വാക്കുകൾ
കന്നുകാലികളെപ്പോലെ…..!
കയറിൻ്റെ അറ്റത്ത് എന്നും
അനുസരണയോടെ നിൽക്കാറില്ല …..
കെട്ടേണ്ടിടത്തു കെട്ടിയില്ലെങ്കിൽ
അയൽക്കാരൻ്റെ തൊടിയിൽ
മേഞ്ഞുകളയും….!
തക്ക സമയത്തു മൂക്കുകയറിട്ടില്ലെങ്കിൽ
പിടിച്ചാൽ കിട്ടില്ല .. ..
ചിലപ്പോൾ
പുറങ്കാൽ കൊണ്ടു തൊഴിക്കാനും മറ്റു ചിലപ്പോൾ
വാലറ്റം കൊണ്ടടിക്കാനും
മടിക്കാറില്ല ….
ഓർക്കാപ്പുറത്തു കുത്തി വീഴ്ത്താൻ
തക്കം പാർത്തിരിക്കുമ്പോഴും
നല്ല തീറ്റ കൊടുത്താൽ
പാൽ ചുരത്തും……!
കാമധേനുവായും കാളക്കൂറ്റനായും
രൂപാന്തരം പ്രാപിക്കാൻ
വാക്കിനെപ്പോലെ
മറ്റാർക്കാണു കഴിയുക…..?