‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്നെ വിടൂ ,
കൈകൂപ്പി പിന്നെയും പിന്നെയും കേഴവേ –
ഏമാൻ്റെ കാൽക്കരുത്ത് മുറുക്കിയെൻ കണ്ഠനാളം.
കാരിരുമ്പിൻ പേശികൾ അമർന്നൊരാ നേരത്ത്
നിൻ ക്രുദ്ധഭാവമെന്തേ മാനസാന്തരം കൊണ്ടില്ല.
കറുപ്പും വെളുപ്പും നിറങ്ങളെ ഭിന്നിച്ച് –
വർണ്ണവിത്തങ്ങളെ മാറോടു ചേർത്തു
എന്നിലെ അസ്തിത്വമാകെ വിഴുപ്പാക്കി
മണ്ണിൽ മടങ്ങേണ്ട പ്രേതവുമാക്കി നീ.
മന്വന്തരങ്ങളായി ജീവിതപ്പാതയിൽ
ചോരനീരാക്കിയെൻ, പൂർവ്വികരൊക്കെയും
നട്ടുനനച്ചും കിളച്ചും മെതിച്ചും
ഭൂമിയെ സ്നേഹിച്ച് പാലമൃതൂട്ടിയും
ദുരമൂത്ത് നിൻ കീഴിലാക്കി നീയൊക്കെയും
സ്വാഭിമാനം വെറും പാൽ വർണ്ണമെന്നോതി
തൊലികറുത്തോരെ ആട്ടിയകറ്റി നീ
കാൽക്കീഴിലാക്കിയലറി വിളിക്കുന്നു.
കാലം മറയവേ കോലങ്ങൾ മാറ്റി നാം
ഭൃത്യനെജമാനൻ എന്നതും പാഴ്‌വാക്ക്
സിരകളിലോടുന്നു രുധിര-
വുമൊന്നല്ലേ,
ജീവൻ്റെ നാദ പ്രവാഹവുമൊന്നല്ലേ.
ലോകമേ തറവാടെന്നുള്ളൊരാവചനം
മാലോകർക്കെല്ലാമതൊന്ന്, സഹജീവികൾക്കും
സോദരത്വേന വാഴുന്ന കാലത്ത്
നമുക്ക് പണിയാം നാകവുമിവിടെ.