ജനിതക ഘടനയിൽ തൈജസ കീടങ്ങൾ
ജന്മം പ്രകാശത്താൽ ഒളിപരത്തും.
ആരറിവൂ അതിൻ ചൂട്ടു പന്തങ്ങൾ
ഏതോ പ്രഹേളികക്കുള്ളിലെന്ന്!
മാമരക്കൂട്ടങ്ങൾ മിന്നിത്തെളിയാനായ്
മാമലയ്ക്കിപ്പുറത്തെത്തിയോർ നീ.
നിങ്ങൾ പരത്തുന്ന നന്മ വെളിച്ചമി-
ന്നെന്നുള്ളിൽ പകരണം അഗ്നികോണിൽ.
കലികാലൻ ആടിയായ് തുള്ളിത്തിമർക്കുമ്പോൾ
നെയ്ത്തിരി വെട്ടമായ് വേടനായി.
ഉള്ളിൻ്റെയുള്ളിൽ നീ നന്മ പ്രതികമായ്
എന്നും ജ്വലിക്കണം നിൻ പ്രകാശം.
അഗ്നിയിലല്ലോ തുടങ്ങുന്നു സർവ്വവും
സർവ്വമൊടുങ്ങുന്നത്തിരുവടിയിൽ.
ചാലകശക്തിയായ് മാറേണമെന്നും നിൻ-
ചിന്തയിലോർക്കും ബഹിർസ്ഫുരണം.
മറ്റുള്ളവർക്കായ് എരിഞ്ഞടങ്ങീടുന്ന
സൂര്യനാവാനല്ലോ നിൻവിധിയും.
ഇനിയും നിനക്കൊരു ജന്മമുണ്ടാം
അന്നും തെളിക്കണം നീ വെളിച്ചം.