ശുഭേഛ:

രാജേഷ് കുമാർ കെ.എൻ

‘അഖിലാണ്ഡമണ്ഡല’ പ്രാർത്ഥന സ്മരണയിൽ –
അഖിലം മറന്നു ഞാൻ ഒന്നുണർന്നു
മാമ്പഴച്ചുനയാൽ കറയാർന്ന ഇന്നലെ –
മച്ചകം ചാടി മനമണഞ്ഞു.

ഇമവെട്ടും മിഴികൾ എൻ കുഞ്ഞുകൈയാൽ –
ഇമ്പമായ് മീട്ടി തഴുകിടുമ്പോൾ
മൂർദ്ധാവിലെന്നമ്മ പൊന്നുമ്മ വച്ചെന്നെ
പ്രാണനായ് നെഞ്ചോട് ചേർത്തെടുത്തു.

കുളികഴിഞ്ഞെൻ കൂന്തൽ ചീകിയൊതൊക്കിയീ –
നെറ്റിയിൽ തേച്ചമ്മ ചന്ദനവും.
പുത്തനുടുപ്പില്ല, പുസ്തകവുമില്ല തോഴരോ വന്നില്ല പൂമുഖത്ത്.

ഏകനായ് ചെന്നു ഞാൻ ടി .വി തൻ ചാരത്ത് –
ഏകാന്തതയാൽ മുറി നിറഞ്ഞു.
വിക്ടേഴ്സിൽ വന്നെൻ ഗുരുനാഥൻ ചൊന്നത്
വ്യക്തമായൊന്നും തറച്ചതില്ല.

എന്നിനി കാണുമെൻ വിദ്യാലയ ക്ഷേത്രം,
എന്നിനി കാണുമെൻ സതീർത്ഥ്യരേയും.
പുത്തൻ പ്രതീക്ഷയും പുഞ്ചിരിയും നേരും –
പൂജനീയരാമെൻ ഗുരുക്കളെയും.

ലോകം സുഖമായ് ശാന്തിയും വന്നിടും,
ഉവ്വാവുമാറി സമത്വം വരും.
പാട്ടും കളിയും പഠനവുമായ്,
പോയവർഷം വരും എൻ ശുഭേഛ:


FacebookWhatsApp