അറിവും വിവേകവും

സാധിക സുരേഷ് കെ


കോവിഡിന്റെ തിരക്ക് കഴിഞ്ഞു ഏറെ കാലത്തിന് ശേഷം ഇന്നാണ് മനുവും മീനാക്ഷിയും, അച്ഛനും അമ്മയ്ക്കും ഒപ്പം ഒന്ന് പുറത്തേക്ക് പോയത്. സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞപ്പോഴേക്കും കുട്ടികൾക്ക് രണ്ടുപേർക്കും നന്നായി വിശക്കുന്നു. അവർ നഗരത്തിലെ ഒരു ഹോട്ടലിൽ തന്നെ ഭക്ഷണം കഴിക്കാനായി കയറി. കൈകഴുകി മേശക്ക് അരികിൽ എത്തിയതും മനു വലതു കൈകൊണ്ട് തന്നെ കസേര വലിച്ചിട്ടിരുന്നു. മീനാക്ഷി ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ പറഞ്ഞു ചേട്ടാ കൈ വീണ്ടും കഴുകി വാ. അമ്മയും പറഞ്ഞു നോക്കി. അവൻ അതനുസരിച്ചില്ല. ഭക്ഷണം വരാറായി. എല്ലാവരും അവരവരുടെ മാസ്ക് എടുത്ത് ഭദ്രമായി വെച്ചു. എന്നാൽ മനു മാത്രം മാസ്ക് മേശയുടെ മുകളിലാണ് വച്ചത്. മീനാക്ഷി എഴുന്നേറ്റ് ഇടതു കൈകൊണ്ടു മാസ്ക് എടുത്തു ചവറ്റുകൊട്ടയിൽ നിക്ഷേപിച്ചു. സോപ്പിട്ടു നന്നായി കൈകഴുകി തിരിച്ചുവന്നു മേശക്കരികിൽ ഇരുന്നു.

എടീ നീ എന്താ ചെയ്തത് ? അമ്മേ ഇവൾ എൻറെ മാസ്ക് …

അമ്മ പറഞ്ഞു നീ അറിവുള്ള കുട്ടിയല്ലേ മനൂ എന്നിട്ടും നീ എന്താ ചെയ്തത്. ആരെങ്കിലും മാസ്ക് തീൻ മേശയിൽ വെക്കുമോ.

മീനാക്ഷി തമാശയായിട്ടാണെങ്കിലും ഇങ്ങനെ പറഞ്ഞു “ചേട്ടന് അറിവുണ്ട് അമ്മേ പക്ഷേ വിവേകമില്ല”

എല്ലാവരും അതുകേട്ട് ചിരിച്ചു. മനുവിന് തന്റെ തെറ്റ് മനസ്സിലായി. എല്ലാവരും ഭക്ഷണം കഴിച്ചു പുറത്തിറങ്ങി. മനു അമ്മയുടെ ബാഗിൽ നിന്ന് മാസ്ക്ക് എടുത്തു ധരിച്ചു മീനാക്ഷിയുടെ തലക്കിട്ടൊന്നു കൊട്ടികൊണ്ട് പറഞ്ഞു ടീച്ചറമ്മേ നന്ദിയുണ്ട് കേട്ടോ.

ഇതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു


FacebookWhatsApp