ഉടുപ്പുകളിലെ
വിയുർപ്പു മണങ്ങൾ
പൂച്ച രോമങ്ങളെ
എഴുന്നു നിർത്തിയ
കാലുകളുടെ
മുട്ടിയുരുമ്മൽ
കാക്കകളെ പാറിച്ച
കയ്യോങ്ങൽ
എല്ലാം മാഞ്ഞുപോകും…
പുറപ്പെട്ട് പോയ പ്രാണൻറെ
ചൂട് തണിയും…
ഉടലുകളുടെ വിജനതയിൽ
വിയർപ്പ് പെയ്യും…
കരിഞ്ഞ
പുസ്തകങ്ങളിൽ നിന്ന്
ചെയ്യാത്തകണക്കുകൾ
പതിയിരിക്കുന്ന
വഴികളിലേക്ക് …
ഒറ്റ സംഖ്യകളും
കുഞ്ഞു വാക്കുകളും
അനാഥാലയത്തിലേക്ക്…
വീടെന്ന വിശ്വാസത്തിൽ
മുഖം പൂഴ്ത്തി ഉറങ്ങുന്ന
കുഞ്ഞുങ്ങളെയും കൊണ്ട്
വില്പനയ്ക്കിറങ്ങും
അച്ഛൻ മരിച്ച വീട് …
ഇരുട്ടു തിന്നുതീർക്കുന്ന
തെരുവുവിളക്കുകൾ പോലെ
ഒറ്റക്ക്
ജീവിതം
തിന്നു തീർക്കേണ്ടത് ഓർത്ത്
ഉറക്കമറ്റുകിടക്കും
വാതിലുകൾ….