ശോഭന കെ.എം
ചിറകരിഞ്ഞാലും ഞാൻ പറക്കാതിരിക്കില്ല…
നിങ്ങളെന്റെ പുറം ചിറകരിയുമ്പോൾ
എന്റെ ഉൾച്ചിറകിന്
കരുത്തേറുകയാണ്.
വെട്ടിവീഴ്ത്തിയാലും ഞാൻ
വളരാതിരിക്കില്ല…
നിങ്ങളെന്റെ കടയ്ക്കൽ
കോടാലി വയ്ക്കുമ്പോൾ
എന്റെ ഉൾവേരുകൾക്ക്
മണ്ണാഴങ്ങളിൽ ഉറപ്പേറുകയാണ്.
നിങ്ങളെന്നെ പിടിച്ചു കെട്ടാൻ
കോട്ടവാതിലുകളെല്ലാം
കൊട്ടിയടച്ചാലും
ഞാൻ കൊടുങ്കാറ്റായാഞ്ഞു
വീശാതിരിക്കില്ല.
നിങ്ങൾഅണകെട്ടിയാലും
ഞാൻ ഒഴുകാതിരിക്കില്ല…
നിങ്ങളെന്റെ പ്രവാഹം
സേതുബന്ധനത്താൽ
പ്രതിരോധിക്കുമ്പോൾ
എന്റെ അടിയൊഴുക്കിന്റെ
തീവ്രത
എനിക്കു പോലും
നിയന്ത്രിക്കാനാവാത്തതാകും
ഞാൻ കിളിയോ, മരമോ
കാറ്റോ, നദിയോ ആകട്ടെ
ലക്ഷ്യത്തിലേക്കുള്ള
സ്വച്ഛന്ദസഞ്ചാരം
എന്റെ ജന്മാവകാശമാണ്.