പരേതൻ

അജിത് കല്ലൻ

മാധവൻ നായർ മരിച്ചു എന്നത് രാമന് വിശ്വസിക്കാനായില്ല. അയാൾ അലമുറയിട്ട് കരഞ്ഞു. കരഞ്ഞ് തളർന്ന അയാൾ പരേതൻ്റെ അടുത്ത് തന്നെ ചുവരിനോട് പറ്റി ചേർന്നിരുന്ന് മൗനത്തിലേക്ക് കടന്ന് കണ്ണുകൾ പതുക്കെ അടച്ചു.
അയാളുടെ മൗനത്തെ മുറിച്ച് പരേതൻ വിളിച്ചു: “എടാ”
അയാൾ ചാടിപിടഞ്ഞെഴുന്നേറ്റു. മുൻപിൽ നിൽക്കുന്ന പരേതനെ കണ്ട് അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.
“മാധവേട്ടാ ങ്ങള് ” അയാളുടെ വായിൽ നിന്നും ഒരലർച്ചയോടെ വാക്കുകൾ പുറത്തേക്ക് തെറിച്ചു.
“നീയെന്തിനാടാ പേടിക്ക്ന്നെ ” പരേതൻ അയാളെ നോക്കി ചിരിച്ചു. പരേതൻ ചിരിച്ചത് കണ്ടപ്പോൾ അയാൾ ആശ്വസിച്ചു. പരേതന് ഒരു ഇളിഭ്യച്ചിരി അയാൾ തിരിച്ചും കൊടുത്തു.
പരേതൻ ശബ്ദം താഴ്ത്തി ചോദിച്ചു: ” മക്കളെയെല്ലാം വിവരം അറീച്ചോടാ?”
“ഓ.. അറീച്ചു “
“അവരൊക്കെ എന്താ പറഞ്ഞെ”
” ഇപ്പോ നേരം തോനെയായില്ലെ. നാളെ രാവിലെ എത്താന്ന് “
“ഉം. അവരൊക്കെ അവരുടെ നേരത്തിന് വരട്ടെ. നേരം വൈകിയാലും അവരെത്തിക്കോളും. എന്നെ കത്തിച്ചു കളയേണ്ടതല്ലെ?” പരേതൻ ജനലഴിക്കുള്ളിലൂടെ പരേതനേയും സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന ഇരുട്ടിനെ നോക്കി.
പരേതൻ പറഞ്ഞത് കേട്ടപ്പോൾ അയാൾ വീണ്ടും അലമുറയിട്ടു. അലമുറയിട്ട അയാളെ ആശ്വസിപ്പിക്കാൻ ആ തറവാട്ടിൽ വേറെയാരും ഇല്ലായിരുന്നു. പരേതനാണെങ്കിൽ അയാളെ നിസ്സഹായതയോടെ നോക്കിയതേയുള്ളു.
അയാളും പരേതനും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതായിരുന്നില്ല. വർഷങ്ങൾ നീണ്ട ബന്ധമായിരുന്നു അവരുടേത്. ഊരും പേരുമറിയാതെ അലഞ്ഞു നടന്ന അയാളെ കൂടെ കൂട്ടി തറവാട്ടിൽ താമസിപ്പിച്ച് കാര്യസ്ഥൻ സ്ഥാനവും കൊടുത്ത് രാമനെന്ന് വിളിച്ചും തുടങ്ങി.
അനുസരണ എന്ന ഒരേയൊരു സ്വഭാവത്തിൻ്റെ ഉടമസ്ഥനാണയാൾ. നിഷ്കളങ്കനുമാണ്. തൻ്റെ യജമാനനയാൾ സ്നേഹം വാരിക്കോരി കൊടുത്തു.
അയാൾ പെണ്ണ് കെട്ടിയിരുന്നില്ല.
‘കറുത്ത് കരടിയേപോലുള്ള ഇയാളെ എനിക്ക് വേണ്ട’ പെണ്ണ് കാണൽ ചടങ്ങിനിടെ ഒരു പെണ്ണ് അയാളോട് പറഞ്ഞു. അയാളുടെ മനസ്സിനെ ഇത് വല്ലാതെ ഉലച്ചു. അയാൾ തൊട്ടടുത്തുള്ള കാവിൽ ചെന്ന് ഭഗവതിയെ നോക്കി ഇനി ചാവുന്നവരെ പെണ്ണ് കെട്ടില്ല എന്ന് സത്യംചെയ്തു.
മാധവൻ നായർ വീണ്ടും അയാളെ പെണ്ണ് കെട്ടിക്കാൻ നോക്കി. അയാൾ വഴങ്ങിയില്ല. ഇനിയിപ്പോ പെണ്ണ് കെട്ടിയാൽ ഭഗവതിയോട് സത്യം ചെയ്തതല്ലെ. ഭഗവതി കോപിച്ചാലോ. വിശ്വാസം അയാളുടെ മനസ്സിൽ പനയോളം തഴച്ച് വളർന്നിരുന്നു. മാധവൻ നായർ പിന്നീട് അയാളെ പെണ്ണ് കെട്ടിക്കാനുള്ള ദൗത്യം ഉപേക്ഷിച്ചു. അയാളാണെങ്കിൽ കുടുംബ ജീവിതവും വേണ്ടെന്ന് വെച്ചു. ചുരുക്കി പറഞ്ഞാൽ ഈ ഭൂമി മലയാളത്തിൽ അയാൾക്ക് ബന്ധം എന്ന് പറയാൻ പരേതൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
രാത്രി ആയതു കൊണ്ട് മരണവിവരം പരേതൻ്റെ പുരയിടവും കൃഷിയിടവും കടന്ന് പുറംലോകത്തേക്ക് പോയിട്ടില്ലായിരുന്നു.
പരേതൻ്റെ മുൻ തലമുറക്കാർ കൃഷിക്കാരായിരുന്നു. പരേതനും അത് പിന്തുടർന്നു. എന്നാൽ മക്കൾക്കാർക്കും ആ പാതയിൽ താൽപ്പര്യമില്ലായിരുന്നു.
നെല്ല്, വാഴ, ചേന, ചേമ്പ്, കുമ്പളം, പടവലം, കയ്പ, വെണ്ട ഇവയൊക്കെ പരേതൻ്റെ കൃഷിയിടത്തിൽ വീർപ്പുമുട്ടി.
നട്ട് നനച്ച് കൃഷി വളർത്തിയപോലെ മക്കളെയും വളർത്തി. പഠിപ്പിച്ചു. നല്ല നിലയിലുമാക്കി.
പരേതൻ മക്കളെ ഓർത്തു കൊണ്ടിരുന്നപ്പോൾ അയാൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.
അയാളുടെ ഭാരമുള്ള കൺപോളകൾ ഇടക്കിടക്ക് താഴേക്ക് വീഴുന്നത് കണ്ട പരേതൻ പറഞ്ഞു: ” ഏടെങ്കിലും കൊറച്ച് നേരം കെടന്നോ “
അയാൾ പരേതൻ്റെ അടുത്ത് ചുരുണ്ടുകൂടി കിടന്നു.
നേരം പുലർന്നു.
പരേതൻ അയാളെ വിളിച്ചു: “എടാ. പൊറത്തെന്തോ ഒച്ചപ്പാട് കേക്ക്ന്ന് ണ്ട്. പോയൊന്ന് നോക്ക് “
അയാൾ ചാടിയെഴുന്നേറ്റ് വാതിൽ തുറന്ന് ശരീരത്തെ റ ആകൃതിയിലാക്കി തല പുറത്തേക്കിട്ട് വലിഞ്ഞ് നോക്കി.
പരേതൻ്റെ മക്കളെയും, അവരുടെ ഭാര്യമാരേയും, അവരുടെയൊക്കെ മക്കളേയും മുറ്റത്ത് കണ്ടു. വിനോദയാത്രക്കിടയിലുള്ള വിശ്രമത്തിൻ്റെ ആശ്വാസത്തിലായിരുന്നു അവരൊക്കെ.
അവർ വന്ന പുത്തൻ വാഹനങ്ങൾ അവിടവിടെയായി നിർത്തിയിട്ടിട്ടുണ്ട്.
അയാൾ വായ പൊളിച്ച് എല്ലാം നോക്കി.
വിവരം അറിഞ്ഞ് നാട്ടുകാരും വന്നു തുടങ്ങി.
“എത്ര നാളത്തെ ആശയായിരുന്നു എല്ലാരേയും നേരിട്ടിങ്ങനെ കാണാൻ. ചത്ത് കയിഞ്ഞപ്പോല്ലെ ഇങ്ങനത്തെ ഒരു ഭാഗ്യം എനക്ക് ണ്ടായെ ” പരേതൻ കണ്ണിലെ നനവ് വലതു കൈ കൊണ്ട് തുടച്ച് വീണ്ടും തുടർന്നു: “നീ കണ്ടോടാ, അവരൊക്കെ എത്ര സന്തോഷത്തിലാ. എന്തോ കാര്യായിട്ട് പറയുന്നുണ്ടല്ലോ? വസ്തുക്കൾ വീതിച്ചെടുക്കുന്നതിനെ കുറിച്ചായിരിക്കും, അല്ലെ?
അയാളതിന് മറുപടിയൊന്നും പറയാതെ മുറ്റത്തേക്കിറങ്ങി.
വന്നവരാരും അയാളെ നോക്കിയതുമില്ല.
സംസാരത്തിനിടയിൽ എല്ലാവരും വീടിനകത്ത് കയറി പരേതനെ വന്നൊന്ന് നോക്കി. എന്നിട്ട് വരാന്തയിൽ ഇരുന്ന് അവരുടെ സ്വകാര്യ വർത്തമാനത്തിലേക്ക് അവർ വീണ്ടും കടന്നു. കുട്ടികൾ ഒഴിവുകാലം ചെലവഴിക്കാൻ വന്നതു പോലെ തൊടിയിലൊക്കെ ഓടി കളിച്ചു.
ഇതിനിടയിൽ സ്ഥലത്തെ പ്രമാണി അവിടെ എത്തിയിരുന്നു.
പ്രമാണി കാര്യങ്ങളുടെ നടത്തിപ്പ് സ്വയം ഏറ്റെടുത്തു.
പ്രമാണി മൂത്ത മകനോട് ചോദിച്ചു: “എവിടെയാ ദഹിപ്പിക്കേണ്ടത് “
” അമ്മയെ ദഹിപ്പിച്ച അതേ സ്ഥലത്ത് തന്നെ ആയിക്കോട്ടെ ” സ്ഥലം കാണിച്ച് കൊടുത്ത് മകൻ തുടർന്നു: ” അച്ഛനത് വല്ല്യ സന്തോഷാവും”
നാട്ടുകാരിലുണ്ടായ സന്നദ്ധ സേവകർക്ക് പ്രമാണി നിർദ്ദേശം കൊടുത്തുകൊണ്ടാരുന്നു.
സന്നദ്ധസേവകർ കർമ്മനിരതരായി.
ചിതയൊരുക്കി. ചിതയിലേക്ക് പരേതനെ എടുത്ത് കിടത്തി. കരയാനോ ബഹളം കൂട്ടാനോ ആരും മെനക്കെട്ടില്ല.
തീ നാളങ്ങൾ പരേതനെ വിഴുങ്ങി. തീ കെട്ടടങ്ങുന്നതിന് മുൻപേ മക്കളും ഭാര്യമാരും കുട്ടികളും തിരിച്ച് പോകാൻ ധൃതി കൂട്ടി.
ചിതയുടെ അരികിൽ നിൽക്കുകയായിരുന്ന അയാളോട് മൂത്ത മകൻ പറഞ്ഞു: “രാമേട്ടാ, ഞങ്ങള് പോവാണ്. എല്ലാരും തിരക്കിലാ. പിന്നെ എപ്പോഴാണ് അച്ഛൻ്റെ അസ്ഥി എടുത്ത് എന്ത് കർമ്മങ്ങളാണ് ചെയ്യേണ്ടതെന്നൊക്കെ നിങ്ങൾ തന്നെ ചെയ്തോളു. മറ്റൊരു കാര്യം കൂടി. ഈ വീടും സ്ഥലവും നല്ല വെല കിട്ട്യാ വിൽക്കാനാണ് ഞങ്ങളുടെ തീരുമാനം. അതുവരെ നിങ്ങളിവിടെ നിന്നോളു “
അയാൾ തലയാട്ടി. എന്നിട്ട് ചിതയിൽ കത്തിതീരാറായ തീ നാളങ്ങളെ നോക്കി നിന്നു.
മൂത്തമകൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിൻ്റെ കുറച്ച് നോട്ടുകളെടുത്ത് പ്രമാണിയുടെ കൈയ്യിൽ സ്നേഹപൂർവ്വം പിടിപ്പിച്ചു.
മക്കളും ഭാര്യമാരും കുട്ടികളും വാഹനങ്ങളിൽ തിരിച്ചു പോയി. നാട്ടുകാരും പിരിഞ്ഞു.
ചാമ്പലായ ചിതയും അയാളും മാത്രം ബാക്കിയായി.
ചിതയിലേക്ക് നോക്കി അയാൾ നിന്നു.
ചിത കത്തിയെരിഞ്ഞപ്പോഴുണ്ടായ ചാരം നീക്കി അതിൽ നിന്നും പരേതൻ എഴുന്നേറ്റ് വന്ന് അയാളോടു പറഞ്ഞു: “എടാ, മക്കളെയൊക്കെ നല്ല നെലയിലാക്കിയതിൻ്റെ കടപ്പാട് ഞാൻ ചത്തപ്പോ നെറവേറ്റിയത് നീ കണ്ടില്ലേ. ഞാൻ ജീവിച്ചിരുന്നപ്പോ തന്നെ അവർക്കൊക്കെ എന്നെ വേണ്ടാതായി. ഇനിയിപ്പോ ഈ തറവാടും പറമ്പും വിറ്റ് കയിഞ്ഞാ ആരും ഇല്ലാത്ത നിന്നെയും ആർക്കും വേണ്ടാതാവും. ചത്ത് കയിഞ്ഞ ഞാനും ചാവാത്ത നീയും ഇപ്പോ ഒരു പോലെയാ”
അയാളുടെ മനസ്സൊന്നു പിടഞ്ഞു.
ആ നേരം ആ വഴി ക്ഷണിക്കാതെ വന്ന തണുത്ത കാറ്റ് അയാളുടെ കണ്ണുകളിൽ നിന്നും അടർന്നു വീഴാനൊരുങ്ങിയ കണ്ണുനീരിനെ തൊട്ട് അകലെയുള്ള കുന്നിൻ ചെരിവിൽ പോയി തളർന്നുവീണു


FacebookWhatsApp