പറിച്ച്‌ പശുവിന് കൊടുക്കും. എന്നാൽ ദൂരെനിന്നു മാത്രം പേടിയാണവൾക്ക്.!!


അവൾ വേഗം ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. അവിടെ അവർക്ക് പുതിയ വീടു പണിയാൻ തറ കെട്ടിയിട്ടുണ്ട്. അതിനടുത്ത് ഒരു താൽക്കാലിക ഷെഡിലാണ് ഇപ്പോൾ അവരുടെ കുടുംബം താമസ്സിക്കുന്നത്. തറയുടെ മേൽ ടോണി സുഖമായി ഉറങ്ങുന്നുണ്ട്. അവരുടെ വളർത്തുനായയാണ്. അതിനടുത്തെത്തിയപ്പോൾ അവൾ ഇത്തിരി പേടിയോടെ നടന്നു.

ആരാ വീട്ടിൽ വന്നത് എന്ന് ചേച്ചി ചോദിച്ചു.ഇല്ലെങ്കിൽ ഈ സമയത്ത് അവൾ മോരിനു വരില്ലെന്ന് അവർക്കറിയാം. അവൾക്കു ഭക്ഷണം കഴിച്ചിട്ട് സ്കൂളി എത്തേണ്ടതാണ്. അവർ വേഗം അമ്മുവിനു മോരു കൊടുത്തു.അപ്പോൾ മഴ ചാറാൻ തുടങ്ങി.അവർ ഉച്ചത്തിൽ തന്റെ അനുജത്തിയായ മീനയോട് അയയിലിരിക്കുന്ന തുണി എടുക്കാൻ പറഞ്ഞു. മീനച്ചേച്ചി കേട്ടില്ലെന്നു തോന്നി. അവർ തന്നെ അമ്മുവിനു പിന്നാലെ തുണിയെടുക്കാൻ ഓടി.ഇതിനകം ടോണിയുടെ ഉറക്കം ചാറ്റൽമഴ മുടക്കിയിരുന്നു.സാവിത്രിച്ചേച്ചി ഉച്ചത്തിൽ സംസാരിക്കുന്നതും അമ്മുവിൻറെ പിന്നാലെ ഓടുന്നതുമാണ് ടോണി കാണുന്നത്. അത് കുരയ്ക്കാൻ
തുടങ്ങി.അമ്മുവിനു പേടിയായി. അവൾ നായയെ നോക്കികൊണ്ടുതന്നെ നടന്നു. ടോണി അവളെ നോക്കി കുരച്ചു. അവൾ പേടിയോടെ ഓടി. ടോണി സാവിത്രിച്ചേച്ചിയേയും അമ്മുവിനെയും മാറി മാറി നോക്കി പിന്നെ ഒറ്റച്ചാട്ടത്തിനു അമ്മുവിൻറെ കൈയ്യിൽ ഒരു കടി കൊടുത്തു. അവൾ
ഉച്ചത്തിൽ നിലവിളിച്ചു. മോരുംപാത്രം കൈയിൽനിന്ന് വീണു.
സാവിത്രിച്ചേച്ചി ഓടിവന്ന് നായയെ പിടിച്ചുമാറ്റി. കൈയ്യിൽ നിന്നു ചോര ഒഴുക്കുന്നതു കണ്ടു അവർ പേടിച്ചു. ടോണി ഇതുവരെ ആരെയും കടിച്ചിട്ടില്ല. അയയിൽ ഉണക്കാനിട്ടിരുന്ന തുണി ചാറ്റൽമഴയിൽ നനയുമെന്ന ചിന്തയിൽ ടോണിയെ ശ്രദ്ധിച്ചില്ല. അവനാകട്ടെ, അമ്മു എന്തോ എടുത്ത്‌ ഓടുകയാണെന്ന് തെറ്റിദ്ധരിച്ചിരിക്കാം.പേടിയായലും നായയുടെ നേർക്ക്
നോക്കി നോക്കി ഓടിയാൽ അത് കടിക്കുമെന്ന് ഇപ്പോൾ അമ്മുവിനറിയാം. കരച്ചിൽ കേട്ട് മീനച്ചേച്ചിയും ഓടിയെത്തി. അവർ മുറിവ് കഴുകി ഒരു തുണി കൊണ്ട് കെട്ടി. പിന്നെ അമ്മുവിനേയും കൂട്ടി അവളുടെ വീട്ടിലേക്കു നടന്നു. അവളുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. അമ്മു നിർത്താതെ കരഞ്ഞു.അമ്മ ഡെറ്റോൾ ഒഴിച്ച് മുറിവു വീണ്ടും കഴുകി, ഒരു കോട്ടൻ തുണി കെട്ടി. അച്ഛനും സെബാസ്റ്റിയൻ അങ്കിളും അവളെ സമാധാനിപ്പിക്കാൻ
ശ്രമിച്ചു.അച്ഛൻ അങ്കിളിന്റെ കൂടെ പോകേണ്ടതുകൊണ്ട് അമ്മയാണ് അവളെ ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോയത്. ഡോക്ടർ മുറിവു പരിശോധിച്ചു. പിന്നെ ക്ലീൻ ചെയ്ത് മരുന്നു വെച്ചുകെട്ടി. ഒരു സൂചി വയ്ക്കണമെന്നു പറഞ്ഞു. പിന്നെ വീട്ടിൽ വളർത്തുന്ന നായയായതുകൊണ്ട് 10 ദിവസം നായയെ നോക്കണമെന്നും പറഞ്ഞു.

കുട്ടിയെ ചരിച്ചു കിടത്തൂ. ശബ്‌ദം കേട്ട് അമ്മു ഞെട്ടി. കൈയ്യിൽ
സിറിഞ്ചുമായി ഡോക്ടർ. അവളുടെ കരച്ചിലിന്റെ ആക്കം കൂടി. രണ്ടുപേർ ചേർന്ന് അമ്മുവിനെ പിടിച്ചു. ഡോകട്ർ സൂചി വച്ചു. പത്തു ദിവസം നായയെ ശ്രദ്ധിക്കണമെന്നും നായയ്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ പിന്നേം സൂചി വയ്ക്കണ്ടി വരുമെന്നും ഡോക്ടർ അമ്മയോടു പറഞ്ഞു.

വീടിലെത്തിയപ്പോൾ അപ്പു അവരെ കാത്തിരിക്കയാണ്. വിവരങ്ങളെല്ലാം അവൻ അറിഞ്ഞിരുന്നു. അവൻ അമ്മുവിൻറെ അടുത്ത് കട്ടിലിൽ ഇരുന്നു. അവളുടെ മുറിവുള്ള കൈയ്യിലൂടെ പതുകെ വിരലോടിച്ചു.ആ സ്വാന്തനത്തിന്റെ സുഖത്തിൽ
അവൾ ഒന്നു മയങ്ങി.പിന്നീടുള്ള അമ്മുവിന്റെയും പ്പുവിന്റെയും
പ്രാർത്ഥനയിൽ അവർ ഇതുംകൂടി ചേർത്തു, “ദൈവമേ ടോണിക്കൊന്നും വരുത്തരുതേ “.


FacebookWhatsApp