പ്രവാസിയായ ദീപുവിന്റെയും നയനയുടെയും രണ്ട് മക്കളിൽ ഇളയവളാണ് പ്ലസ്ടുവിന് പഠിക്കുന്ന ദീന. ചേച്ചി ദീപ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.
സമ്പന്നതയിൽ ജനിച്ചത് കൊണ്ട് തന്നെ കഷ്ട്ടപ്പാട് എന്തെന്നറിയാതെയാണ് അവർ വളർന്നത്. അല്ലെങ്കിൽ അവർക്ക് അതിനുള്ള അവസരം ദീപുവും നയനയും കൊടുത്തിരുന്നില്ല എന്ന് തന്നെ പറയാം. മക്കളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി സ്നേഹ-വാത്സല്യത്തോടൊപ്പം അവരെ വളർത്തി.
ദീനയ്ക്ക് പണ്ടുമുതലേ സോഷ്യൽ മീഡിയ എന്നത് വളരെ അഡിക്ഷൻ ആയിരുന്നു. കൂടാത്തതിന് ഒരു സെൽഫിക്കുട്ടിയും. എന്തിനും ഏതിനും ഒപ്പം അവൾ സെൽഫികൾ സോഷ്യൽ മീഡിയയിൽ വാരി വിതറി.
നല്ലതും ചീത്തയുമായ ഒരുപാട് കമെന്റുകൾ അവൾ ലാഘവത്തോടെ വായിച്ചു കളഞ്ഞു.
അതിൽ എന്നും അവൾക്ക് ഇൻബോക്സിൽ ഒരു സുനിയുടെ മെസ്സേജ് വരാറുണ്ടായിരുന്നു.
ആദ്യമാദ്യം അവൾ അതൊന്ന് ഓടിച്ചു വായിച്ചു വിടാരായിരുന്നു പതിവ്. മറ്റുള്ള കമന്റുകളെ പോലെ. പിന്നെപ്പിന്നെ അവന്റെ സ്നേഹത്തോടെയുള്ള, സൗഹൃദപരമായ മെസ്സേജുകൾ കണ്ടപ്പോൾ അതൊക്കെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ഒട്ടുമിക്ക പോസ്റ്റുകൾക്കും കമെന്റുകൾ കാണാൻ തുടങ്ങിയതോടെ അവൾ അത് കാര്യമായി ഗൗനിക്കാൻ തുടങ്ങി.
ഒരിക്കൽ അവൻ അവളുടെ അക്കൗണ്ടിലേയ്ക്ക് സ്വകാര്യമായി മെസ്സേജ് അയച്ചു. ആദ്യം സൗഹൃദപരമായിരുന്നെങ്കിലും പതിയെ പതിയെ അവരുടെ ചാറ്റ് പ്രണയത്തിലേക്ക് നീങ്ങാൻ അധിക സമയം വേണ്ടി വന്നില്ല.
അവന്റെ മെസ്സേജ് കാണാതെ അവളും അവളുടെ മെസ്സേജ് കാണാത്തപ്പോൾ അവനും പരിഭവിച്ചു, സങ്കടപ്പെട്ടു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി, ഒരു ദിവസം അവൻ അവളുടെ ഫോൺ നമ്പർ ചോദിച്ചു. ആരെന്ന് പറഞ്ഞാലും പെൺകുട്ടികളുടെ മനസ്സ് ഒന്ന് പിൻവലിയും. അതുകൊണ്ടുതന്നെ അവൾ നമ്പർ കൊടുക്കാൻ തയ്യാറായില്ല. പക്ഷേ അവന്റെ പരിഭവത്തോടെയുള്ള മെസ്സേജ് കണ്ടപ്പോൾ
അവളുടെ മനസ്സലിഞ്ഞു. നമ്പർ കൈമാറി.
പിന്നീട് മെസ്സേജുകൾക്ക് പകരം ഫോൺ കാളുകൾ സ്ഥിരമായി. പരസ്പരം മനസ്സ് തുറന്ന് സംസാരിച്ചു. അങ്ങനെ ആ ഇഷ്ടം അതിർവരമ്പുകൾ കടക്കുമ്പോൾ തന്റെ ആഗ്രഹം പറഞ്ഞു. അവളെ ഒന്ന് കാണണമെന്ന്. അതിനും അവൾ മടിച്ചെങ്കിലും അവന്റെ സ്നേഹത്തിനും പ്രണയതോടെയുള്ള വാക്കുകൾക്കും മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. അവന് ഫോട്ടോ അയച്ചു കൊടുത്തു.
അതിന് ശേഷം അവൻ അവളോട് ഒരുപാട് അടുത്തു എന്ന് തോന്നും വിധമായിരുന്നു പിന്നീടുള്ള അവന്റെ ഓരോ പെരുമാറ്റവും.
അവന് അവളെക്കഴിഞ്ഞേ മാറ്റാരുമുള്ളു ഈ ഭൂമിയിൽ എന്ന് അവൾ വിശ്വസിച്ചു. അല്ലെങ്കിൽ അവൻ അങ്ങനെ വിശ്വസിപ്പിച്ചു.
മനസ്സ് പ്രണയത്തിന്റെ പരമോന്നതിയിൽ നിൽക്കെ അവൻ പതിയെ അവന്റെ അടുത്ത ആവശ്യം മുന്നോട്ട് വച്ചു.
വീഡിയോ കാൾ.
അത്രത്തോളം അടുത്ത സ്ഥിതിക്ക് ഇനി എന്ത്? വീഡിയോ കാൾ ആണെങ്കിൽ കണ്ടു സംസാരിക്കാമല്ലോ.
മൗനം പൂക്കുന്ന ഏകാന്തതകളെ അവൻ കവർന്നെടുക്കാൻ തുടങ്ങിയിരിക്കുന്നു. ആവശ്യങ്ങളും ആഗ്രഹങ്ങളും അവന്റെ ഉള്ളിൽ തിളച്ചു മറിഞ്ഞു. ആ തിളപ്പിന്റെ ചൂടിൽ അവൻ ഉന്മാദം കൊണ്ട് അവളോട് തന്റെ അർദ്ധ നഗ്ന മേനി കാണണമെന്ന് ആവശ്യപ്പെട്ടു.
വീഡിയോ ചാറ്റിലൂടെ അത് അവൾക്ക് സാധ്യമായിരുന്നില്ല. കാരണം അവളൊരു പെണ്ണല്ലേ. ആ ഒരു കാരണം പോലും അവൻ ചൂഷണം ചെയ്തു. അർദ്ധ നഗ്നത പിന്നീട് വിവസ്ത്ര ധാരിയായും മാറുന്നതിനു അവളെ അവൻ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.
അങ്ങനെ അവന്റെ ആഗ്രഹപ്രകാരം ഫോട്ടോകൾ അവന്റെ രഹസ്യ ഗാലറിയിലേയ്ക്ക് വന്ന് നിറഞ്ഞു.
പിന്നെ അത് പോലെ വീഡിയോ കാളിൽ വിളിക്കണമെന്ന് പറഞ്ഞ് അവൻ അവളെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.
എന്നിട്ടും അവൾ അതിന് തയാറായിരുന്നില്ല. പക്ഷേ അവന് വെറുതേ വിടാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല. ആട്ടിൻ തോലിനുള്ളിലെ അവന്റെ ക്രൂര മുഖം അവൾ കാണാൻ തുടങ്ങി. വിവസ്ത്രയായ അവളുടെ ഫോട്ടോകൾ ഓരോന്നും അവന്റെ തുറുപ്പു ചീട്ടുകളായി അവളുടെ മനസ്സാക്ഷിയുടെ ടേബിളിന് മുകളിൽ നിരത്താൻ തുടങ്ങി. അപ്പോഴാണ് അവൾക്ക് ബോധ്യമായത് അവന്റെ കൈക്കുള്ളിൽ ഞെരിക്കുന്ന ചീട്ടുകളിലൊന്നിലെ ഒരു ജോക്കർ മാത്രമാണ് താനെന്ന്.
ആ കാർഡുകൾ ഓരോന്നായി ഇറക്കി അവളുടെ ആത്മവീര്യത്തെ അവൻ വെട്ടിക്കളഞ്ഞുകൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ അവൾ പകച്ചുപോയി.
ഇരയെ കടിച്ചു കീറാൻ തക്കം പാർത്തിരിക്കുന്ന വേട്ട മൃഗത്തിന്റെ താളമായിരുന്നു അവന്റെ ഹൃദയത്തിന്. ജീവിതം ചീന്തിയെറിയുന്ന ലഹരിയായിരുന്നു അവന്റെ സിരകളിൽ നുരഞ്ഞത്.
ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലിരിക്കെ ഒരുദിവസം അവൻ വിളിച്ചു. അവളുടെ നാട്ടിൽ വരാമെന്നും അവളോട് വരേണ്ട സമയവും സ്ഥലവും പറഞ്ഞു കൊടുത്തു.
എണ്ണപ്പെട്ട നിമിഷങ്ങളെക്കുറിച്ചുള്ള ചിന്ത, ഓരോ സെക്കൻഡിലുമുള്ള ഘടികാരത്തിന്റെ സൂചിയുടെ ശബ്ദം അവന്റെ കാലൊച്ചയായി അവൾക്ക് അനുഭവപ്പെട്ടു.
സ്കൂളിലേയ്ക്ക് ആണെന്ന് പറഞ്ഞ് അവൾ ഇറങ്ങി അവൻ പറഞ്ഞു കൊടുത്ത സ്ഥലമായ പാർക്കിലേക്ക് പോയി.
അവർ തമ്മിൽ കണ്ട് മുട്ടി, സംസാരിച്ചു.
അവിടെയും അവനൊരു തന്ത്രശാലിയായ കുറുക്കനായി മാറുന്നത് കണ്ടു. സ്നേഹം കൊണ്ട് പൊതിഞ്ഞു അവളെ. ആ സ്നേഹത്തിൽ എല്ലാ ചിന്തകളും അവൾ നിമഞ്ജനം ചെയ്തു.
അവനെ നേരിൽ കണ്ട ആകാംഷയിൽ വല്ലാത്തൊരു സന്തോഷവും സ്നേഹവും നിറഞ്ഞൊഴുകി.
അവന്റെ പ്രണയം തുളുമ്പുന്ന വാക്കുകളിൽ അവൾ മയങ്ങിപ്പോയി. അവന്റെ സ്നേഹത്തിന് മുന്നിൽ എന്ത് പറഞ്ഞാലും അനുസരിക്കാൻ തയ്യാറായി അവൾ മാറിക്കഴിഞ്ഞിരുന്നു. അവൻ നിയന്ത്രിക്കുന്ന ഒരു പാവയെപ്പോലെ.
അവൻ കൊണ്ടുവന്ന കാർ ഒരു പുഷ്‌പ്പക വിമാനമായി അവൾക്ക് തോന്നി. പക്ഷേ കൂടെയുള്ളവൻ രാവണനെപ്പോലെ ഒരു ആണായിരുന്നില്ല. ലങ്കയ്ക്ക് അലങ്കാരമായി ഭൂമിയിൽ സൗന്ദര്യമുള്ളതെല്ലാം കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചൊരു മനസ്സുമല്ല. സൗന്ദര്യമുള്ളതിനോട് കാമം തീർക്കാൻ വെമ്പുന്ന വെറുമൊരു നീചനായ ഡ്രാക്കുള മാത്രമായിരുന്നു അവൻ.
ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്കാണ് ആദ്യം അവളേയും കൂട്ടി പോയത്. യൂണിഫോം അപകടത്തിന്റെ ഒരു അടയാളമായി മാറുമെന്ന് തോന്നിയതുകൊണ്ട് അത് മാറ്റിയുടുക്കാൻ. അംഗങ്ങൾ തുറിച്ചു നിൽക്കുന്ന വസ്ത്രത്തിലേയ്ക്ക് അവളെ മാറ്റിയെടുക്കുമ്പോൾ മനസ്സ് ശരവേഗം പായുന്നുണ്ടായിരുന്നു.
പിന്നീട് അവൻ അവളേയും കൊണ്ട് പോയത് ഒരു ചെറിയ ലോഡ്ജിലേക്കാണ്.
അവിടെയാണ് അവൻ കെണിയൊരുക്കിയിരിക്കുന്നത്.
അത് കൊണ്ട് തന്നെ അവൻ അവളേയും കൂട്ടി നേരെ അവനെടുത്ത മുറിയിൽ കയറി.
ആ മുറിയുടെ വാതിലടയുമ്പോൾ അവൾക്ക് അറിയില്ലായിരുന്നു ജീവിതവും മുന്നിൽ അടഞ്ഞു പോകുമെന്ന്.
അവൻ അവളുടെ കൈയ്യിൽ മുറുകെപ്പിടിച്ചു അവനിലേയ്ക്ക് ചേർത്തു. അത് ഇരയുടെ കഴുത്തിലേയ്ക്ക് ധംഷ്ട്രകൾ കടിച്ചിറക്കാനെന്നു അവൾക്ക് സൂചന കിട്ടിയപോലെ. പിന്നെ അവന്റെ കൈകളുടെ ദിശമാറി സഞ്ചരിച്ചപ്പോൾ അവൾ എതിർക്കാൻ നോക്കി. പക്ഷേ, അവൾക്ക് കഴിഞ്ഞില്ല. മാനിനെ വേട്ടയാടുമ്പോലെ അവൻ ബലം പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ അവൾ തളർന്നുപോയിരുന്നു.
അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി. ഒന്നും ചെയ്യരുതെന്ന് യാചിച്ചു.
പക്ഷേ, ആ കണ്ണീരിൽ പോലും കാമത്തിന്റെ നീര് നുണഞ്ഞു അവൻ. പിന്നെയും കുതറി തെറിക്കാൻ ശ്രമിച്ചപ്പോൾ അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് തന്റെ തുറുപ്പു ചീട്ടുകൾ വീണ്ടും അവൾക്ക് മുന്നിൽ നിരത്തി. അവന് വഴങ്ങിയില്ലെങ്കിൽ അവൾക്ക് മേലുള്ള തന്റെ വിജയം ലോകം മുഴുവൻ കണ്ട് ആസ്വദിക്കുമെന്ന് അവൻ ഭീഷണിപ്പെടിത്തി.
പിന്നെ അവൾക്ക് അവനെ അനുസരിക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഒരുവനെ വിശ്വസിച്ചു, സ്നേഹിച്ചു. ആ സ്നേഹത്തിനും വിശ്വാസത്തിനും പകരം വയ്ക്കേണ്ടിവന്നത് തന്റെ ജീവിതമാണെന്ന് ഓർക്കുമ്പോൾ സ്വപ്നം കണ്ട് നടന്നു വന്നതത്രയും മുള്ളുകൾ നിറഞ്ഞ പാതയിലൂടെ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പ്രണയം വസന്തമായിരുന്നു എങ്കിലും അതിന്റെ സൗന്ദര്യം, മുള്ളുകൾ കാണാനുള്ള അകക്കണ്ണു ഇരുട്ടാക്കി കളഞ്ഞിരുന്നു.
ഈ ഒരു അവസരത്തിന് വേണ്ടിയാണ് ക്ഷമയോടെ അവൻ കളമൊരുക്കിയത്. ആ വലയിൽ അവൾ വീഴുകയും ചെയ്തു.
അങ്കം ജയിച്ച ലാഘവത്തോടെ അട്ടഹസിച്ചു നിന്ന അവൻ വേണ്ടുവോളം ആ ദിനം ആസ്വദിച്ചു.
ഒരു പെണ്ണിന് സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടം സംഭവിച്ച അവൾ ആളുകളിൽ നിന്ന് അകലാൻ തുടങ്ങി. ഒന്നിലും ശ്രദ്ധ ഇല്ലാതായി.
പിന്നീട് പലവട്ടം അവൻ ഭീഷണിപ്പെടുത്തി അവൻ പറയുന്ന സ്ഥലങ്ങളിലേക്ക് വിളിപ്പിച്ചു.
അനുസരിച്ചില്ലെങ്കിൽ അവനുമൊന്നിച്ചുളള വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അവളെ ബ്ലാക്ക് മെയിൽ ചെയ്തു മൂക്കുകയറിട്ടു.
ആരോടും ഒന്നും തുറന്ന് പറയാൻ കഴിയാതെ അവൾ വീർപ്പുമുട്ടി. ഓരോ ദിവസവും അവൾ ഉമിത്തീയിലെന്നപോലെ നീറി. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നുള്ള പേടിയായിരുന്നു ഉള്ളിൽ നിറയെ. സ്വന്തം നിഴലിനെപ്പോലും അവൾ ഭയപ്പെടാൻ തുടങ്ങി.
ഒടുവിലൊരുനാൾ, അവസാനമായി അവളുടെ മാംസം നുണയാൻ അവൻ ക്ഷണിച്ചു. കൊത്തിക്കീറുന്ന വേദനയിൽ എല്ലാം സഹിച്ച അവളോട് ഇനി നിന്നെ എനിക്കാവശ്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു . കാരണം മറ്റൊരു ഇരയെ അതിനോടകം അവൻ കണ്ടെത്തിയിരുന്നു.
അവൾ മാനസികമായി ആകെത്തകർന്നു. ആരോടും മിണ്ടാതെയായി. ഭക്ഷണവും ഉറക്കവും ഇല്ലാതെയായി.
പഠനത്തിൽ എന്നും മുന്നിട്ടുനിന്നവൾ സ്കൂളിൽ പോകുന്നതുപോലും അപൂർവമായി മാത്രം. എല്ലായിടത്തു നിന്നും അവൾ ഓടി ഒളിക്കാൻ ശ്രമിച്ചു.
ടീച്ചേഴ്സ് അവളുടെ അമ്മയെ സ്കൂളിലേയ്ക്ക് വിളിച്ചു കാര്യങ്ങൾ തിരക്കിയെങ്കിലും
ആ അമ്മയ്ക്കും കൈമലർത്താനല്ലാതെ അവളുടെ അവസ്ഥയ്ക്ക് എന്താണ് കാരണമെന്ന് അറിയില്ലായിരുന്നു.
ഒരു ദിവസം അവൾ ഭയന്നത് പോലെ തന്നെ സംഭവിച്ചു. മാസമുറ തെറ്റിയപ്പോൾ അവൾ കലണ്ടറിൽ വിരലോടിച്ചു നോക്കി. ഭീതിയോടെ അവളുടെ കൈകൾ വയറിലേക്ക് ചേർത്തു. ഉദരത്തിൽ തീപടരുന്നതുപോലെ തോന്നി. ജീവിതാവസാനത്തിന്റെ നാളുകൾ ആയിരുന്നു അത്.
പിറ്റേന്ന്,
ആളൊഴിഞ്ഞ ഒരു നേരത്ത്, അവളിലേയ്ക്ക് ചില ചിന്തകൾ കടന്നുകൂടി. അവൾ തന്റെ ഡയറിയിൽ കുറിച്ചു, നേരിടേണ്ടിവന്ന സകല ദുരന്തങ്ങളുടെയും അനുഭവ കഥ. അവന്റെ പേരും ഫോൺ നമ്പറും അടക്കം വിശദമായി എഴുതി കണ്ണീരോടെ പൂർണ്ണവിരാമം ഇട്ടുകൊണ്ട് നിർത്തുമ്പോൾ അവളും തന്റെ ജീവിതത്തിന് പൂർണവിരാമം ഇടാനുള്ള തീരുമാനത്തിൽ ആയിരുന്നു.
തുറക്കാതെ കിടന്ന കതകിൽ മുട്ടുമ്പോൾ ആ അമ്മ അറിയുന്നുണ്ടായിരുന്നില്ല മകളുടെ ജീവിതത്തിന്റെ വാതിലും എന്നെന്നേക്കുമായി അടഞ്ഞുപോയെന്ന്. ഹൃദയം പൊട്ടിയുള്ള അലർച്ചയിൽ ഓടിക്കൂടിയ അയൽവാസികൾ കതക് തല്ലിപ്പൊളിക്കുമ്പോൾ, സർവവും മറന്ന് ഉറങ്ങി തൂങ്ങിയാടുന്ന മകളെ കണ്ടു.
പത്തുമാസം നൊന്ത് പ്രസവിച്ച അമ്മയുടെ കൈകളിൽ സുരക്ഷിതയായിരുന്നു മക്കൾ.
ഒരുതുണ്ട് തുണിയിൽ ജീവിതം കിടന്ന് ആടുമ്പോൾ കുഞ്ഞിലേ തൊട്ടിയിൽ കിടത്തി താരാട്ടിയ ആ അമ്മയുടെ ഹൃദയം പൊട്ടിത്തകർന്നു പോയിരുന്നു.
എല്ലാവരും കൂടി, ചേതനയറ്റ അവളുടെ ശരീരം അമ്മയുടെ മടിയിൽ കിടത്തുമ്പോൾ തന്റെ കുഞ്ഞിനെ ആദ്യമായി നിറകണ്ണുകളോടെ നോക്കുന്നപോലെ ആ അമ്മ തന്റെ കൈത്തലത്തിൽ അവളെ താങ്ങി പൊട്ടിക്കരഞ്ഞു..