മാടപ്പീടിക
ജനിച്ചപ്പോഴേ ബധിരയായിരുന്നു സിഷ്ണ. മൂന്നാം മാസത്തോടെ കണ്ണിനും രോഗം വന്നു; കാഴ്ചപോയി. പൂര്‍ണമായും കാഴ്ചയില്ല. കേള്‍വിയും സംസാരശേഷിയുമില്ല. അച്ഛന്റെ കൈവിരല്‍തുമ്പിലൂടെയാണ് സിഷ്ണ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതുമെല്ലാം. ഹൃദയത്തിൽ സുഷിരങ്ങളുണ്ടായിരുന്നു; ശസ്ത്രക്രിയകളിലൂടെ അത് പരിഹരിച്ചു. നടക്കാൻ കഴിയില്ലായിരുന്നു; ഫിസിയോ തെറാപ്പിയിലൂടെ അതും മാറ്റി.
2003ല്‍ മുംബൈയിലെ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡെഫ് ബ്ളൈന്‍ഡ് സ്കൂളില്‍ ചേര്‍ത്തതോടെയാണ് പരിമിതിയെ മറി കടക്കാനുള്ള പ്രവണത സിഷ്ണ പ്രകടിപ്പിച്ചത്. പഠനത്തിനു പുറമെ നൃത്തം, നാടകം, യോഗാ എന്നിവയിലും പരിശീലനം നേടി. സ്കൂള്‍ പഠനകാലത്ത് ഹെലന്‍കെല്ലറുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. മുംബൈയിലെ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒമ്പതാം ക്ലാസ് വരെ പ്രത്യേക സിലബസില്‍ പഠനം.
കാണാനും കേൾക്കാനും കഴിയാതെ നൃത്തം പഠിക്കുക എന്ന വെല്ലുവിളിയാണ് ഇരുപത്തിയാറാം വയസ്സിൽ സിഷ്ണ ഏറ്റെടുത്തത്. ബ്രെയിൽ ലിപിയിലൂടെ ഗാനത്തിന്റെ അർത്ഥം മനസ്സിലാക്കി. സ്പർശത്തിലൂടെ മുദ്രകളും ചുവടുകളും ഉറപ്പിച്ചു. 2018 നവംബർ മൂന്നിന് കണ്ണൂർ കലക്ടറേറ്റിലായിരുന്നു അരങ്ങേറ്റം. നൃത്തം തീരുമ്പോൾ ഒരു സദസ്സുമുഴുവൻ കണ്ണീരോടെ എഴുന്നേറ്റുനിന്ന് ഹർഷാരവം മുഴക്കുകയായിരുന്നു. സിഷ്ണ അതു കണ്ടില്ല, കേട്ടുമില്ല. തിരശ്ശീല വീണ വേദിയിൽനിന്ന് അച്ഛനമ്മമാരുടെ സ്പർശഭാഷയിലൂടെ മനസ്സിലാക്കുകമാത്രം ചെയ്തു.
കളര്‍പൂക്കള്‍, ചന്ദനത്തിരി, മെഴുക്തിരി, പേപ്പര്‍ബാഗ് എന്നിവയൊക്കെ സ്പര്‍ശന ശേഷിയുപയോഗിച്ച് സിഷ്ണ അനായാസം ഒരുക്കും. പവര്‍ബ്രെയിലര്‍ ഉപയോഗിച്ച് എസ്എംഎസ്, ഇ-മെയില്‍, ടൈപ്പിങ്, കളര്‍ ഡിസൈന്‍ എന്നിവയുംചെയ്യും.
കൈരളി ടി.വി. യുടെ സ്ത്രീകൾക്കുള്ള ഫീനിക്സ് 2019 പുരസ്കാരം കരസ്ഥമാക്കി.
അച്ഛന്‍: ആനന്ദ കൃഷ്ണന്‍. അമ്മ: പ്രീത ആനന്ദ് അനുജന്‍: വൈഷ്ണവ് ആനന്ദ്
നൃത്തം (Dance)
വീഡിയോ – വേറിട്ടത് (Variety Videos)