ഉസ്ക്കൂളു പൂട്ടിയാൽ

രതീശൻ ചെക്കിക്കുളം

ഉസ്ക്കൂളു പൂട്ടിയാൽ
മുങ്ങി ക്കുളിക്കുവാൻ,
ഗ്രാമത്തിൽ നിന്നും
കുളം വരുന്നുണ്ട്..
കണ്ണിക്കുറിയനും
കൈച്ചലും കൊണ്ട് ,
ചൂണ്ടയിടാനുഉള
പുഴ വരുന്നുണ്ട് …
പട്ടം പറത്തുവാ
നാകാശവും കൊണ്ട്,
മൊട്ടത്തലയൻ
വെയിൽ വരുന്നുണ്ട്..
കല്ലിന്നെറിഞ്ഞിടാൻ
മാങ്ങയും കൊണ്ട് ,
മുത്തശ്ശി മാവ്
പുറപ്പെടുന്നുണ്ട്..
കോന്തലക്കെട്ടിലു
ണ്ടെൻറെ യൂഞ്ഞാല്…
ചക്കയും കൊണ്ട്
പ്രിയപ്പെട്ട പ്ളാവ്..
പ്ലാവിൻറെ മടിയിൽ
നാട്ടിലെ ത്തണല് …
തണലത്തു വിരിയുന്ന
മണ്ണിൻറ പാട്ട്..
അപ്പുപ്പൻ താടിയിൽ
കയറിയിട്ടുണ്ട്..
ഉപ്പിലത്തൊപ്പി
യിട്ടോടുന്ന കാറ്റ്
അപ്പുപ്പൻ താടിയാ
ണിന്നെന്റെ മനസ്സ്..


FacebookWhatsApp