വീണ്ടെടുക്കാം നമ്മുടെ നാടിനെ

ജനിഷ ജയേഷ്

ഇന്ന് നമ്മുടെ കടലിന്റെ ആഴങ്ങളിൽ നീന്തിത്തുടിക്കുന്നത് ചെറു മീനുകളല്ല പകരം പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളാണ്. പ്ലാസ്റ്റിക്കുകൾ മാത്രമല്ല ഒട്ടനവധി ആശുപത്രി മാലിന്യങ്ങളും ഇ-മാലിന്യങ്ങളും ഇതിൽ ഉൾപ്പെടും. കടൽത്തീരങ്ങൾ വിനോദ കേന്ദ്രങ്ങളാകുന്നതോടൊപ്പം മാലിന്യ കുപ്പകളുമാക്കുന്നു. കടലിന്റെ ആഴങ്ങൾ മലിനമാക്കുക മാത്രമല്ല, ഭൂമിയിലെ ഓക്സിജന്റെ ഭൂരിഭാഗവും പ്രധാനം ചെയ്യുന്ന ആൽഗകളെയും സസ്യ പ്ലവകങ്ങളെയും ഇല്ലാതാക്കുന്നു പ്ലാസ്റ്റിക് .

74-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഈ വേളയിൽ മാലിന്യ മുക്തമായ ഗ്രാമം എന്ന വിഷയം വളരെ പ്രാധാന്യമർഹിക്കുന്നു. നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ‘ശുചിത്വ പൂർണ്ണമായ ഭാരതം ‘ . അദ്ദേഹത്തിന്റെ സ്വപ്നം നാം സാക്ഷാത്കരിക്കേണ്ടതാണ്. കാരണം നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നിരവധി മഹാത്മാക്കളുടെ ആത്മദർപ്പണത്തിന്റെയും ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ്. ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യ പ്രതിസന്ധി.


കടൽത്തീരങ്ങൾ മാത്രമല്ല, പുഴയും തോടും എല്ലാം ഇന്ന് നിക്ഷേപകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് നമ്മുടെ നാടിന്റെയും കഴിഞ്ഞ തലമുറകളുടെയും ദാഹമകറ്റിയ പുഴയും തോടും ഇന്ന് ഒഴുക്ക് നിലച്ച് തെളിമനഷ്ടപ്പെട്ട് മരിച്ചു കൊണ്ടിരിക്കുകയാണ്. പരിസര ശുചിത്വം തീരെയില്ലാത്ത ഒരിടത്ത് താമസിച്ചു കൊണ്ട് വ്യക്തിശുചിത്വം പാലിച്ച തുകൊണ്ട് ഒരു കാര്യവുമില്ല. ഓരോ വീട്ടിലെയും പ്ലാസ്റ്റിക് മാലിന്യവും, ഗാർഹിക മാലിന്യവും, കടകളിലെ മാലിന്യവും, ആശുപത്രികളിലെ മാലിന്യവും എല്ലാം വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും ജല സ്രോതസ്സുകളിലും വഴിയരികുകളിലുമാണ്. കേരളീയ സംസ്കാരത്തിനു തന്നെ അപമാനകരമാണ് ഇത്തരം കാര്യങ്ങൾ . മണ്ണിന്റെ രാസഘടനയെത്തന്നെ ബാധിക്കുന്നവയാണ് അസംസ്കൃതമാലിന്യങ്ങൾ . കൃഷിക്കനുയോജ്യമായ ഭൂമിയെ ഇല്ലാതാക്കുവാൻ ഇവ ധാരാളം. മൂക്കുപൊത്താതെ നടക്കാൻ കഴിയുന്ന നഗരങ്ങൾ എത്രയുണ്ട് ?

നഗരങ്ങൾ മാത്രമല്ല കൊച്ചു ഗ്രാമങ്ങൾ വരെ മാലിന്യ കുപ്പകളാണ്. നമ്മുടെ നാടിനെ , നമ്മുടെ സംസ്കാരത്തെ മാറ്റിമറിക്കാവുന്നത്ര ശക്തിയുള്ളതാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പകർച്ചവ്യാധികളുടെ ഉറവിടവും ഇവിടെ നിന്നുതന്നെ. രണ്ടു പതിറ്റാണ്ടു മുമ്പ് കേരളത്തിൽ മാലിന്യ പ്രതിസന്ധി ഒരു ചർച്ചാ വിഷയമായിരുന്നില്ല. നഗര മാലിന്യത്തിന്റെ 50 ശതമാനവും ഗാർഹിക മാലിന്യമാണ്.


FacebookWhatsApp