ഓർമ്മയിലെ ഓണം

ഗീത കെ.പി

കാലമടച്ചു പടികടന്ന
വാതില്‍ പഴുതിലൂടൊന്നു നോക്കി
അന്നു കഴിഞ്ഞൊരെന്‍ നല്ലരോണം
അന്നു കഴിഞ്ഞൊരെന്‍ നല്ല ബാല്യം
കണ്ണുനീരില്ല കനവുമില്ല
കണ്ണില്‍ നിനവിന്‍ നിറങ്ങള്‍ മാത്രം
പൊന്നോണ പാട്ടുകള്‍ പാടി നമ്മള്‍
പൂക്കള്‍ പറിച്ചു നടന്ന കാലം
തെല്ലും കറയില്ലാ കൈകളാലെ
തീര്‍ക്കുന്നു നിറവാര്‍ന്ന പൂക്കളങ്ങള്‍
ചങ്ങാതിമാരവരേറെയുണ്ടേ
ചാരത്തു ചിരിതൂകി നില്‍പ്പതുണ്ടേ
കനിവിന്റെ കനിവാര്‍ന്ന കൈകളാലെ
അമ്മ വിളമ്പുമ ചോറുമുണ്ടേ
പായസമുണ്ടേ പഴവുമുണ്ടേ
അമ്മ തന്‍ വാത്സല്യമേറെയുണ്ടേ
പൂമുഖ മുറ്റത്തെ തെടിയിലായി
പൂത്തോരിലഞ്ഞി തന്‍ ക്കൊമ്പിലായി
പൊന്നോണ കോടിയുടുത്തു നമ്മള്‍
പൊന്നൂഞ്ഞാലാടുന്ന കാഴ്ചയുണ്ടേ
അന്നെന്റെ കൈകളില്‍ കോര്‍ത്ത കൈകള്‍
ഇന്നഴിച്ചെങ്ങോട്ടു പോയകന്നു
ഇന്നു ഞാന്‍പൂവിളിക്കേട്ടതില്ല
ഇന്നു ഞാന്‍ പൂക്കളം തീര്‍ത്തതില്ല
പൊന്നോണനാളു മറിഞ്ഞതില്ല
പൊന്നോണ സദ്യ ഞാനുണ്ടതില്ല
എന്റെയീ ചെറുതീയടുപ്പിലുണ്ടേ
ചെറിയരികഞ്ഞിതിളപ്പതുണ്ടേ
പു മുഖമുറ്റത്തെ പൂത്തിലഞ്ഞി
പൂമരമാരോ മുറിച്ചുമാറ്റി
പൂമണമില്ല പൂന്തേനുമില്ല
പൂങ്കുയിലൊന്നു പാടാനും വന്നതില്ല
പൂമുഖ മുറ്റവും ശ്യൂന്യമായി
എന്‍ മനോചിത്തവും മൂകമായി
വരുവാനില്ലാരുമിന്നെന്റെ മുന്നില്‍
വഴിയെല്ലാം മെന്നേ മറന്നു കാണും
കാലങ്ങളേറെ കഴിഞ്ഞിടുമ്പോള്‍
ഓണമൊരോര്‍മ്മയായ്‌ മാത്രമാകും


FacebookWhatsApp