വെറുതേ

രാജേഷ് കുമാർ കെ.എൻ


മനസ്സിൻ്റെ മുറ്റത്തെ മുല്ലയിൽ മൊട്ടിട്ടു –
വിടരുവാൻ വെമ്പുന്ന മുകുളങ്ങളായ്.
ഒരു കുളിർ കാറ്റിനാൽ മെല്ലെത്തലോടിയാ –
തളിരതിൽ ജീവൻ നിറച്ചു വീണ്ടും.

നറുനിലാപാലാഴിതീർത്തെൻ പുലർവേള
ധന്യമാക്കീയെൻ്റെ തല്പമണഞ്ഞു നീ.
ഇത്രമേൽ വെണ്മതൻ നൂലിഴ പാകി നിൻ-
മെയ്തലം സൃഷ്ടിച്ചു ശില്പിയാം ദേവത.

തെളിഞ്ഞു കത്തുന്നൊരു നെയ്ത്തിരി വെട്ടത്തിൽ
കണ്ടുഞാൻ നിൻ മുഖം പനിമതിയായ്.
വിരിയുമോ, കൊഴിയുമോ, തല്ലിക്കൊഴിക്കുമോ
നട്ടുനനച്ചൊരാ സ്വപ്നങ്ങളെ.

നിന്നെയെന്നാത്മാവിലാവാഹിച്ചീടുന്നു
അത്ര വിശുദ്ധമാം നിന്നന്തരംഗവും.
വിരിഞ്ഞു നിൽക്കും മുല്ലപ്പൂക്കളിൻ മധുകണം
നുകർന്നുന്മത്തനാകണം ശിഷ്ടകാലം.


FacebookWhatsApp