നിങ്ങൾക്കൊരു പെൺകുഞ്ഞുണ്ടൊ?

ശോഭന കെ.എം

നിങ്ങൾക്കൊരു പെൺകുഞ്ഞുണ്ടൊ?
നിങ്ങളുടെ ജീവാംശമായ്,
നിങ്ങളുടെ അസ്തിത്വ ചിഹ്നമായ്,
നിങ്ങളുടെ സ്വത്വോ ൺ മയായ്,
നിങ്ങളുടെ സ്വപ്നങ്ങളിൽ അടയിരിക്കുന്ന,
നിങ്ങളുടെ ജീവോർജമായ
പെൺകുഞ്ഞ്…..!
എങ്കിൽ മുലപ്പാലിനൊപ്പം
വജ്രത്തിൻ്റെ ചങ്കുറപ്പും
പടവാളിൻ്റെ മൂർച്ചയും
അഗ്നിയുടെ ദഹനശേഷിയും
കടൽത്തിരയുടെ ആവേശവും അവൾക്കു നൽകൂ ….
കാട്ടിലും മേട്ടിലും
നാട്ടിലും നഗരത്തിലും
അവളുടെ സ്വച്ഛന്ദസഞ്ചാരം
വിലക്കാതിരിക്കൂ…..
അവളുടെ വഴികളിൽ
നരിയും നരിച്ചീറും ചെന്നായ്ക്കളുമുണ്ടാകും
കാർക്കോടകനും കാളിയനും കാകോളവുമുണ്ടാകും
കഴുകൻ കണ്ണുകൾ വട്ടമിട്ടു
പറക്കുന്നുണ്ടാകും …..!
സ്വയം മൂർച്ചയേറ്റിയ പല്ലം നഖവും
അവൾ പുറത്തെടുക്കട്ടെ …..
മെയ്ക്കരുത്തും മനക്കരുത്തും ആയുധമാക്കട്ടെ….
കൂർമ ബുദ്ധിയും പതിനെട്ടടവുകളുമായ് പൊരുതട്ടെ ….
വിഷം ചീറ്റുന്ന സർപ്പമായ്
പത്തി വിടർത്തി ആഞ്ഞു കൊത്തട്ടെ….
ആഗ്നേയ ശിലയായ് പൊട്ടിത്തെറിക്കട്ടെ….
ആഴിത്തിരകളായ് വാനോളമുയരട്ടെ …..
അവൾക്കു രക്ഷാകവചം
അവൾ തന്നെയാവട്ടെ…
നിങ്ങൾ അണിയറയിൽ
വിജയാരവം കാതോർക്കു….
മനുഷ്യത്വം കഴുത്തുഞെരിക്കപ്പെടുമ്പോൾ
അവൾ മഹിഷാസുരമർദ്ദിനിയാകട്ടെ …..!


FacebookWhatsApp