ആയുസ്സ്

രാജു കാഞ്ഞിരങ്ങാട്


എനിക്ക് എന്നിൽനിന്ന്
നിന്നിലേക്കും
നിനക്ക് നിന്നിൽനിന്ന്
എന്നിലേക്കുമുള്ളദൂരം
ഒരായുസ്സുകാലം

എൻ്റെ ആയുസ്സിൻ്റേയും
നിൻ്റെ ആയുസ്സിൻ്റേയും
ദൂരമെത്ര?!
അളക്കാൻ കഴിയാത്തത്
ആയുസ്സിൻ്റെ ദൂരം.

എണ്ണിയാൽതീരാത്ത ജനങ്ങൾ
ജീവിച്ച് മരിക്കുകയും
ചത്തു ജീവിക്കുകയും ചെയ്ത –
യീമണ്ണിൽ
നമ്മുടെ പ്രണയം

ഓർമ്മകളും, സ്മാരകങ്ങളും,
ചരിത്രങ്ങളും
മാറിവരുന്ന ഭരണാധികാരികളുടെ
ഇഷ്ടാനിഷ്ടങ്ങൾ നോക്കുന്നു
ആദ്യസംഭവചരിത്രമായിരിക്കുമോ
നാം ഇപ്പോഴും അറിയുന്നത്?!

കൊടും നിലവിളിയിലും
വെന്തമാംസത്തിൻ്റെ മണത്തിൻ്റെ –
നടുവിൽനിന്നും നാം പ്രണയിക്കുന്നു
അതെ, പ്രണയമില്ലെങ്കിൽപിന്നെ –
ജീവിതമില്ല

ദുരമൂത്ത ഇക്കാലത്തും
ദൂരംനോക്കാതെ
നാംപ്രണയിക്കുന്നു
പ്രണയത്തിനുമാത്രം മരണമില്ല


FacebookWhatsApp