ശാരികേ ,നീ ഇടിമുഴക്കമാകണം
ഞടുങ്ങി മണ്ടണം നിന്നെ
വിഴുങ്ങാനിഴഞ്ഞെത്തും
വിഷസർപ്പങ്ങൾ..
ശാരികേ, നീ മിന്നൽപ്പിണരാകണം
ഭസ്മമാകണം നിന്നെയമ്പെയ്യാനോങ്ങും കാട്ടാളപ്പരിഷകൾ..
ശാരികേ ,നീ ഹോമകുണ്ഡമാകണം
എരിഞ്ഞു തീരണം നിന്നെ
വലയം ചെയ്യാനെത്തും
ക്ഷുദ്ര ചിത്തൻമാർ ..
ശാരികേ ,നീ പ്രളയമാകണം
തുടച്ചു നീക്കണമിവിടെ തെഴുക്കും വിഷവൃക്ഷങ്ങളൊക്കെയും..
പിന്നെ നീയൊരു പൗർണമിത്തിങ്കളായ്പ്പുഞ്ചിരിക്കണം
കുളിർ നിലാവു തൂകണം
പാരിലാകെയും….!